കായിക ആസ്തികളുടെ സമഗ്ര നവീകരണത്തിന് 'ഓപ്പറേഷൻ കളരി'; പൊതുസ്വകാര്യ പങ്കാളിത്തത്തോടെ പദ്ധതി നടപ്പാക്കും: മന്ത്രി ഒ. ജെ. ജനീഷ്
സംസ്ഥാനത്തെ കായിക അടിസ്ഥാനസൗകര്യങ്ങളുടെ സമഗ്ര വികസനത്തിനും നിലവിലുള്ള കായിക ആസ്തികളുടെ പുനരുജ്ജീവനത്തിനുമായി 'ഓപ്പറേഷൻ കളരി' (Operation KALARI - Kerala Alliance for Local Athletic Revamp and Infrastructure) പദ്ധതി നടപ്പാക്കുമെന്ന് കായിക വകുപ്പ് മന്ത്രി അഡ്വ. ഒ. ജെ. ജനീഷ് അറിയിച്ചു.
സംസ്ഥാനത്തെ കായിക അടിസ്ഥാനസൗകര്യങ്ങളുടെ സമഗ്ര വികസനത്തിനും നിലവിലുള്ള കായിക ആസ്തികളുടെ പുനരുജ്ജീവനത്തിനുമായി 'ഓപ്പറേഷൻ കളരി' (Operation KALARI - Kerala Alliance for Local Athletic Revamp and Infrastructure) പദ്ധതി നടപ്പാക്കുമെന്ന് കായിക വകുപ്പ് മന്ത്രി അഡ്വ. ഒ. ജെ. ജനീഷ് അറിയിച്ചു.
സംസ്ഥാനത്തുടനീളമുള്ള സ്റ്റേഡിയങ്ങൾ, നീന്തൽക്കുളങ്ങൾ, സ്‌പോർട്‌സ് ഹോസ്റ്റലുകൾ, ജിംനേഷ്യങ്ങൾ തുടങ്ങി വിവിധ കായിക ആസ്തികളുടെ അടിസ്ഥാനസൗകര്യ വികസനം, അറ്റകുറ്റപ്പണി, നവീകരണം, ഉപകരണവൽക്കരണം, പരിപാലനം എന്നിവ ഉറപ്പാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. പൊതുസ്വകാര്യ പങ്കാളിത്ത മാതൃകയിലായിരിക്കും പദ്ധതി നടപ്പാക്കുക.
കായിക വകുപ്പ്, കേരള സംസ്ഥാന സ്‌പോർട്‌സ് കൗൺസിൽ, ജില്ലാ സ്‌പോർട്‌സ് കൗൺസിലുകൾ, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ എന്നിവയുടെ കീഴിലുള്ള കായിക ആസ്തികൾ സ്‌പോൺസർമാരുടെ സഹായത്തോടെ നവീകരിക്കുകയും ആധുനിക ഉപകരണങ്ങൾ ലഭ്യമാക്കുകയും പ്രൊഫഷണൽ രീതിയിൽ പരിപാലിക്കുകയും ചെയ്യും. പൊതുഉടമസ്ഥത സംരക്ഷിക്കുന്നതിനൊപ്പം കായികതാരങ്ങൾക്ക് മുൻഗണന നൽകുന്നതാണ് പദ്ധതിയുടെ അടിസ്ഥാന തത്വം.
അറ്റകുറ്റപ്പണി-നവീകരണം, കായിക ആസ്തികൾ ദത്തെടുത്ത് പരിപാലിക്കൽ, ആധുനിക ഉപകരണങ്ങൾ നൽകൽ, കായികതാരങ്ങൾക്കുള്ള താമസ-പരിശീലന സൗകര്യങ്ങൾ മെച്ചപ്പെടുത്തൽ തുടങ്ങിയ വിവിധ മേഖലകളിൽ സ്‌പോൺസർമാർക്ക് പങ്കാളികളാകാം. സ്‌പോൺസർഷിപ്പിന്റെ അടിസ്ഥാനത്തിൽ Platinum Asset Partner, Gold Facility Partner, Silver Basic Amenities Partner, Community Sports Partner എന്നീ വിഭാഗങ്ങളിലായി അംഗീകാരങ്ങൾ നൽകും.
കോർപ്പറേറ്റ് സ്ഥാപനങ്ങൾ, സി.എസ്.ആർ. ഫണ്ടുകൾ, വ്യക്തികൾ, പ്രവാസി മലയാളികൾ, സഹകരണ സ്ഥാപനങ്ങൾ എന്നിവർക്കെല്ലാം പദ്ധതിയിൽ പങ്കാളികളാകാനാകും. സ്‌പോൺസർമാർക്ക് പരിമിതമായ ബ്രാൻഡിംഗും നാമകരണ ആനുകൂല്യങ്ങളും മാത്രമേ ലഭിക്കൂ. കായിക ആസ്തികളുടെ ഉടമസ്ഥതയും ഭരണപരമായ നിയന്ത്രണവും സർക്കാരിലും സ്‌പോർട്‌സ് കൗൺസിലുകളിലും തന്നെ തുടരും.
വനിതാ കായികതാരങ്ങൾക്കും ഭിന്നശേഷിക്കാർക്കും അനുയോജ്യമായ സൗകര്യങ്ങൾ ഒരുക്കുന്നതിന് പദ്ധതി പ്രത്യേക പരിഗണന നൽകും. പദ്ധതിയുടെ ഏകോപനത്തിനായി കായിക വകുപ്പ് സെക്രട്ടറിയുടെ അധ്യക്ഷതയിൽ സംസ്ഥാനതല സമിതി രൂപീകരിച്ചിട്ടുണ്ട്. സ്‌പോർട്‌സ് കേരള ഫൗണ്ടേഷൻ ആണ് പദ്ധതിയുടെ ഔദ്യോഗിക പ്രോജക്ട് മാനേജ്‌മെന്റ് ഏജൻസി.
ആദ്യഘട്ടത്തിൽ സംസ്ഥാനത്തെ വിവിധ ജില്ലകളിൽ നിന്നായി തിരഞ്ഞെടുക്കുന്ന 25 മുതൽ 50 വരെ കായിക ആസ്തികളിൽ പദ്ധതി പരീക്ഷണാടിസ്ഥാനത്തിൽ നടപ്പാക്കും. ആറുമാസത്തിന് ശേഷം പുരോഗതി വിലയിരുത്തി ആവശ്യമായ മാറ്റങ്ങളോടെ പദ്ധതി സംസ്ഥാനവ്യാപകമാക്കും.
പദ്ധതിയുടെ സുതാര്യത ഉറപ്പാക്കാൻ പ്രത്യേക ഡാഷ്‌ബോർഡും സജ്ജമാക്കും. സ്‌പോൺസർഷിപ്പിന് ലഭ്യമായ കായിക ആസ്തികൾ, തെരഞ്ഞെടുത്ത സ്‌പോൺസർമാർ, പ്രവൃത്തിയുടെ പുരോഗതി, നവീകരണത്തിന് മുമ്പും ശേഷവുമുള്ള ചിത്രങ്ങൾ എന്നിവ പൊതുജനങ്ങൾക്ക് തത്സമയം കാണാൻ ഇതിലൂടെ സാധിക്കും.
ഉപയോഗശൂന്യമായി കിടക്കുന്ന കായിക ആസ്തികൾ വേഗത്തിൽ ജനങ്ങൾക്ക് പ്രയോജനപ്പെടുത്താനും കായികതാരങ്ങൾക്ക് അന്താരാഷ്ട്ര നിലവാരത്തിലുള്ള പരിശീലന സൗകര്യങ്ങൾ ഒരുക്കാനും ഓപ്പറേഷൻ കളരി വഴിയൊരുക്കുമെന്ന് മന്ത്രി പറഞ്ഞു.