ജീവനക്കാർക്ക് ഇത്തവണയും ഓണം ബോണസ് ഉയർത്തി ബെവ്കോ

 

 തിരുവനന്തപുരം: ബിവറേജസ് കോർപ്പറേഷൻ (ബെവ്കോ) ജീവനക്കാർക്കുള്ള ഇത്തവണത്തെ ഓണം ബോണസ് പ്രഖ്യാപിച്ചു. മുൻ വർഷത്തേക്കാൾ 2,500 രൂപ വർധിപ്പിച്ച് ഇത്തവണ പരമാവധി ബോണസ് തുക 1,05,000 രൂപയായാണ് നിശ്ചയിച്ചിരിക്കുന്നത്. എക്സൈസ് മന്ത്രിയുമായി നടത്തിയ ചർച്ചയിലാണ് ഈ തീരുമാനം. 

ബോണസിന് പുറമെ 50,000 രൂപ അഡ്വാൻസ് തുകയായി നൽകാനും തീരുമാനിച്ചിട്ടുണ്ട്. ഇതോടൊപ്പം എംപ്ലോയ്‌മെന്റ് ജീവനക്കാരുടെ ബോണസ് 250 രൂപ വർധിപ്പിച്ച് 6,250 രൂപയായും, സ്വീപ്പർമാർക്ക് 6,750 രൂപയായും ഉയർത്തി. ഹെഡ് ഓഫീസിലെയും വെയർഹൗസിലെയും സെക്യൂരിറ്റി ജീവനക്കാർക്ക് 13,000 രൂപ ബോണസായി നൽകും. കഴിഞ്ഞ വർഷവും സ്ഥിരം ജീവനക്കാർക്ക് 1,02,500 രൂപയുടെ റെക്കോർഡ് ബോണസ് ലഭിച്ചിരുന്നു.

കഴിഞ്ഞവർഷം മാർച്ച് 31-ന് 124.10 കോടി രൂപ ലാഭത്തിലായിരുന്ന ബെവ്കോ, ഗാലനേജ് ഫീ ഏർപ്പെടുത്തിയതോടെ ഈ വർഷം മാർച്ച് 31-ലെ കണക്കുകൾ പ്രകാരം 281.95 കോടി രൂപയുടെ നഷ്ടത്തിലായിട്ടുണ്ട്. എന്നാൽ ഏറെ ചർച്ചയായ ഈ ഗാലനേജ് വിഷയം ഗൗരവമായി പഠിച്ച് ധനകാര്യ വകുപ്പിന് കൈമാറുമെന്നും, അനുമതി വാങ്ങി തുക കുറച്ചുകൊണ്ടുവരുമെന്നും യോഗത്തിൽ മന്ത്രി ഉറപ്പുനൽകിയിട്ടുണ്ട്.