ഒ.എൻ.ഡി.സി ശൃംഖല : ആഗോള വിപണിയിലേക്ക് വഴിതുറക്കുമെന്ന് മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി
ഓപ്പൺ നെറ്റ് വർക്ക് ഫോർ ഡിജിറ്റൽ കൊമേഴ്സ് (ഒ.എൻ.ഡി.സി) ശൃംഖലയുടെ ഫലപ്രദമായ നടപ്പാക്കലിലൂടെ കേരളത്തിലെ സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭകർക്ക് തങ്ങളുടെ ഉൽപന്നങ്ങളും സേവനങ്ങളും ഇടനിലക്കാരില്ലാതെ നേരിട്ട് ആഗോള വിപണിയിലെത്തിക്കാൻ സാധിക്കുമെന്ന് മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി.
തിരുവനന്തപുരം : ഓപ്പൺ നെറ്റ് വർക്ക് ഫോർ ഡിജിറ്റൽ കൊമേഴ്സ് (ഒ.എൻ.ഡി.സി) ശൃംഖലയുടെ ഫലപ്രദമായ നടപ്പാക്കലിലൂടെ കേരളത്തിലെ സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭകർക്ക് തങ്ങളുടെ ഉൽപന്നങ്ങളും സേവനങ്ങളും ഇടനിലക്കാരില്ലാതെ നേരിട്ട് ആഗോള വിപണിയിലെത്തിക്കാൻ സാധിക്കുമെന്ന് മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി. ഇത് സംരംഭകർക്ക് കൂടുതൽ ലാഭവും പുതിയ വിപണി സാധ്യതകളും തുറന്നുനൽകും. കേരളത്തിന്റെ റീട്ടെയിൽ, ടൂറിസം, ഗതാഗത മേഖലകളിൽ ഒ.എൻ.ഡി.സി വിപ്ലവകരമായ മാറ്റങ്ങൾക്ക് വഴിയൊരുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വ്യവസായ-വാണിജ്യ വകുപ്പിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ഒ.എൻ.ഡി.സി അന്തർ വകുപ്പ് ശിൽപശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. യുവതലമുറയിലെ ബിസിനസ് പ്രതിഭകളെ പ്രോത്സാഹിപ്പിക്കുന്നതിന് സെപ്തംബറിൽ കോഴിക്കോട് സംഘടിപ്പിക്കുന്ന ‘യങ് എന്റർപ്രണേഴ്സ് കോൺക്ലേവ്’ പരിപാടിയുടെ ലോഗോ മന്ത്രി പ്രകാശനം ചെയ്തു. വ്യവസായ വകുപ്പ് അഡീഷനൽ ചീഫ് സെക്രട്ടറി എ.പി.എം. മുഹമ്മദ് ഹനീഷ് അധ്യക്ഷത വഹിച്ചു.
വാണിജ്യ വകുപ്പ് ഡയറക്ടർ അരുൺ കെ. വിജയൻ, കെ. അജിത്കുമാർ, സന്തോഷ് കോശി തോമസ്, എസ്. സൂരജ്, എ. നിസാറുദ്ദീൻ, സുരേഷ് മാത്യു, സന്തോഷ് കുമാർ, ജി. രാജീവ് തുടങ്ങിയവർ പങ്കെടുത്തു. ഒ.എൻ.ഡി.സി പ്രതിനിധികളായ തമന്ന ശർമ, പ്രവീൺ ചൗധരി, കാർത്തിക് പ്രഭു, ശ്രീനിവാസ് ബണ്ഡാരി എന്നിവരുടെ നേതൃത്വത്തിൽ സാങ്കേതിക സെഷനുകളും നടന്നു.