‘ഓപ്പറേഷൻ തൂഫാൻ’ വലിയ വിജയവും ജനകീയ മുന്നേറ്റവുമായി മാറി : മന്ത്രി രമേശ് ചെന്നിത്തല
കോഴിക്കോട്: സമൂഹത്തെ ബാധിച്ച ഏറ്റവും വലിയ വിപത്തായ ലഹരി ഉത്പന്നങ്ങൾക്കെതിരെയും ലഹരി മാഫിയകൾക്കെതിരെയും ആരംഭിച്ച ‘ഓപ്പറേഷൻ തൂഫാൻ’ സംസ്ഥാന സർക്കാരിന്റെ 100 ദിവസം പിന്നിടുമ്പോൾ വലിയ വിജയവും ജനകീയ മുന്നേറ്റവുമായി മാറിയെന്ന് മന്ത്രി രമേശ് ചെന്നിത്തല. ആഭ്യന്തര വകുപ്പ് നടപ്പാക്കുന്ന ‘ഓപ്പറേഷൻ തൂഫാൻ – ദ് നർകോ ഹണ്ട്’ പദ്ധതിയുടെ ഭാഗമായി കോഴിക്കോട് റൂറൽ ജില്ലാ പൊലീസ് സീനിയർ സിറ്റിസൻസ് മീറ്റിങ്ങും തൂഫാൻ കെയർ ഡിക്ലറേഷൻ പരിപാടിയും സംഘടിപ്പിച്ചു. വടകരയിൽ അത് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹംസാക്ഷരതാ യജ്ഞത്തിന് സമാനമായ വലിയ ജനപങ്കാളിത്തമാണ് ഈ പദ്ധതിക്ക് ലഭിക്കുന്നത്. പ്രത്യേക ക്ഷണമോ അറിയിപ്പോ കൂടാതെ തന്നെ ലഹരിക്കെതിരായ പോരാട്ടത്തിൽ പൊതുജനങ്ങൾ സ്വമേധയാ പങ്കാളികളാകുന്നു. സംസ്ഥാനത്ത് സിന്തറ്റിക് മയക്കുമരുന്നുകളുടെ കടന്നുകയറ്റം തടയാൻ സർക്കാരും പൊലീസും നടപടികൾ കൂടുതൽ കർശനമാക്കിയെന്നും ചെറിയ അളവുകളിൽ തുടങ്ങി വലിയ വാണിജ്യ ശേഖരത്തിലേക്ക് വളരുന്ന ലഹരി ശൃംഖലകൾക്കെതിരെ ശക്തമായ പ്രതിരോധമാണ് തീർക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
മുൻകാലങ്ങളിൽ ലഹരി മാഫിയയെ ജനം ഭയപ്പെട്ട സ്ഥാനത്ത് ഇന്ന് ജനങ്ങളെ ലഹരി മാഫിയ ഭയക്കുന്ന സാഹചര്യമാണ് കേരളത്തിലുള്ളത്. ഒറ്റ ഫോൺ കോളിലൂടെ മാഫിയയുടെ കയ്യിൽ വിലങ്ങ് വീഴുന്ന സാഹചര്യം സൃഷ്ടിക്കാൻ ജനങ്ങളുടെ ധൈര്യത്തിനും പൊലീസുമായുള്ള സഹകരണത്തിനും സാധിച്ചു. പദ്ധതി ആരംഭിച്ചത് മുതൽ ഓഗസ്റ്റ് 31 വരെയുള്ള കാലയളവിൽ 10,578 പേരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. 9,000 ൽ അധികം കേസുകളിലായി 170 കോടി രൂപയുടെ മയക്കുമരുന്നുകൾ കേരള പൊലീസ് പിടിച്ചെടുത്തു. ഇതിൽ 21,362.73 ഗ്രാം എംഡിഎംഎ, 1,110.69 കിലോ കഞ്ചാവ്, 523.82 ഗ്രാം ഹെറോയിൻ എന്നിവ ഉൾപ്പെടുന്നു. കഴിഞ്ഞ ദിവസങ്ങളിൽ മലപ്പുറത്ത് 97 ഗ്രാം എംഡിഎംഎ പിടികൂടിയ സംഭവത്തിൽ നടത്തിയ അന്വേഷണത്തിന് ഒടുവിലാണ് കോയമ്പത്തൂരിൽ 10 കോടി രൂപ വിപണി മൂല്യമുള്ള 13 കിലോ എംഡിഎംഎ പൊലീസ് പിടിച്ചെടുത്തത്.
എംഡിഎംഎ പോലെയുള്ള മാരകമായ സിന്തറ്റിക് ലഹരി മരുന്നുകൾ നാടിന്റെ സമാധാനവും മനുഷ്യന്റെ അടിസ്ഥാന അന്തസ്സും ബോധവും നശിപ്പിക്കുകയാണ് ചെയ്യുന്നത്. കുട്ടികളെ ആദ്യം ലക്ഷ്യമിട്ട് ലഹരി കലർത്തിയ മിഠായികളും മറ്റും സൗജന്യമായി നൽകി അടിമകളാക്കുകയാണ് രാജ്യാന്തര ലഹരിമരുന്നു മാഫിയ നടപ്പാക്കുന്നത്. അടിമപ്പെട്ട ശേഷം ഇവരിൽ നിന്ന് പണം ഈടാക്കുകയും പണം കണ്ടെത്താനായി റോഡിലൂടെ പോകുന്ന സ്ത്രീകളുടെ മാല പൊട്ടിക്കൽ ഉൾപ്പെടെയുള്ള കുറ്റകൃത്യങ്ങളിലേക്ക് ഇരകളെ തള്ളിവിടുകയും ചെയ്യുന്നു. ഒടുവിൽ ലഹരിമരുന്ന് ലഭിക്കാനും കടം വീട്ടാനും യുവാക്കളെ കാരിയർമാരാക്കി മാറ്റുകയാണ് ഇവരുടെ രീതി. അക്ഷരം പകർന്നു നൽകേണ്ട അധ്യാപകർ പോലും ഈ ശൃംഖലയിൽ വിൽപനക്കാരായി മാറിയെന്ന രഹസ്യാന്വേഷണ വിവരങ്ങൾ തികച്ചും ആശങ്കാജനകവും നാടിന് ഒന്നാകെ നാണക്കേടുമാണ്. മാഹി പോലെയുള്ള അതിർത്തി പ്രദേശങ്ങളിലൂടെയുള്ള ലഹരിമരുന്ന് ഒഴുക്ക് തടയുന്നതിനൊപ്പം ഇത്തരം ശൃംഖലകളെ പൂർണമായും പിഴുതെറിയാൻ പൊതുജനങ്ങൾ തുടർന്നും ജാഗ്രത പാലിക്കണമെന്നും പൊലീസുമായി പൂർണമായി സഹകരിക്കണമെന്നും മന്ത്രി അഭ്യർഥിച്ചു.
ഷാഫി പറമ്പിൽ എംപി തൂഫാൻ വാരിയർ ഡിക്ലറേഷൻ നടത്തി. ചടങ്ങിൽ കെ.കെ രമ എംഎൽഎ അധ്യക്ഷത വഹിച്ചു. പത്മശ്രീ മീനാക്ഷി അമ്മ ഉൾപ്പെടെയുള്ള പ്രമുഖർ തൂഫാൻ ബാഡ്ജ് സ്വീകരിച്ചു. ചടങ്ങിൽ എംഎൽഎമാരായ പാറക്കൽ അബ്ദുല്ല, കെ. പ്രവീൺ കുമാർ, വി.ടി. സൂരജ്, കെ.എം അഭിജിത്ത്, കോഴിക്കോട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മില്ലി മോഹൻ, വടകര നഗരസഭ ചെയർമാൻ പി.കെ. ശശി, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കോട്ടയിൽ രാധാകൃഷ്ണൻ, കണ്ണൂർ റേഞ്ച് ഡിഐജി കെ. കാർത്തിക് കോഴിക്കോട് റൂറൽ ജില്ലാ പൊലീസ് മേധാവി മെറിൻ ജോസഫ് തുടങ്ങിയവർ പ്രസംഗിച്ചു. ലഹരിയുടെ വിപത്തിൽ നിന്ന് സമൂഹത്തെ സംരക്ഷിക്കുന്നതിനൊപ്പം കുട്ടികൾക്കും വയോജനങ്ങൾക്കും സുരക്ഷിതവും കരുതലോടെയുള്ള അന്തരീക്ഷം ഒരുക്കുന്നതിന് സമൂഹത്തിന്റെ നാനാ തലങ്ങളിലുള്ളവരെ ഒരുമിപ്പിക്കുന്ന ജനകീയ സംരക്ഷണ വലയമാണ് ‘തൂഫാൻ കെയർ’ വഴി ലക്ഷ്യമിടുന്നത്.