മുഖ്യമന്ത്രിയുടെ കണ്ണൂരിലെ പ്രസംഗം സത്യപ്രതിജ്ഞാ ലംഘനമാണെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ

മുഖ്യമന്ത്രിയുടെ കണ്ണൂരിലെ പ്രസംഗത്തിനെതിരെ രൂക്ഷവിമർശനവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ രംഗത്തെത്തി. 'നിങ്ങളുടെ ചോരയ്ക്ക് പകരം ചോദിക്കും' എന്ന മുഖ്യമന്ത്രിയുടെ പരാമർശം സത്യപ്രതിജ്ഞാ ലംഘനമാണെന്ന് അദ്ദേഹം ആരോപിച്ചു. ഭയമോ പക്ഷപാതമോ രാഗദ്വേഷമോ ഇല്ലാതെ പ്രവർത്തിക്കുമെന്ന് ഭരണഘടനയെ സാക്ഷി നിർത്തി സത്യപ്രതിജ്ഞ ചെയ്ത മുഖ്യമന്ത്രിയുടെ ഭാഗത്തുനിന്നാണ് ഇത്തരത്തിലൊരു വീഴ്ചയുണ്ടായിരിക്കുന്നതെന്ന് പിണറായി വിജയൻ കുറ്റപ്പെടുത്തി.

 

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ കണ്ണൂരിലെ പ്രസംഗത്തിനെതിരെ രൂക്ഷവിമർശനവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ രംഗത്തെത്തി. 'നിങ്ങളുടെ ചോരയ്ക്ക് പകരം ചോദിക്കും' എന്ന മുഖ്യമന്ത്രിയുടെ പരാമർശം സത്യപ്രതിജ്ഞാ ലംഘനമാണെന്ന് അദ്ദേഹം ആരോപിച്ചു. ഭയമോ പക്ഷപാതമോ രാഗദ്വേഷമോ ഇല്ലാതെ പ്രവർത്തിക്കുമെന്ന് ഭരണഘടനയെ സാക്ഷി നിർത്തി സത്യപ്രതിജ്ഞ ചെയ്ത മുഖ്യമന്ത്രിയുടെ ഭാഗത്തുനിന്നാണ് ഇത്തരത്തിലൊരു വീഴ്ചയുണ്ടായിരിക്കുന്നതെന്ന് പിണറായി വിജയൻ കുറ്റപ്പെടുത്തി. തിരഞ്ഞെടുപ്പിൽ മത്സരങ്ങളുണ്ടാകാമെങ്കിലും അധികാരത്തിലേറിക്കഴിഞ്ഞാൽ എല്ലാവരുടെയും സർക്കാരായി പ്രവർത്തിക്കേണ്ടതുണ്ടെന്നും, പ്രതികാരം ചെയ്യാനും പക തീർക്കാനുമല്ല ഒരു സർക്കാർ അധികാരത്തിൽ വരുന്നതെന്നും അദ്ദേഹം പറഞ്ഞു.

പ്രത്യേക അന്വേഷണ സംഘത്തിന് (എസ്‌ഐടി) കൃത്യമായ നിർദേശം നൽകുന്ന രീതിയിലുള്ള മുഖ്യമന്ത്രിയുടെ പ്രസംഗം ഉത്തരവാദിത്തങ്ങളിൽ നിന്നുള്ള വ്യതിയാനമാണെന്ന് പ്രതിപക്ഷ നേതാവ് വിമർശിച്ചു. പെട്ടെന്നുണ്ടായ പ്രകോപനത്താലല്ല, മറിച്ച് നേരത്തെ തയ്യാറാക്കിയ തിരക്കഥയനുസരിച്ച് എസ്‌ഐടികൾക്ക് മാർഗനിർദേശം നൽകുന്ന രീതിയിലാണ് പ്രസംഗം വന്നതെന്ന് അദ്ദേഹം ആരോപിച്ചു. തങ്ങൾക്ക് ഇഷ്ടമില്ലാത്തവരെ അകത്തിടാനും യൂത്ത് കോൺഗ്രസിന് വേണ്ടി ആളുകളെ പിടികൂടാനുമാണ് എസ്‌ഐടി രൂപീകരിച്ചതെന്ന് മുഖ്യമന്ത്രി തന്നെ തുറന്നുപറയുകയാണെന്നും, പ്രതികാര നടപടികൾക്കായി സംസ്ഥാന ഭരണത്തെ ഉപയോഗിക്കുന്നത് ശരിയല്ലെന്നും പിണറായി വിജയൻ കൂട്ടിച്ചേർത്തു.