“ഉമ്മൻചാണ്ടിയെ കല്ലെറിഞ്ഞ് പരിക്കേൽപ്പിച്ചപ്പോൾ കാണിക്കാത്ത ധാർമ്മികതയാണ് ഇപ്പോൾ സിപിഐഎം നേതാക്കൾ ഉയർത്തുന്നത്” : അടൂർ പ്രകാശ്

 ആരോഗ്യമന്ത്രി വീണാ ജോർജിനെ ശാരീരികമായി ആക്രമിച്ചെന്ന ആരോപണം തള്ളി യുഡിഎഫ് കൺവീനർ അടൂർ പ്രകാശ് രംഗത്തെത്തി. മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയെ കല്ലെറിഞ്ഞ് പരിക്കേൽപ്പിച്ചപ്പോൾ കാണിക്കാത്ത ധാർമ്മികതയാണ് ഇപ്പോൾ സിപിഐഎം നേതാക്കൾ ഉയർത്തുന്നതെന്ന് അദ്ദേഹം പരിഹസിച്ചു.
 

 ആരോഗ്യമന്ത്രി വീണാ ജോർജിനെ ശാരീരികമായി ആക്രമിച്ചെന്ന ആരോപണം തള്ളി യുഡിഎഫ് കൺവീനർ അടൂർ പ്രകാശ് രംഗത്തെത്തി. മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയെ കല്ലെറിഞ്ഞ് പരിക്കേൽപ്പിച്ചപ്പോൾ കാണിക്കാത്ത ധാർമ്മികതയാണ് ഇപ്പോൾ സിപിഐഎം നേതാക്കൾ ഉയർത്തുന്നതെന്ന് അദ്ദേഹം പരിഹസിച്ചു. വരാനിരിക്കുന്ന തിരഞ്ഞെടുപ്പ് മുന്നിൽ കണ്ടാണ് ഭരണപക്ഷം ഇപ്പോൾ ഈ വിഷയത്തെ ഇത്രത്തോളം വൈകാരികമായി ഉയർത്തിക്കാട്ടുന്നതെന്നും, രാഷ്ട്രീയ ലാഭത്തിനായുള്ള നാടകമാണിതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ജനമനസ്സറിഞ്ഞ് നടത്തുന്ന മുന്നേറ്റങ്ങളിൽ വിറളിപൂണ്ടാണ് സിപിഐഎം ഇത്തരം ആരോപണങ്ങൾ ഉന്നയിക്കുന്നതെന്ന് അടൂർ പ്രകാശ് പറഞ്ഞു. ഭരണത്തിന്റെ പരാജയങ്ങൾ ജനങ്ങൾക്കിടയിൽ ചർച്ചയാകുന്നത് തടയാനുള്ള ശ്രമമാണിത്. മന്ത്രിയെ കയ്യേറ്റം ചെയ്തെന്ന കാര്യത്തിൽ വ്യക്തതയില്ലെന്നും വസ്തുതകൾ അന്വേഷിച്ചു വരികയാണെന്നും പറഞ്ഞ അദ്ദേഹം, പ്രതിപക്ഷ നേതാവിനെ വ്യക്തിഹത്യ ചെയ്യാനാണ് ഭരണപക്ഷം ശ്രമിക്കുന്നതെന്നും കൂട്ടിച്ചേർത്തു.

മന്ത്രി വീണാ ജോർജിനെ കെഎസ്‌യു പ്രവർത്തകർ ആക്രമിച്ചില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും വ്യക്തമാക്കി. കനത്ത പോലീസ് സുരക്ഷയിലായിരുന്ന മന്ത്രിയുടെ അടുത്തെത്താൻ പോലും പ്രതിഷേധക്കാർക്ക് കഴിഞ്ഞിട്ടില്ല. മൂന്നോ നാലോ പ്രവർത്തകർ മാത്രമുണ്ടായിരുന്ന പ്രതിഷേധത്തെ പെരുപ്പിച്ചു കാട്ടാനാണ് സർക്കാർ ശ്രമിക്കുന്നത്. ജനാധിപത്യപരമായ പ്രതിഷേധങ്ങൾ സ്വാഭാവികമാണെന്നും അഴിമതിക്കും ഭരണപരാജയത്തിനുമെതിരെ ഇനിയും പ്രതിഷേധങ്ങൾ തുടരുമെന്നും സതീശൻ മുന്നറിയിപ്പ് നൽകി.