അനുവിന്റെ കൊലപാതകം; ഒരാൾ കൂടി പിടിയിൽ
കോഴിക്കോട്: കോഴിക്കോട് നൊച്ചാട് സ്വദേശിനി അനുവിന്റെ കൊലപാതകത്തില്‍ ഒരാൾ കൂടി പിടിയിൽ. പ്രതി മുജീബിനെ സ്വർണം വിൽക്കാൻ സഹായിച്ച കൊണ്ടോട്ടി സ്വദേശി അബൂബക്കറിനെയാണ് കസ്റ്റഡിയിൽ എടുത്തത്.
ഇരുവരെയും പേരാമ്പ്ര പൊലീസ് സ്റ്റേഷനിൽ എത്തിച്ചു. കഴിഞ്ഞ ദിവസമാണ് അനുവിനെ തോട്ടിൽ മരിച്ച നിലയിൽ കണ്ടെത്തുന്നത്. മുട്ടൊപ്പം വെള്ളമുള്ള തോട്ടിലായിരുന്നു മൃതദേഹം. തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിനൊടുവിലാണ് കൊലപാതകമെന്ന് വ്യക്തമാകുന്നതും പ്രതി മുജീബ് റഹ്മാൻ പിടിയിലാകുന്നതും.
പിടിയിലായ പ്രതി മലപ്പുറം കൊണ്ടോട്ടി സ്വദേശി മുജീബ് റഹ്മാൻ സ്ഥിരം കുറ്റവാളിയാണ്. പ്രതിക്കെതിരെ ബലാത്സംഗ കേസ് ഉള്‍പ്പെടെ 55 കേസുകള്‍ നിലവിലുണ്ട്. പ്രതി മുജീബ് റഹ്മാനുമായി ഇന്ന് രാവിലെ പൊലീസ് തെളിവെടുപ്പും ആരംഭിച്ചു. അതിക്രൂരമായാണ് അനുവിനെ പ്രതി കൊലപ്പെടുത്തിയത്. കൊല നടത്തിയശേഷം അനുവിന്റെ സ്വര്‍ണാഭരണങ്ങള്‍ പ്രതി മോഷ്ടിച്ചു. തുടര്‍ന്ന് സ്വര്‍ണ്ണാഭരണങ്ങള്‍ കൊണ്ടോട്ടിയിലെത്തി ഒരാള്‍ക്ക് കൈമാറുകയായിരുന്നു.