അനർഹമായ മുൻഗണനാ റേഷൻ കാർഡുകൾ മാറ്റാൻ അവസരം; ഡിസംബർ എട്ടുവരെ സ്വമേധയാ സറണ്ടർ ചെയ്യാം

മുൻഗണനാ റേഷൻ കാർഡുകൾ അനർഹമായി കൈവശം വെച്ചിരിക്കുന്നവർക്ക് അവ പൊതുവിഭാഗത്തിലേക്ക് മാറ്റാൻ ഡിസംബർ എട്ട് വരെ അവസരം. മഞ്ഞ, പിങ്ക് കാർഡുകൾ കൈവശമുള്ളവരിൽ അർഹത നഷ്ടപ്പെട്ടവർക്ക് പിഴയോ മറ്റ് ശിക്ഷാനടപടികളോ ഇല്ലാതെ സ്വമേധയാ കാർഡുകൾ തിരികെ ഏൽപ്പിക്കാമെന്ന് ഭക്ഷ്യ-പൊതുവിതരണ വകുപ്പ് അറിയിച്ചു. അനുവദിച്ച സമയത്തിനുശേഷമുള്ള പരിശോധനയിൽ അനർഹരെന്ന് കണ്ടെത്തിയാൽ, ഇതുവരെ കൈപ്പറ്റിയ റേഷൻ ഭക്ഷ്യധാന്യങ്ങളുടെ കമ്പോളവില പിഴയായി ഈടാക്കും.

 

തിരുവനന്തപുരം: മുൻഗണനാ റേഷൻ കാർഡുകൾ അനർഹമായി കൈവശം വെച്ചിരിക്കുന്നവർക്ക് അവ പൊതുവിഭാഗത്തിലേക്ക് മാറ്റാൻ ഡിസംബർ എട്ട് വരെ അവസരം. മഞ്ഞ, പിങ്ക് കാർഡുകൾ കൈവശമുള്ളവരിൽ അർഹത നഷ്ടപ്പെട്ടവർക്ക് പിഴയോ മറ്റ് ശിക്ഷാനടപടികളോ ഇല്ലാതെ സ്വമേധയാ കാർഡുകൾ തിരികെ ഏൽപ്പിക്കാമെന്ന് ഭക്ഷ്യ-പൊതുവിതരണ വകുപ്പ് അറിയിച്ചു. അനുവദിച്ച സമയത്തിനുശേഷമുള്ള പരിശോധനയിൽ അനർഹരെന്ന് കണ്ടെത്തിയാൽ, ഇതുവരെ കൈപ്പറ്റിയ റേഷൻ ഭക്ഷ്യധാന്യങ്ങളുടെ കമ്പോളവില പിഴയായി ഈടാക്കും.

ജീവിതസാഹചര്യങ്ങളിലും സാമ്പത്തിക നിലയിലും മാറ്റമുണ്ടായിട്ടും മുൻഗണനാ കാർഡുകൾ തുടർച്ചയായി ഉപയോഗിക്കുന്നവരെയാണ് നടപടിയുടെ പരിധിയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. സർക്കാർ, അർധസർക്കാർ ജീവനക്കാർ, അധ്യാപകർ, പൊതുമേഖലാ-സഹകരണ സ്ഥാപനങ്ങളിലെ ജീവനക്കാർ, സർവീസ് പെൻഷൻകാർ, ആദായനികുതി അടയ്ക്കുന്നവർ എന്നിവർ കാർഡുകൾ സറണ്ടർ ചെയ്യണം. കൂടാതെ പ്രതിമാസം 25,000 രൂപയിൽ കൂടുതൽ വരുമാനമുള്ള കുടുംബങ്ങൾ, ഒരേക്കറിലധികം ഭൂമിയുള്ളവർ, 1,000 ചതുരശ്ര അടിയിൽ കൂടുതൽ വിസ്തീർണമുള്ള വീടോ ഫ്ലാറ്റോ ഉള്ളവർ, നാല് ചക്ര വാഹനം സ്വന്തമായുള്ളവർ എന്നിവരും ഇതിൽപ്പെടും. വിദേശത്തോ സ്വകാര്യ സ്ഥാപനങ്ങളിലോ ജോലി ചെയ്യുന്ന കുടുംബാംഗത്തിന് പ്രതിമാസം 25,000 രൂപയിൽ കൂടുതൽ വരുമാനമുണ്ടെങ്കിലും മുൻഗണനാ കാർഡിന് അർഹതയുണ്ടാകില്ല.

പാർട്ട് ടൈം, താത്കാലിക ജീവനക്കാർ, നാലാം ക്ലാസ് തസ്തികകളിൽനിന്ന് വിരമിച്ച പെൻഷൻകാർ, പ്രതിമാസം 5,000 രൂപയിൽ താഴെ പെൻഷൻ ലഭിക്കുന്നവർ, 10,000 രൂപയിൽ താഴെ സ്വാതന്ത്ര്യസമര പെൻഷൻ ലഭിക്കുന്നവർ എന്നിവരെ നടപടിയിൽനിന്ന് ഒഴിവാക്കിയിട്ടുണ്ട്. ഒരേക്കറിലധികം ഭൂമിയുള്ള പട്ടികവർഗ കുടുംബങ്ങൾക്കും ഉപജീവനത്തിനുള്ള ഏക വരുമാനമാർഗമായി ടാക്സി ഉപയോഗിക്കുന്ന നാല് ചക്ര വാഹന ഉടമകൾക്കും ഇളവ് ലഭിക്കും.

കാർഡിന്റെ വിഭാഗം മാറ്റുന്നതിനായി ബന്ധപ്പെട്ട താലൂക്ക് സപ്ലൈ ഓഫീസിലാണ് അപേക്ഷ നൽകേണ്ടത്. ഒറിജിനൽ റേഷൻ കാർഡ്, കുടുംബനാഥന്റെ ആധാർ കാർഡ്, വിഭാഗം മാറ്റുന്നതിനുള്ള നിർദ്ദിഷ്ട അപേക്ഷാ ഫോറം എന്നിവയാണ് ഹാജരാക്കേണ്ടത്. അനർഹരുടെ കാർഡുകൾ പൂർണമായി റദ്ദാക്കുന്നതിനു പകരം അർഹതയ്ക്കനുസരിച്ച് മുൻഗണനാ വിഭാഗത്തിൽനിന്ന് പൊതുവിഭാഗത്തിലേക്ക് മാറ്റുകയാണ് ചെയ്യുന്നത്. ഇതുവഴി അർഹരായ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന പുതിയ കുടുംബങ്ങൾക്ക് ആനുകൂല്യങ്ങൾ ലഭ്യമാക്കാനാകുമെന്ന് അധികൃതർ വ്യക്തമാക്കി.