ചെന്നിത്തലക്ക് 'പമ്പ' , സണ്ണി ജോസഫിന് 'അശോക'; മന്ത്രിമാർക്ക് ഔദ്യോഗിക വസതികൾ അനുവദിച്ചു
പുതിയ യുഡിഎഫ് മന്ത്രിസഭയിലെ മന്ത്രിമാർക്കുള്ള ഔദ്യോഗിക വസതികളുടെ കാര്യത്തിൽ തീരുമാനമായി. മുഖ്യമന്ത്രി വി.ഡി. സതീശന്റെ ഓഫീസ് നേരിട്ട് ഇടപെട്ടാണ് മന്ത്രിമാർക്കുള്ള ഔദ്യോഗിക മന്ദിരങ്ങൾ അനുവദിച്ച് അന്തിമ ഉത്തരവിറക്കിയത്. മുൻപ് പല പ്രമുഖ വസതികൾക്കായും ഒന്നിലധികം മന്ത്രിമാർ അവകാശവാദം ഉന്നയിച്ചിരുന്നെങ്കിലും ചർച്ചകൾക്കൊടുവിൽ ധാരണയിലെത്തുകയായിരുന്നു
തിരുവനന്തപുരം: പുതിയ യുഡിഎഫ് മന്ത്രിസഭയിലെ മന്ത്രിമാർക്കുള്ള ഔദ്യോഗിക വസതികളുടെ കാര്യത്തിൽ തീരുമാനമായി. മുഖ്യമന്ത്രി വി.ഡി. സതീശന്റെ ഓഫീസ് നേരിട്ട് ഇടപെട്ടാണ് മന്ത്രിമാർക്കുള്ള ഔദ്യോഗിക മന്ദിരങ്ങൾ അനുവദിച്ച് അന്തിമ ഉത്തരവിറക്കിയത്. മുൻപ് പല പ്രമുഖ വസതികൾക്കായും ഒന്നിലധികം മന്ത്രിമാർ അവകാശവാദം ഉന്നയിച്ചിരുന്നെങ്കിലും ചർച്ചകൾക്കൊടുവിൽ ധാരണയിലെത്തുകയായിരുന്നു.
ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുടെ വ്യക്തിപരമായ താല്പര്യം പരിഗണിച്ച് മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിന് തൊട്ടടുത്തുള്ള ‘പമ്പ’ ബംഗ്ലാവ് അദ്ദേഹത്തിന് അനുവദിച്ചു. കഴിഞ്ഞ പിണറായി വിജയൻ സർക്കാരിൽ പൊതുമരാമത്ത്-ടൂറിസം മന്ത്രിയായിരുന്ന മുഹമ്മദ് റിയാസ് താമസിച്ചിരുന്ന വസതിയാണിത്. ഈ മന്ദിരം തനിക്ക് വേണമെന്ന് ചെന്നിത്തല നേരത്തെ തന്നെ ആവശ്യപ്പെട്ടിരുന്നു. ക്ലിഫ് ഹൗസിന് തൊട്ടടുത്തുള്ള മറ്റൊരു പ്രമുഖ മന്ദിരമായ ‘അശോക’ സണ്ണി ജോസഫിനാണ് ലഭിച്ചത്.
കെ. മുരളീധരന് ‘സാനഡു’ ബംഗ്ലാവും, എ.പി. അനിൽകുമാറിന് ‘കാവേരി’യും, പി.സി. വിഷ്ണുനാഥിന് ‘നിള’യും അനുവദിച്ചു. എം. ലിജുവിന് ‘അജന്ത’, റോജി എം. ജോണിന് ‘ഗ്രേസ്’, ടി. സിദ്ധിഖിന് ‘ഗംഗ’, കെ.എ. തുളസിക്ക് ‘പ്രശാന്ത്’, ബിന്ദു കൃഷ്ണയ്ക്ക് ‘തൈക്കാട് ഹൗസ്’ എന്നിവയാണ് ലഭിച്ചത്. ഒ.ജെ. ജനീഷിന് ‘മൻമോഹൻ ബംഗ്ലാവ്’ ഔദ്യോഗിക വസതിയായി നിശ്ചയിച്ചു.
മുസ്ലിം ലീഗ് മന്ത്രിമാരിൽ പ്രമുഖനായ പി.കെ. കുഞ്ഞാലിക്കുട്ടിക്ക് ‘ലൈന്ത്രസ്റ്റ്’ മന്ദിരമാണ് അനുവദിച്ചിട്ടുള്ളത്. എൻ. ഷംസുദീന് ‘നെസ്റ്റ്’, കെ.എം. ഷാജിക്ക് ‘പൗർണ്ണമി’, പി.കെ. ബഷീറിന് ‘ഉഷസ്’, വി.ഇ. അബ്ദുൽ ഗഫൂറിന് ‘കവടിയാർ ഹൗസ്’ എന്നീ വസതികൾ നൽകി. മറ്റ് ഘടകകക്ഷി നേതാക്കളായ മോൻസ് ജോസഫിന് ‘പെരിയാർ’, ഷിബു ബേബി ജോണിന് ‘എസ്സെൻഡേൻ’, സി.പി. ജോണിന് ‘റോസ് ഹൗസ്’ എന്നിവയും അനുവദിച്ചു.