'സന്നിധാനത്തെ പുഷ്പാലങ്കാരത്തിന് ഓര്‍ക്കിഡ് പൂക്കളും ഇലകളും വേണ്ട, ഓരോ ദിവസവും പുഷ്പങ്ങള്‍ മാറ്റണം' : ഹൈക്കോടതി

ശബരിമല സന്നിധാനത്തെ പുഷ്പാലങ്കാരത്തിന് ഓര്‍ക്കിഡ് പൂക്കളും ഇലകളും വേണ്ടെന്ന് ഹൈക്കോടതി. അതിന് പകരം ആചാരപ്രകാരമുള്ള പുഷ്പങ്ങളാണ് ഉപയോഗിക്കുന്നതെന്ന് ഉറപ്പാക്കണം. ഓരോ ദിവസവും പുഷ്പങ്ങള്‍ മാറ്റണമെന്നും ഹൈക്കോടതി നിര്‍ദേശിച്ചു.

 

കൊച്ചി : ശബരിമല സന്നിധാനത്തെ പുഷ്പാലങ്കാരത്തിന് ഓര്‍ക്കിഡ് പൂക്കളും ഇലകളും വേണ്ടെന്ന് ഹൈക്കോടതി. അതിന് പകരം ആചാരപ്രകാരമുള്ള പുഷ്പങ്ങളാണ് ഉപയോഗിക്കുന്നതെന്ന് ഉറപ്പാക്കണം. ഓരോ ദിവസവും പുഷ്പങ്ങള്‍ മാറ്റണമെന്നും ഹൈക്കോടതി നിര്‍ദേശിച്ചു.

 ജസ്റ്റിസുമാരായ അനില്‍ കെ.നരേന്ദ്രന്‍, മുരളീ കൃഷ്ണ എന്നിവര്‍ ഉള്‍പ്പെട്ട ദേവസ്വം ബെഞ്ചാണ് നിര്‍ദേശം നല്‍കിയത്. കോടതി നോട്ടിസിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസം തന്നെ കരാറുകാര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്ന് ദേവസ്വം ബോര്‍ഡും ശബരിമല സ്‌പെഷല്‍ കമ്മിഷണറും കോടതിയെ അറിയിച്ചു.

ശബരിമലയില്‍ വിതരണം ചെയ്യുന്ന ഉണ്ണിയപ്പത്തിലും അരവണയിലും നിശ്ചിത അളവില്‍ മാത്രമേ ഈര്‍പ്പമുള്ളൂ എന്ന് ഉറപ്പാക്കണമെന്ന് ഹൈക്കോടതി നിര്‍ദേശിച്ചു. സുരക്ഷ ഉറപ്പാക്കുന്നതിന് ഫുഡ് സേഫ്റ്റി ആന്‍ഡ് സ്റ്റാന്റേഡ് അതോറിറ്റി ഓഫ് ഇന്ത്യയെ കോടതി സ്വമേധയാ കക്ഷിചേര്‍ത്തു.

ഭക്തര്‍ ഉടയ്ക്കുന്ന നാളികേരം കൊപ്രാക്കളം തൊഴിലാളികള്‍ അനധികൃതമായി ശേഖരിക്കുന്നത് കര്‍ശനമായി തടയണം. ത്രിവേണി മുതല്‍ ഹില്‍ടോപ്പുവരെ 25 കെഎസ്ആര്‍ടിസി ബസുകള്‍ ഒരേസമയം പാര്‍ക്കുചെയ്യുന്നത് ചെറുവാഹനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നുവെന്ന് അഭിഭാഷകര്‍ കോടതിയുടെ ശ്രദ്ധയില്‍പ്പെടുത്തി.