ജപ്പാനെ പിന്തള്ളി ഇന്ത്യ നാലാമത്തെ സാമ്പത്തിക ശക്തി
ജപ്പാനെ പിന്തള്ളി ലോകത്തെ നാലാമത്തെ വലിയ സമ്പദ്വ്യവസ്ഥയായി ഇന്ത്യ . ജർമനിയെ പിന്നിലാക്കി ഭാരതം അമേരിക്കയ്ക്കും ചൈനയ്ക്കും പിന്നിൽ മൂന്നാം സ്ഥാനത്തെത്താൻ മൂന്നു വർഷം മതിയെന്ന് കേന്ദ്രസർക്കാരിന്റെ വർഷാന്ത്യസാമ്പത്തിക അവലോകനം പറയുന്നു. അന്താരാഷ്ട്ര നാണ്യനിധി (ഐഎംഎഫ്) പോയവർഷത്തെ അന്തിമ കണക്കുകൾ ഈ വർഷം മധ്യത്തോടെ പുറത്തുവിടുമ്പോൾ ഇതിനു സ്ഥിരീകരണമാവും. ട്രംപൻ അമേരിക്ക അടിച്ചേൽപ്പിക്കുന്ന തീരുവകൾക്കിടയിലും ആഗോളതലത്തിൽ പൊതുവെയുള്ള മാന്ദ്യത്തിനിടയ്ക്കുമാണ് ഈ നേട്ടം ഇന്ത്യ കൈവരിച്ചത്.
ഏതാനും വർഷങ്ങളായി ലോകത്തെ ഏറ്റവും വേഗത്തിൽ വളരുന്ന വലിയ സമ്പദ്‌വ്യവസ്ഥയായ ഇന്ത്യയുടെ മൊത്തം ആഭ്യന്തര ഉൽപ്പാദനം നിലവിൽ 4.18 ലക്ഷം കോടി ഡോളറാണ്. കഴിഞ്ഞ പാദത്തിൽ 8.2 ശതമാനം വളർച്ച നേടി ഇന്ത്യൻ സമ്പദ്‌വ്യവസ്ഥ ലോകത്തെ വിസ്മയിപ്പിച്ചിരുന്നു. 2026-ൽ ഇന്ത്യയുടെ ജിഡിപി 4.51 ലക്ഷം കോടി ഡോളറാവുമെന്നും ജപ്പാനെ മറികടക്കുമെന്നാണ് ഐഎംഎഫ് പറയുന്നത്.
രണ്ടര, മൂന്ന് വർഷത്തിനകം രാജ്യത്തിന്റെ മൊത്തം ആഭ്യന്തര ഉല്പാദനം 7.3 ലക്ഷം കോടിയെത്തുമെന്ന് കേന്ദ്രസർക്കാർ ആത്മവിശ്വാസം പ്രകടിപ്പിക്കുന്നു. ഈ വർഷത്തെ സാമ്പത്തിക വളർച്ച ആറര മുതൽ ഏഴു ശതമാനം വരെയാകാമെന്നാണ് വിവിധ ഏജൻസികൾ കണക്കുകൂട്ടുന്നത്. കഴിഞ്ഞ പത്തുവർഷത്തിനിടെ ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയുടെ വലിപ്പം ഇരട്ടിക്കുകയായിരുന്നു.
ഈ നേട്ടം ലോകത്തെ അറിയിച്ച പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വാക്കുകൾ ഇങ്ങനെയാണ്: 'ഇന്ത്യ ഇന്ന് ലോകത്തെ നാലാമത്തെ സാമ്പത്തിക ശക്തിയായിരിക്കുന്നു. ജപ്പാനെ മറികടന്നത് നമുക്കെല്ലാവർക്കും അഭിമാനം പകരുന്ന കാര്യമാണ്. നാലാമതെത്തിയതിലെ സന്തോഷത്തെക്കാൾ അധികമാണ് മൂന്നാമതെത്താനുള്ള സമ്മർദം. കാത്തിരിക്കാൻ രാജ്യം തയ്യാറല്ല.' ഭൗമരാഷ്ട്രീയ യുദ്ധങ്ങളുടെയും വ്യാപാരതടസ്സങ്ങളുടെയും ലോകത്തെ പ്രധാന സാമ്പത്തികശക്തികളുടെ നയംമാറ്റങ്ങളുടെയും അനിശ്ചിതത്വങ്ങളുടെയും കാലത്ത് ഇന്ത്യൻ സമ്പദ്‌വ്യവസ്ഥ വേഗം കുറയാതെ മുന്നോട്ടു പോയതിനു പിന്നിലെന്താണ്
ഇന്ത്യൻ ജനത സാമ്പത്തിക പരിഷ്‌കാരങ്ങളുടെ തീവണ്ടിയിൽ (റിഫോം എക്‌സ്പ്രസ്) കയറിയെന്ന് കഴിഞ്ഞ ദിവസം മോദി പറഞ്ഞു. ഈ എക്‌സ്പ്രസ് തീവണ്ടിയുടെ പ്രധാന എഞ്ചിൻ യുവതയ്ക്കു മുൻതൂക്കമുള്ള രാജ്യത്തെ ജനങ്ങളും അവരുടെ അജയ്യമായ മനോവീര്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വിവിധമേഖലകളിൽ വിപ്ലവകരമായ പരിഷ്‌കാരങ്ങൾ നടപ്പിലാക്കിയ വർഷമാണ് 2025. നികുതി, വ്യാപാരം, ഊർജം, ഭരണം തുടങ്ങി നിരവധി മേഖലകളിൽ. ഇവയിൽ ലേബർ നിയമങ്ങളടക്കമുള്ള ചില പരിഷ്‌കാരങ്ങൾ വലിയ പരാതികൾക്ക് വഴിവെച്ചിട്ടുമുണ്ട്.
ഉപഭോഗത്തെ അടിസ്ഥാനമാക്കിയ മാതൃകയിൽ നിന്നും ഇന്ത്യ അടിസ്ഥാനസൗകര്യ വികസനം നയിക്കുന്ന സമ്പദ്‌വ്യവസ്ഥയായി മാറിയിരിക്കുന്നു. ദേശീയപാതകൾ അടക്കമുള്ള അടിസ്ഥാനസൗകര്യ വികസനത്തിന് ഇന്ത്യ ലക്ഷക്കണക്കിന് കോടി രൂപയാണ്. രാജ്യത്തെമ്പാടും ലോകനിലവാരമുള്ള എക്‌സ്പ്രസ് പാതകളും ചരക്ക് കയറ്റി അയക്കുന്നതിനു മാത്രമുള്ള ഇടനാഴികളും ഉണ്ടാക്കുന്നു, റെയിൽവേ സംവിധാനം കാര്യമായി മെച്ചപ്പെടുത്തുന്നു എന്നിങ്ങനെ. ഈ നടപടികൾ വലിയ തോതിൽ തൊഴിൽ സൃഷ്ടിക്കുകയും ചരക്കുകടത്തിനുള്ള ചെലവുകൾ കുറയ്ക്കുകയും ചെയ്യുന്നു. മെയ്ക്ക് ഇൻ ഇന്ത്യയും പിഎൽഐ പോലുള്ള പദ്ധതികളും സ്റ്റാർട്ടപ്പുകൾക്കുള്ള പ്രോത്സാഹനവും ഉല്പാദനത്തിന് പുതുജീവൻ നൽകി. അത് നേരിട്ടുള്ള വിദേശനിക്ഷേപത്തിൽ പുതിയ റെക്കോർഡുകൾക്ക് കാരണമായി. ആയുധനിർമാണം, സെമി കണ്ടക്ടർ, നിർമിതബുദ്ധി തുടങ്ങിയ നൂതനമേഖലകളിൽ ഗവേഷണത്തിനും ഉൽപ്പാദനത്തിനും കേന്ദ്രം നൽകുന്ന പരിഗണനയും എടുത്തു പറയേണ്ടതാണ്.
ഇന്ത്യയുടെ വളർച്ചയുടെ യഥാർത്ഥമൂല്യം മനസ്സിലാക്കണമെങ്കിൽ രാജ്യത്തിന്റെ വാങ്ങൽശേഷി മൂല്യം (പർച്ചേസിങ് പവർ പാരിറ്റി, പിപിപി) കൂടി പരിശോധിക്കണം. 4.18 ലക്ഷം കോടി ഡോളർ എന്നത് നോമിനൽ ജിഡിപിയാണ്, വിനിമയ നിരക്കാണ് (ഒരു ഡോളറിന്റെ വില ഇത്ര രൂപ എന്ന രീതിയിൽ). പിപിപിയാകട്ടെ, യഥാർത്ഥ ചിത്രമാണ് നൽകുക- ഒരു രൂപയ്ക്ക് ഇന്ത്യയിൽ വാങ്ങാൻ പറ്റുന്ന അതേ ഉൽപ്പന്നം വാങ്ങാൻ അമേരിക്കയിൽ എന്തു കൊടുക്കണം എന്ന കണക്ക്. 2026-ൽ ഇന്ത്യയുടെ പിപിപി പ്രകാരമുള്ള ജിഡിപി 19.4 ലക്ഷം കോടി ഡോളറാകും. അങ്ങനെ നോക്കിയാൽ ഇന്ത്യ ലോകത്തെ മൂന്നാമത്തെ സാമ്പത്തിക ശക്തിയാണ്. ഈ വ്യത്യാസമാണ് ഇന്ത്യയെ ആഗോളതലത്തിലെ വമ്പൻ ഉപഭോക്തൃ ശക്തികേന്ദ്രമാക്കുന്നതും ആർക്കും അവഗണിക്കാൻ പറ്റാത്ത രാജ്യമാക്കുന്നതും. 2026-ൽ ആഗോള ഉല്പാദനത്തിന്റെ 8.73 ശതമാനം ഇന്ത്യയിലാവുമെന്നാണ് ഐഎംഎഫിന്റെ കണക്ക്.
ഇന്ത്യയുടെ വളർച്ചയെ സഹായിക്കുന്ന ഏറ്റവും വലിയ ഘടകം രാജ്യത്തെ യുവാക്കളാണ്. ഇന്ത്യൻ ജനതയുടെ ശരാശരി പ്രായം 28.8 ആണ്. തൊഴിൽ ചെയ്യാനാവുന്നവരുടെ പ്രായത്തിൽ (15 വയസ്സിനും 65 വയസ്സിനുമിടെ) പെടുന്നവർ ഏതാണ്ട് 67 ശതമാനവും. ലോകത്തേക്കും ഊർജസ്വലവും ശക്തവുമായ തൊഴിൽസേന. യൂറോപ്പും അമേരിക്കയും ചൈനയും ജപ്പാനുമൊക്കെ വാർധക്യത്തിന്റെ അവശതകൾ അനുഭവിക്കുന്ന കാലത്താണിത്. ഇംഗ്ലീഷറിയുന്ന, വിവിധതൊഴിലുകളിൽ വൈദഗ്ധ്യമുള്ള യുവാക്കൾ. ചൈനയിൽ നിന്നും ഇന്ത്യയിലേക്ക് വിതരണശൃംഖലകൾ മാറ്റി സ്ഥാപിക്കാൻ കുത്തകകളെ പ്രേരിപ്പിക്കുന്ന അനുകൂലസാഹചര്യമാണ് ഇപ്പോൾ ഇന്ത്യയിലുള്ളത്. ഐ ഫോൺ നിർമാതാക്കളും ഗൂഗിളും ടെസ്ലയും പോലുള്ള ടെക് ഭീമൻമാരും ഇന്ത്യയിൽ 'കടതുടങ്ങുന്നതിന്' കാരണം മറ്റൊന്നല്ല.
ഇന്ത്യയ്ക്ക് മുൻതൂക്കം നൽകുന്ന മറ്റൊന്ന് ഡിജിറ്റൽ പബ്ലിക് ഇൻഫ്രാസ്ട്രക്ചറാണ്- ആധാർ മുതൽ യുപിഐ വരെയുള്ള കാര്യങ്ങൾ. സാമ്പത്തികമായി എല്ലാവിഭാഗം ജനങ്ങളെയും ഒരുമിച്ചു കൊണ്ടുപോകാനുള്ള ശ്രമങ്ങൾക്ക് ശക്തി പകരുന്നതാണ് ഇവയുടെ വിജയം. കാഷ്‌ലെസ് ഇടപാടുകൾ ഏറ്റവും കൂടുതൽ നടക്കുന്ന രാജ്യം ഇന്ത്യ തന്നെ. നിരവധി വിദേശരാജ്യങ്ങളും യുപിഐ സ്വീകരിച്ചു തുടങ്ങിയിരിക്കുന്നു. രാജ്യത്തെ നികുതിവ്യവസ്ഥയ്ക്ക് അദൃശ്യമായിരുന്ന ചെറുകിട കച്ചവടക്കാരടക്കമുള്ളവർ ഇപ്പോൾ ഔപചാരികമായ സാമ്പത്തികവ്യവസ്ഥയുടെ ഭാഗമായിരിക്കുന്നു. കൂടുതൽ ഫലപ്രദമായി നികുതി പിരിക്കുന്നതിനും ദരിദ്രജനങ്ങൾക്ക് ക്ഷേമ പദ്ധതികളും ധനസഹായവും നേരിട്ടെത്തിക്കുന്നതിനും ഇത് സഹായകമാണ്. മാസംതോറും വർധിക്കുന്ന ജിഎസ്ടി പിരിവ് അതു തന്നെയാണ് ചൂണ്ടിക്കാട്ടുന്നത്.
ഇൻസോൾവെൻസി ആൻഡ് ബാങ്ക്‌റപ്ട്‌സി ആക്ട് (ഐബിസി) പോലുള്ള നടപടികൾ കിട്ടാക്കട ബാധ്യതകളിൽ വീർപ്പുമുട്ടിയിരുന്ന ബാങ്കിങ് മേഖലയുടെ ബാലൻസ്ഷീറ്റുകൾ വൃത്തിയാക്കി, അവയെ സുശക്തമാക്കി. ജിഎസ്ടിയെ യുക്തിസഹമാക്കി, ആദായനികുതിയെ രണ്ട് സ്ലാബിലൊതുക്കി, ഇൻഷുറൻസ് മേഖലയിൽ 100 ശതമാനം വിദേശനിക്ഷേപം അനുവദിച്ചു, 'ശാന്തി' നിയമത്തിലൂടെ ആണവോർജമേഖലയിൽ സ്വകാര്യ സംരംഭകർക്കും വഴിതുറന്നു... ഇങ്ങനെ നിരവധിയായ പരിഷ്‌കാരങ്ങൾ ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയെ കരുത്തുറ്റതാക്കി മാറ്റിയിരിക്കുന്നു. 2015-ൽ ലോകം നേരിട്ട കടുത്ത സാമ്പത്തിക തിരിച്ചടികൾ ഇന്ത്യയെ കാര്യമായി ബാധിക്കാത്തതിന്റെ പ്രധാനകാരണം അതാണ്.