പയ്യന്നൂര്‍ ബേബി മെമ്മോറിയല്‍ ആശുപത്രിയിലെ ഒന്നര വയസുകാരന്റെ മരണം; അനസ്‌തേഷ്യ പിഴവിനെ തുടര്‍ന്നാകാമെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്
പയ്യന്നൂര്‍ ബേബി മെമ്മോറിയല്‍ ആശുപത്രിയിലെ ഒന്നര വയസുകാരന്റെ മരണം; അനസ്‌തേഷ്യ പിഴവിനെ തുടര്‍ന്നാകാമെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്
കുട്ടിയുടെ ആന്തരിക അവയവങ്ങള്‍ കോഴിക്കോട്ടെ ലാബില്‍ പരിശോധിക്കും.
പയ്യന്നൂര്‍ എരമം സ്വദേശികളായ സൂരജ് - വിജിഷ ദമ്പതികളുടെ മകന്‍ ദേവാന്‍ഷ് ശൗര്യയാണ് മരിച്ചത്.
കണ്ണൂര്‍ പയ്യന്നൂര്‍ ബേബി മെമ്മോറിയല്‍ ആശുപത്രിയില്‍, ഒന്നര വയസുകാരന്റെ മരണം അനസ്‌തേഷ്യ പിഴവിനെ തുടര്‍ന്നാകാമെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്. അനസ്‌തേഷ്യ നല്‍കിയപ്പോള്‍ ബ്രെയിനിലേക്കുള്ള ഓക്സിജന്‍ വിതരണം തടസപ്പെട്ടു. മസ്തിഷ്‌കമരണത്തിലേക്ക് നയിച്ചത് ഇതാകാമെന്നും പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു. കുട്ടിയുടെ ആന്തരിക അവയവങ്ങള്‍ കോഴിക്കോട്ടെ ലാബില്‍ പരിശോധിക്കും.
പയ്യന്നൂര്‍ എരമം സ്വദേശികളായ സൂരജ് - വിജിഷ ദമ്പതികളുടെ മകന്‍ ദേവാന്‍ഷ് ശൗര്യയാണ് മരിച്ചത്.കണ്ണൂര്‍ ബേബി മെമ്മോറിയല്‍ ആശുപത്രിയില്‍ വെന്റിലേറ്റര്‍ സഹായത്തോടെയാണ് ഒന്നര വയസുകാരന്റെ ജീവന്‍ നില നിര്‍ത്തിയിരുന്നത്.മസ്തിഷ്‌ക മരണം സ്ഥിരീകരിക്കുകയായിരുന്നു.
നാലു ദിവസം മുന്‍പാണ് വീട്ടില്‍ കളിച്ചുകൊണ്ടിരിക്കവേ മുറ്റത്ത് വീണ് പരുക്കേറ്റ ഒന്നര വയസുകാരന്റെ മുഖത്തെയും ചുണ്ടിലെയും മുറിവിന് സ്റ്റിച്ച് ഇടാന്‍ പയ്യന്നൂര്‍ ബേബി മെമ്മോറിയല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ആദ്യം മാതമംഗലത്തെ പ്രാഥമിക ആരോഗ്യ കേന്ദ്രത്തില്‍ എത്തിച്ച് പ്രഥമശുശ്രൂഷ നല്‍കിയിരുന്നു. തുടര്‍ന്ന് പയ്യന്നൂര്‍ ബേബി മെമ്മോറിയല്‍ ആശുപത്രിയിലേക്ക് കൊണ്ടുപോകുകയായിരുന്നു. സ്റ്റിച്ച് ഇടാന്‍ വേണ്ടിയാണ് ഡോക്ടര്‍മാര്‍ കുഞ്ഞിന് അനസ്തേഷ്യ നല്‍കിയത് . ഇതോടെ കുഞ്ഞിന് ബോധം നഷ്ട്ടമാകുകയായിരുന്നു. തുടര്‍ന്ന് വിദഗ്ധ ചികിത്സക്ക് കണ്ണൂരിലെ ബേബി മെമ്മോറിയല്‍ ആശുപത്രിയിലേക്ക് മാറ്റി.
ആദ്യം കുഞ്ഞിനെ ഇതേ ആശുപത്രിയിലെ തന്നെ പീഡിയാട്രീഷ്യനെയാണ് കാണിച്ചത് എന്നാല്‍ അതിനുശേഷം പ്ലാസ്റ്റിക്ക് സര്‍ജനെ കാണിക്കുകയും കുഞ്ഞ് ബഹളം വെച്ചതിനാല്‍ സര്‍ജന്‍ അനസ്തേഷ്യ നല്‍കാന്‍ നിര്‍ദേശം നല്‍കുകയുമായിരുന്നു. അനസ്തേഷ്യ നല്‍കിയപ്പോള്‍ കാര്‍ഡിയാക്ക് അറസ്റ്റ് ഉണ്ടായെന്നാണ് ആശുപത്രിയുടെ വിശദീകരണം. അടിയന്തിര ഘട്ടങ്ങളില്‍ അല്ലാതെ രണ്ട് വയസിന് താഴെയുള്ള കുട്ടികള്‍ക്ക് അനസ്തേഷ്യ നല്‍കാറില്ലെന്നാണ് വിദഗ്ധര്‍ പറയുന്നത്. ഇതോടെ ചികിത്സാപിഴവ് ആരോപിച്ച് ബന്ധുക്കള്‍ പൊലീസില്‍ പരാതി നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ അനസ്തേഷ്യ ഡോക്ടര്‍ ഡോ. അഞ്ജലി പൊതുവാളിനെതിരെ കേസ് എടുത്തിരുന്നു. സൂരജ് - വിജിഷ ദമ്പതികള്‍ക്ക് ആറ് വര്‍ഷത്തിന് ശേഷം ജനിച്ച കുഞ്ഞാണ് ദേവാന്‍ഷ് ശൗര്യ.