എസ്.എ.ടി.യിൽ കുട്ടികൾക്ക് പരീക്ഷണ മരുന്ന് നൽകിയ സംഭവം; കുറ്റക്കാർക്കെതിരെ ക്രിമിനൽ നടപടി സ്വീകരിക്കണമെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ
സ്പൈനൽ മസ്കുലർ അട്രോഫി (എസ്.എം.എ.) ബാധിച്ച പിഞ്ചുകുഞ്ഞുങ്ങൾക്ക് തിരുവനന്തപുരം എസ്.എ.ടി. ആശുപത്രിയിൽ നിന്ന് പരീക്ഷണ ലേബലിലുള്ള മരുന്നുകൾ വിതരണം ചെയ്ത സംഭവം അതീവ ഞെട്ടലുളവാക്കുന്നതാണെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. മാതാപിതാക്കളുടെ സമ്മതം വാങ്ങാതെ നടത്തിയ ഈ നീക്കത്തിൽ ശക്തമായ നടപടിയും, കുറ്റക്കാർക്കെതിരെ മാതൃകാപരമായ ക്രിമിനൽ കേസും എടുക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
തിരുവനന്തപുരം: സ്പൈനൽ മസ്കുലർ അട്രോഫി (എസ്.എം.എ.) ബാധിച്ച പിഞ്ചുകുഞ്ഞുങ്ങൾക്ക് തിരുവനന്തപുരം എസ്.എ.ടി. ആശുപത്രിയിൽ നിന്ന് പരീക്ഷണ ലേബലിലുള്ള മരുന്നുകൾ വിതരണം ചെയ്ത സംഭവം അതീവ ഞെട്ടലുളവാക്കുന്നതാണെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. മാതാപിതാക്കളുടെ സമ്മതം വാങ്ങാതെ നടത്തിയ ഈ നീക്കത്തിൽ ശക്തമായ നടപടിയും, കുറ്റക്കാർക്കെതിരെ മാതൃകാപരമായ ക്രിമിനൽ കേസും എടുക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
ആശുപത്രി വഴി വിതരണം ചെയ്ത മരുന്നുകളിൽ ‘Physician Sample’, ‘For Clinical Trials Only’ എന്ന് രേഖപ്പെടുത്തിയിട്ടുണ്ടെന്ന് രക്ഷിതാക്കൾ തന്നെ തെളിവുസഹിതം ചൂണ്ടിക്കാണിച്ചിട്ടുണ്ട്. ഇത് ഡ്രഗ്സ് ആൻഡ് കോസ്മെറ്റിക്സ് നിയമങ്ങളുടെയും സർക്കാർ സംഭരണച്ചട്ടങ്ങളുടെയും നഗ്നമായ ലംഘനമാണ്. ദുരിതമനുഭവിക്കുന്ന കുഞ്ഞുങ്ങളെ പരീക്ഷണവസ്തുക്കളാക്കി മാറ്റുകയാണോ എന്ന ചോദ്യമാണ് ഉയരുന്നത്. ഗുരുതരമായ ഈ വീഴ്ചയിൽ നിന്ന് ആരോഗ്യവകുപ്പിന് ഒഴിഞ്ഞുമാറാനാകില്ലെന്നും അദ്ദേഹം പറഞ്ഞു.
വിഷയത്തിൽ ആരോഗ്യവകുപ്പ് മന്ത്രി നിസ്സംഗതയും അനാസ്ഥയും തുടരുകയാണെന്ന് പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി. കഴിഞ്ഞ അഞ്ചു മാസമായി സംസ്ഥാനത്തെ ആരോഗ്യരംഗം സർവ്വതലത്തിലും തകർന്നടിഞ്ഞു എന്നതിന്റെ തെളിവാണിത്. ഭരണപരമായ കാര്യങ്ങൾ കൈവിട്ടുപോയ സർക്കാർ ഒടുവിൽ പിഞ്ചുകുഞ്ഞുങ്ങളുടെ ജീവൻവെച്ച് ചൂതാടുകയാണെന്നും അദ്ദേഹം പ്രസ്താവനയിൽ ആരോപിച്ചു.