‘ഓപ്പറേഷൻ തൂഫാൻ‘ ; ഇതുവരെ രജിസ്റ്റർ ചെയ്തത് 10,256 കേസുകൾ

 ലഹരിക്കെതിരായ കേരള പൊലീസിന്റെ  ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി നടത്തിയ അന്വേഷണങ്ങളിൽ ഇതുവരെ 10,256 കേസുകളാണ് രജിസ്റ്റർ ചെയ്തത്. 11,085 പേർ അറസ്റ്റിലായി. 23,527.153 ഗ്രാം എംഡിഎംഎയും 1,223.838 കിലോഗ്രാം കഞ്ചാവും പിടിച്ചെടുത്തു.

 

 ലഹരിക്കെതിരായ കേരള പൊലീസിന്റെ  ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി നടത്തിയ അന്വേഷണങ്ങളിൽ ഇതുവരെ 10,256 കേസുകളാണ് രജിസ്റ്റർ ചെയ്തത്. 11,085 പേർ അറസ്റ്റിലായി. 23,527.153 ഗ്രാം എംഡിഎംഎയും 1,223.838 കിലോഗ്രാം കഞ്ചാവും പിടിച്ചെടുത്തു. രാജ്യാന്തര തലത്തിൽ പ്രവർത്തിക്കുന്ന ലഹരിക്കടത്ത് സംഘങ്ങളെ പിടികൂടാനും അന്യസംസ്ഥാനങ്ങളിൽ നിന്നുള്ള ലഹരിയുടെ ഒഴുക്ക് തടയാനും കർശന നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു. ലഹരിയുടെ വേരറുക്കാൻ കേന്ദ്രസർക്കാരുമായി സഹകരിക്കുമെന്നും ഉദ്യോഗസ്ഥ തലത്തിൽ ചർച്ചകൾ നടത്തിയിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.

ഓപ്പറേഷൻ തൂഫാൻ വലിയ വിജയമാണെന്നും കേരളത്തിൽ ആരംഭിച്ച ഈ പ്രസ്ഥാനം ലോകമെമ്പാടുമുള്ള മലയാളികൾ മാത്രമല്ല, ജനമൊന്നാകെ ഏറ്റെടുത്തിരിക്കുകയാണെന്നും മന്ത്രി പറഞ്ഞു. ചെന്നൈയിലെ വിഐടി കോളജിൽ ഔദ്യോഗിക പരിപാടിക്കിടെ പ്രസംഗിക്കാൻ എഴുന്നേറ്റപ്പോൾ സദസ്സിലുണ്ടായിരുന്നവർ മുഴുവൻ ‘തൂഫാൻ’ എന്ന് വിളിച്ച് ഓപ്പറേഷൻ തൂഫാനെ ഹൈലൈറ്റ് ചെയ്ത അനുഭവവും അദ്ദേഹം പങ്കുവച്ചു. കഴിഞ്ഞ ദിവസം ദുബായിൽ പോയപ്പോഴും സമാനമായ അനുഭവമുണ്ടായി. ലോകമെമ്പാടും രാസലഹരിക്കെതിരെ ഉയരുന്ന ശക്തമായ പ്രതിഷേധത്തിന്റെ അലയടിയായി ഓപ്പറേഷൻ തൂഫാൻ മാറിയെന്നും മന്ത്രി പറഞ്ഞു. ഈ പ്രസ്ഥാനത്തിൽനിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് കേന്ദ്രസർക്കാർ നാർക്കോ കൺട്രോൾ ഒരു പ്രോഗ്രാമായി ഏറ്റെടുത്തതെന്നും അദ്ദേഹം വ്യക്തമാക്കി.

ഓപ്പറേഷൻ തൂഫാനുമായി ബന്ധപ്പെട്ട് നിരവധി പേർ ഫോണിലൂടെയും ഇ-മെയിൽ, വാട്സാപ്പ് സന്ദേശങ്ങളിലൂടെയും ബന്ധപ്പെടുന്നുണ്ടെന്നും അതിൽ കൂടുതലും അമ്മമാരും സഹോദരിമാരുമാണെന്നും മന്ത്രി പറഞ്ഞു. കുടുംബത്തിലെ ഇത്തരം പ്രശ്നങ്ങൾ കാരണം പലരും ബുദ്ധിമുട്ടുന്നുണ്ട്. തന്റെ മകനോ മകളോ രാസലഹരി ഉപയോഗിക്കുന്ന കാര്യം മറ്റുള്ളവരോട് പറയാൻ കഴിയാത്ത സാഹചര്യമാണ് പല കുടുംബങ്ങൾക്കുമുള്ളത്. അത്തരം കുടുംബങ്ങൾക്ക് ഓപ്പറേഷൻ തൂഫാൻ വലിയ ആശ്വാസമാണെന്നും അദ്ദേഹം പറഞ്ഞു. തൂഫാനുമായി ബന്ധപ്പെട്ട പരിപാടികളിൽ ഏറ്റവും കൂടുതൽ പങ്കെടുക്കുന്നത് സ്ത്രീകളാണെന്നും അവരുടെ പങ്കാളിത്തം ഈ പ്രസ്ഥാനത്തോടുള്ള പ്രതിബദ്ധതയാണ് വ്യക്തമാക്കുന്നതെന്നും മന്ത്രി കൂട്ടിച്ചേർത്തു. ലഹരിയുടെ വേരറുക്കുന്നതുവരെ പരിപാടി മുന്നോട്ടുകൊണ്ടുപോകുമെന്നും അദ്ദേഹം വ്യക്തമാക്കി.

അന്യസംസ്ഥാനങ്ങളിൽ നിന്നുള്ള ലഹരിയുടെ ഒഴുക്ക് തടയുന്നതിനും ഫലപ്രദമായ നടപടികൾ സ്വീകരിക്കുന്നുണ്ട്. ഇതിനായി അഞ്ച് ഡിജിപിമാരുടെ യോഗം വിളിക്കുകയും ഓരോ ഐജിമാരെ ചുമതലപ്പെടുത്തുകയും ചെയ്തു. ഇവർ കൈമാറുന്ന ഇന്റലിജൻസ് വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് നിരവധി ലഹരിവേട്ടകൾ നടത്തുന്നതെന്ന് മന്ത്രി പറഞ്ഞു. ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ അടുത്തിടെ കോയമ്പത്തൂരിൽ 10 കോടിയിലധികം രൂപ വിലവരുന്ന 13 കിലോ എംഡിഎംഎ പിടികൂടി. ഗ്വാളിയാറിൽ സ്ത്രീ ഉൾപ്പെടെ രണ്ടുപേരെയും ലഹരിയുമായി പിടികൂടി. നോയിഡയിലും ലഹരിക്കേസിലെ പ്രതികളെ പിടികൂടി. രാജ്യാന്തര തലത്തിൽ പ്രവർത്തിക്കുന്ന ലഹരിമരുന്ന് സംഘങ്ങളെയും ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി പിടികൂടാൻ കഴിഞ്ഞിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.