പ്രതികരണ ശേഷിയുള്ള ജനതയ്ക്ക് മാത്രമേ കെട്ടുറപ്പുള്ള ഭരണകൂടത്തെ സൃഷ്ടിക്കാനാകൂ ; നിവിന്‍ പോളി

 ചടങ്ങില്‍ നിവിന്‍ പോളിയെ വിജിലന്‍സ് കമാന്‍ഡോ ബാഡ്ജ് അണിയിച്ച് സംസ്ഥാനത്തെ ആദ്യത്തെ വിജിലന്‍സ് കമാന്‍ഡോ ആയി മന്ത്രി രമേശ് ചെന്നിത്തല പ്രഖ്യാപിച്ചു.

 


അഴിമതിയില്ലാതെ ധൈര്യത്തോടെ മുന്നേറാന്‍ കഴിയുന്ന ഒരു സമൂഹം സൃഷ്ടിക്കുന്നതിനുള്ള സംസ്ഥാന സര്‍ക്കാരിന്റെ വലിയ ചുവടുവെപ്പാണ് പ്രോജക്ട് സീറോ

 പ്രതികരണ ശേഷിയുള്ള ജനതയ്ക്ക് മാത്രമേ കെട്ടുറപ്പുള്ള ഭരണകൂടത്തെ സൃഷ്ടിക്കാനാകൂ എന്ന് നടന്‍ നിവിന്‍ പോളി പറഞ്ഞു. തന്റെ ആദ്യകാല സ്‌കിറ്റിലെ ഡയലോഗാണിതെന്ന് വ്യക്തമാക്കിയ നിവിന്‍ അഴിമതിക്കെതിരായ പോരാട്ടം സ്‌കൂളുകളിലും കോളേജുകളിലും നിന്നു തന്നെ ആരംഭിക്കണമെന്ന് അഭിപ്രായപ്പെട്ടു. സംസ്ഥാന വിജിലന്‍സ് ആന്‍ഡ് ആന്റി കറപ്ഷന്‍ ബ്യൂറോയുടെ പ്രോജക്ട് സീറോ - വിജിലന്‍സ് കമാന്‍ഡോ യുവജന ക്യാമ്പയിന്‍ സംസ്ഥാനതല ഉദ്ഘാടനത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ചടങ്ങില്‍ നിവിന്‍ പോളിയെ വിജിലന്‍സ് കമാന്‍ഡോ ബാഡ്ജ് അണിയിച്ച് സംസ്ഥാനത്തെ ആദ്യത്തെ വിജിലന്‍സ് കമാന്‍ഡോ ആയി മന്ത്രി രമേശ് ചെന്നിത്തല പ്രഖ്യാപിച്ചു.


അഴിമതിയില്ലാതെ ധൈര്യത്തോടെ മുന്നേറാന്‍ കഴിയുന്ന ഒരു സമൂഹം സൃഷ്ടിക്കുന്നതിനുള്ള സംസ്ഥാന സര്‍ക്കാരിന്റെ വലിയ ചുവടുവെപ്പാണ് പ്രോജക്ട് സീറോ. പുതിയ തലമുറയ്ക്ക് പ്രതീക്ഷ നല്‍കുന്ന പദ്ധതിയാണിതെന്നും അതില്‍ പങ്കാളിയാവുന്നതില്‍ അഭിമാനവും സന്തോഷവുമുണ്ടെന്നും നിവിന്‍ പറഞ്ഞു. തന്റെ 'ആക്ഷന്‍ ഹീറോ ബിജു' സിനിമയിലെ നിയമപ്രകാരം പ്രവര്‍ത്തിക്കുന്ന പൊലീസ് ഉദ്യോഗസ്ഥന്റെ കഥാപാത്രത്തെ അനുസ്മരിച്ച അദ്ദേഹം, നിയമത്തിലുള്ള വിശ്വാസമാണ് ഒരു സമൂഹത്തിന്റെ അടിത്തറയെന്നും ആ വിശ്വാസം നഷ്ടപ്പെട്ടാല്‍ സമൂഹം തകര്‍ച്ചയിലേക്ക് നീങ്ങുമെന്നും പറഞ്ഞു.

കൈക്കൂലി വാങ്ങുകയോ നല്‍കുകയോ ചെയ്യുന്നതു മാത്രമല്ല അഴിമതി. മറ്റൊരാളുടെ അവസരം ഇല്ലാതാക്കുന്നതും പണത്തിന്റെയോ അധികാരത്തിന്റെയോ സ്വാധീനത്തില്‍ അര്‍ഹതകളെ മറികടക്കാന്‍ ശ്രമിക്കുന്നതും അഴിമതിയുടെ ഭാഗമാണ്. നേരായ വഴിയിലൂടെ മുന്നേറിയാല്‍ വിജയിക്കാനാകില്ലെന്ന തെറ്റായ ധാരണ മാറ്റിയെടുക്കാന്‍ ഇത്തരം ബോധവത്കരണ പ്രവര്‍ത്തനങ്ങള്‍ക്ക് കഴിയുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.