കാര്‍ കത്തി ഗര്‍ഭിണിയായ സോന മരിക്കുന്ന ദിവസവും ഭര്‍ത്താവ് വഴക്കിട്ടിരുന്നു ; കുഞ്ഞിന്റെ ഡിഎന്‍എ പരിശോധിക്കണമെന്ന് റിജിന്‍ ആവശ്യപ്പെട്ടതായി ബന്ധു

കാര്‍ കത്തിയ ദിവസം റിജിന്‍ മദ്യപിച്ചിരുന്നതായും സോനയുടെ അമ്മാവന്‍ പറഞ്ഞു.

 

സോനയുടെ മരണം ആത്മഹത്യയാണോ കൊലപാതകമാണോ എന്ന രീതിയിലാണ് പൊലീസ് അന്വേഷണം നടക്കുന്നത്.

പേരമ്പ്ര ചെറുവണ്ണൂരില്‍ കാര്‍ കത്തി ഗര്‍ഭിണിയായ സോന മരിച്ച സംഭവത്തില്‍ ദുരൂഹതയേറുന്നു. മരിക്കുന്ന ദിവസവും പേരാമ്പ്രയിലെ സോനയുമായി ഭര്‍ത്താവ് റിജിന്‍ ലാല്‍ വഴക്കിട്ടിരുന്നുവെന്ന് ബന്ധു സത്യന്‍ പറഞ്ഞു. സോനയെ നിരന്തരം പീഡിപ്പിച്ച റിജിന്‍ കുഞ്ഞിന്റെ ഡിഎന്‍എ അടക്കം പരിശോധിക്കണമെന്നാവശ്യപ്പെട്ടു. കാര്‍ കത്തിയ ദിവസം റിജിന്‍ മദ്യപിച്ചിരുന്നതായും സോനയുടെ അമ്മാവന്‍ പറഞ്ഞു.


സോനയുടെ മരണം ആത്മഹത്യയാണോ കൊലപാതകമാണോ എന്ന രീതിയിലാണ് പൊലീസ് അന്വേഷണം നടക്കുന്നത്. ഫോറന്‍സിക് റിപ്പോര്‍ട്ടും പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടും പരിശോധിച്ച ശേഷം കാര്യത്തില്‍ വ്യക്തത വരുത്തുമെന്നാണ് പൊലീസ് കുടുംബത്തോട് പറഞ്ഞത്.


മരണത്തിന് മുമ്പ് സോന ഭര്‍ത്താവില്‍ നിന്നും നിരന്തരം പീഡനങ്ങള്‍ ഏറ്റുവാങ്ങിയിരുന്നതായി കുടുംബം ആരോപിച്ചു. നേരിട്ട പീഡനങ്ങളെല്ലാം സോന മാതൃ സഹോദരിയുടെ മകളോട് പറഞ്ഞിരുന്നു. കാര്‍ കത്തിയ ദിവസം സോനയും ഭര്‍ത്താവും ഇവരുടെ വീട്ടിലെത്തിയിരുന്നു. ഈ സമയം റിജിന്‍ ലാല്‍ മദ്യപിച്ചിരുന്നതായും സോന ഫോണ്‍ ചെയ്തപ്പോള്‍ താന്‍ മദ്യപിക്കുകയാണെന്ന് റിജിന്‍ പറഞ്ഞിരുന്നതായും കുടുംബം ആരോപിക്കുന്നു. കാറിന്റെ പിന്‍സീറ്റിലാണ് സോനയുടെ മൃതദേഹമുണ്ടായിരുന്നത്. തീപിടിത്തമുണ്ടായത് കാറിന്റെ പിറകില്‍ നിന്നാണെന്ന ഫോറന്‍സികിന്റെ കണ്ടെത്തലും കുടുംബത്തിന്റെ സംശയങ്ങള്‍ ഇരട്ടിയാക്കുന്നു.