പട്ടികജാതി പട്ടികവര്‍ഗ വിഭാഗത്തിന്റെ ഉന്നമനമാണ് സര്‍ക്കാര്‍ ലക്ഷ്യമെന്ന് ഒ ആര്‍ കേളു

പട്ടികജാതി പട്ടികവര്‍ഗ വിഭാഗത്തിന്റെ ഉയര്‍ച്ചയാണ് സര്‍ക്കാര്‍ ലക്ഷ്യമെന്ന് മന്ത്രി ഒ ആര്‍ കേളു. സാമൂഹിക, സാമ്പത്തിക വളര്‍ച്ചയ്ക്കുള്ള വിവിധ പദ്ധതികള്‍ സര്‍ക്കാര്‍ നടപ്പിലാക്കിയിട്ടുണ്ടെന്ന് പട്ടികജാതി പട്ടികവര്‍ഗ പിന്നോക്ക ക്ഷേമ വകുപ്പ് മന്ത്രി പറഞ്ഞു.

 

 
പത്തനംതിട്ട : പട്ടികജാതി പട്ടികവര്‍ഗ വിഭാഗത്തിന്റെ ഉയര്‍ച്ചയാണ് സര്‍ക്കാര്‍ ലക്ഷ്യമെന്ന് മന്ത്രി ഒ ആര്‍ കേളു. സാമൂഹിക, സാമ്പത്തിക വളര്‍ച്ചയ്ക്കുള്ള വിവിധ പദ്ധതികള്‍ സര്‍ക്കാര്‍ നടപ്പിലാക്കിയിട്ടുണ്ടെന്ന് പട്ടികജാതി പട്ടികവര്‍ഗ പിന്നോക്ക ക്ഷേമ വകുപ്പ് മന്ത്രി പറഞ്ഞു. സംസ്ഥാന പട്ടികജാതി പട്ടികവര്‍ഗ വികസന കോര്‍പ്പറേഷന്റെ ആഭിമുഖ്യത്തില്‍ കുടുംബശ്രീ സിഡിഎസ് മുഖേനെ അയല്‍ക്കൂട്ടം അംഗങ്ങള്‍ക്കുള്ള വായ്പാ വിതരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം അബാന്‍ ആര്‍ക്കേഡില്‍ നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.

പട്ടികജാതി പട്ടികവര്‍ഗ വികസന കോര്‍പ്പറേഷനെ വേണ്ട രീതിയില്‍ പ്രയോജനപ്പെടുത്താന്‍ തയ്യാറാകണം.  പട്ടികജാതിക്കാരുടെ ജീവിത നിലവാരം ഉയര്‍ത്താനാണ് വായ്പാ വിതരണം പോലുള്ള പദ്ധതികള്‍ ആരംഭിക്കുന്നത്. ഏറ്റവും കുറഞ്ഞ പലിശയാണ് ഈടാക്കുന്നത്. ഇവ പരമാവധി പ്രയോജനപ്പെടുത്തി കുടുംബത്തിന്റെ സാമ്പത്തിക ഭദ്രത ഉറപ്പുവരുത്തണമെന്ന് മന്ത്രി ഉപദേശിച്ചു.

വരുമാനദായകമായ ചെറു സംരഭങ്ങള്‍ക്കായി പട്ടികജാതി പട്ടികവര്‍ഗ വിഭാഗങ്ങളില്‍പ്പെട്ട കുടുംബശ്രീ അയല്‍ക്കൂട്ട അംഗങ്ങള്‍ക്കാണ് വായ്പ നല്‍കുന്നത്. പട്ടികജാതി വിഭാഗത്തിന് ഒരു ലക്ഷം വരെയാണ് വായ്പ. മൂന്നു വര്‍ഷമാണ് കാലാവധി. ജില്ലയില്‍ 148 പേര്‍ക്ക് വായ്പ വിതരണം ചെയ്തു.കേരള സംസ്ഥാന പട്ടികജാതി പട്ടികവര്‍ഗ വികസന കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ കെ കെ ഷാജു അധ്യക്ഷനായി. കോര്‍പ്പറേഷന്‍ മാനേജിംഗ് ഡയറക്ടര്‍ വി പി സുബ്രഹ്‌മണ്യന്‍, കുടംബശ്രീ ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍ എസ് ആദില, ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍, കുടംബശ്രീ അംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.