എല്ലാവരും വോട്ട് ചെയ്യണം, അഞ്ച് വര്‍ഷത്തിലൊരിക്കല്‍ കിട്ടുന്ന അവസരമല്ലേ': മമ്മൂട്ടി

എറണാകുളത്തെ പോളിങ് ബൂത്തിലെത്തി വോട്ട് രേഖപ്പെടുത്തി നടന്‍ മമ്മൂട്ടി. തൃക്കാക്കര മണ്ഡലത്തിലെ പൊന്നുരുന്നി ക്രൈസ്റ്റ് കോൺവെന്റ് സ്കൂളിലെ 106-ാം നമ്പർ ബൂത്തിലെത്തിയാണ് വോട്ട് രേഖപ്പെടുത്തിയത്. ഭാര്യ സുള്‍ഫത്തും മമ്മൂട്ടിക്കൊപ്പം വോട്ട് ചെയ്യാനെത്തിയിരുന്നു.
 

കൊച്ചി :  എറണാകുളത്തെ പോളിങ് ബൂത്തിലെത്തി വോട്ട് രേഖപ്പെടുത്തി നടന്‍ മമ്മൂട്ടി. തൃക്കാക്കര മണ്ഡലത്തിലെ പൊന്നുരുന്നി ക്രൈസ്റ്റ് കോൺവെന്റ് സ്കൂളിലെ 106-ാം നമ്പർ ബൂത്തിലെത്തിയാണ് വോട്ട് രേഖപ്പെടുത്തിയത്. ഭാര്യ സുള്‍ഫത്തും മമ്മൂട്ടിക്കൊപ്പം വോട്ട് ചെയ്യാനെത്തിയിരുന്നു.

ഞാന്‍ വോട്ട് ചെയ്തുവെന്നും എല്ലാവരും വോട്ട് ചെയ്യണമെന്നും മമ്മൂട്ടി പ്രതികരിച്ചു. അഞ്ച് വര്‍ഷത്തിലൊരിക്കല്‍ കിട്ടുന്ന അവസരമാണെന്ന് ഓര്‍ക്കണമെന്നും അദ്ദേഹം പറഞ്ഞു. ചെന്നൈയിൽ നിന്ന് ഇന്ന് രാവിലെ കൊച്ചിയിലെത്തിയാണ് മമ്മൂട്ടി വോട്ട് രേഖപ്പെടുത്താൻ എത്തിയത്.


നടന്‍ മോഹന്‍‌ലാലും വോട്ട് രേഖപ്പെടുത്താനെത്തി. ജന്മനാടായ തിരുവനന്തപുരത്തെ 36ാം ബൂത്തിലാണ് അദ്ദേഹം എത്തിയത്. എല്‍ഡിഎഫ് സ്ഥാനാര്‍‌ത്ഥി വി ശിവന്‍കുട്ടിയോടും യുഡിഎഫ് സ്ഥാനാര്‍ത്ഥി കെ ശബരീനാഥനോടും ക്യൂവില്‍ നിന്നുകൊണ്ട് മോഹന്‍ലാല്‍ കുശലാന്വേഷണം നടത്തി.കേരളത്തിലെ വോട്ടര്‍‌മാരോട് തെരഞ്ഞെടുപ്പ് പ്രക്രിയയില്‍ പങ്കാളികളാകാന്‍ നടന്‍ മോഹന്‍ലാല്‍ ആഹ്വാനം ചെയ്തു. വോട്ട് രേഖപ്പെടുത്തിയ ശേഷം മഷി പുരട്ടിയ വിരലിന്‍റെ ചിത്രവും പങ്കുവെച്ചുകൊണ്ട് സമൂഹമാധ്യമങ്ങളില്‍ അദ്ദേഹം ചിത്രം പങ്കുവെച്ചു. 'Done my part. Your turn, Keralam go vote!' എന്നാണ് അദ്ദേഹം പോസ്റ്റില്‍ കുറിച്ചിരിക്കുന്നത്.

ആവേശക്കൊടുമുടിയേറിയ പ്രചാരണങ്ങൾക്കൊടുവിൽ സംസ്ഥാനത്ത് വോട്ടെടുപ്പ് തുടങ്ങി. രാവിലെ ഏഴ് മണി മുതൽ ആരംഭിച്ച വോട്ടെടുപ്പ് വൈകുന്നേരം ആറ് മണിക്ക് അവസാനിക്കും. മെയ് നാലിനാണ് ഫലപ്രഖ്യാപനം. മെയ് 15നാകും പുതിയ സർക്കാരിന്റെ സത്യപ്രതിജ്ഞ. കേരളത്തോടൊപ്പം അസമും പുതുച്ചേരിയും ഇന്ന് പോളിങ് ബൂത്തിലെത്തും.