എസ്.എം.എ. രോഗബാധിതർക്ക് ഇന്ത്യൻ നിർമിത ജനറിക് മരുന്ന് മാത്രം; വിദേശ മരുന്നുകൾ അനുവദിക്കില്ലെന്ന് ആരോഗ്യമന്ത്രി കെ. മുരളീധരൻ
സ്‌പൈനല്‍ മസ്‌കുലര്‍ അട്രോഫി (എസ്.എം.എ.) രോഗബാധിതര്‍ക്ക് ഇന്ത്യന്‍ നിര്‍മിത ജനറിക് മരുന്ന് മാത്രമേ നല്‍കുകയുള്ളുവെന്നും വിദേശ കമ്പനികളുടെ മരുന്ന് ഇനി അനുവദിക്കില്ലെന്നും ആരോഗ്യമന്ത്രി കെ. മുരളീധരന്‍ വ്യക്തമാക്കി. ഇന്ത്യന്‍ മരുന്നില്‍ ആശങ്കപ്പെടേണ്ടതില്ലെന്നും ഡോക്ടര്‍മാര്‍ രക്ഷിതാക്കളോട് സംസാരിച്ചിട്ടുണ്ടെന്നും പറഞ്ഞ മന്ത്രി, ഈ വിവാദത്തിന് പിന്നില്‍ വിദേശ മരുന്ന് കമ്പനിയാകാമെന്നും സംശയം പ്രകടിപ്പിച്ചു
തിരുവനന്തപുരം: സ്‌പൈനല്‍ മസ്‌കുലര്‍ അട്രോഫി (എസ്.എം.എ.) രോഗബാധിതര്‍ക്ക് ഇന്ത്യന്‍ നിര്‍മിത ജനറിക് മരുന്ന് മാത്രമേ നല്‍കുകയുള്ളുവെന്നും വിദേശ കമ്പനികളുടെ മരുന്ന് ഇനി അനുവദിക്കില്ലെന്നും ആരോഗ്യമന്ത്രി കെ. മുരളീധരന്‍ വ്യക്തമാക്കി. ഇന്ത്യന്‍ മരുന്നില്‍ ആശങ്കപ്പെടേണ്ടതില്ലെന്നും ഡോക്ടര്‍മാര്‍ രക്ഷിതാക്കളോട് സംസാരിച്ചിട്ടുണ്ടെന്നും പറഞ്ഞ മന്ത്രി, ഈ വിവാദത്തിന് പിന്നില്‍ വിദേശ മരുന്ന് കമ്പനിയാകാമെന്നും സംശയം പ്രകടിപ്പിച്ചു. എസ്.എം.എയ്ക്ക് ഇന്ത്യന്‍ മരുന്നുകള്‍ ഇല്ലാത്തപ്പോഴാണ് മുന്‍പ് വിദേശ മരുന്നുകള്‍ നല്‍കിയതെന്ന് വിദഗ്ധ സമിതി ചെയര്‍മാന്‍ ഡോ. വിശ്വനാഥന്‍ വ്യക്തമാക്കി. മരുന്നില്‍ 'ക്ലിനിക്കല്‍ ട്രയല്‍' എന്ന് എഴുതിയതില്‍ ഭയം വേണ്ടെന്നും ഇന്ത്യന്‍ മരുന്ന് പരീക്ഷിച്ച് വിജയം ഉറപ്പിച്ചതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സംശയങ്ങള്‍ ഒഴിവാക്കാനാണ് മരുന്ന് തിരികെ എത്തിക്കാന്‍ പറഞ്ഞതെന്ന് മന്ത്രി വ്യക്തമാക്കി. ആ മരുന്നിന്റെ വിശ്വാസ്യതയില്‍ ആര്‍ക്കും ഒരു സംശയവുമില്ല. ആശങ്ക അകറ്റാനാണ് രോഗികളോട് ഡോക്ടര്‍ നേരിട്ടുസംസാരിക്കുന്നത്. ഡോക്ടര്‍മാര്‍ക്ക് രോഗികളോടേ സംസാരിക്കാന്‍ പറ്റുകയുള്ളു, രാഷ്ട്രീയക്കാര്‍ക്കേ ചാനലുകളോട് സംസാരിക്കാന്‍ പറ്റൂ എന്നും ഇതിന് ചില പ്രോട്ടോകോളുകള്‍ ഉണ്ടെന്നും കെ. മുരളീധരന്‍ പറഞ്ഞു. സുപ്രീം കോടതി നല്‍കാന്‍ പറഞ്ഞ മരുന്നില്‍ എന്തിനാണ് ആശങ്കയെന്നും ഈ മരുന്ന് അനുയോജ്യമാണെന്ന് എല്ലാ വിദഗ്ധരും പറഞ്ഞിട്ടുണ്ടെന്നും അദ്ദേഹം ചോദിച്ചു. താൻ എം.ബി.ബി.എസുകാരനല്ലെങ്കിലും എക്‌സ്‌പേര്‍ട്ട് ഡോക്ടര്‍മാരുണ്ടെന്നും അവരെ എങ്ങനെയാണ് ചോദ്യം ചെയ്യുകയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കുട്ടികളുടെ രക്ഷിതാക്കള്‍ക്ക് മരുന്നിന്റെ ഗുണം വിവരിച്ച ശേഷമേ അത് നല്‍കിയിട്ടുള്ളൂ. ആശങ്കയുണ്ടാക്കിയത് ചില മാധ്യമവാര്‍ത്തകളാണ്. ഇതിന് പിന്നില്‍ വിദേശ മരുന്ന് കമ്പനികള്‍ ഉണ്ടാകാം. 2024-ല്‍ ഈ മരുന്ന് വാങ്ങിയ കമ്പനിക്ക് 50 കോടി രൂപ കൊടുക്കാനുണ്ടെന്നും മന്ത്രി പറഞ്ഞു. 2023-2024 കാലയളവിൽ നാറ്റ്‌കോ കമ്പനിയില്‍ നിന്ന് സി.പി.എം ഒരു കോടിയും 2024-2025-ല്‍ അരലക്ഷം രൂപയും പാര്‍ട്ടി ഫണ്ട് വാങ്ങിയിട്ടുണ്ട്. ഇക്കാര്യം ഇലക്ഷന്‍ കമ്മീഷന്റെ കണക്കുകള്‍ നോക്കിയാൽ വ്യക്തമാകും. മുൻ ആരോഗ്യമന്ത്രിമാർ വനിതകളായതുകൊണ്ടും അവരോട് ബഹുമാനമുള്ളതുകൊണ്ടും പറയുകയാണ്; സ്വന്തം പാര്‍ട്ടിക്ക് വേണ്ടാത്തവര്‍ ഇന്നലെ ഒന്നിച്ചുനിന്ന് കെ. മുരളീധരനെതിരെ രംഗത്തുവന്നത് നന്നായെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.