മന്ത്രി മുഹമ്മദ് റിയാസിനെതിരെ നഴ്‌സുമാരുടെ സമര പന്തലില്‍ നിന്ന് കൂകി വിളി ഉയര്‍ന്ന സംഭവം ; ക്ഷമ ചോദിച്ച് ജാസ്മിന്‍ ഷാ
ആരോ കൂകി അത് മറ്റുള്ളവര്‍ ഏറ്റുപിടിച്ചു എന്നതാണ് മനസിലായത്. ചിലര്‍ അത് വലിയ വാര്‍ത്തയാക്കി.
തീര്‍ത്തും ഒഴിവാക്കേണ്ട നടപടിയായിരുന്നുവത്.
മന്ത്രി മുഹമ്മദ് റിയാസിനെതിരെ നഴ്‌സുമാരുടെ സമര പന്തലില്‍ നിന്ന് കൂകി വിളി ഉയര്‍ന്ന സംഭവത്തില്‍ ക്ഷമ ചോദിച്ച് യുണൈറ്റഡ് നഴ്‌സസ് അസോസിയേഷന്‍ നേതാവ് ജാസ്മിന്‍ ഷാ. ആ കൂകി വിളിക്ക് നിങ്ങള്‍ അര്‍ഹനല്ലെന്നും തീര്‍ത്തും ഒഴിവാക്കേണ്ട നടപടിയായിരുന്നു അതെന്നും പറഞ്ഞുകൊണ്ട് ഫേസ്ബുക്കിലൂടെയായിരുന്നു ജാസ്മിന്‍ ഷായുടെ പ്രതികരണം. കൂകി വിളിച്ചതുമായി ബന്ധപ്പെട്ട് സമരക്കാരോട് താന്‍ സംസാരിച്ചിരുന്നു. ആരോ കൂകി, അത് മറ്റുള്ളവര്‍ ഏറ്റുപിടിച്ചു എന്നതാണ് മനസിലായത്. ചിലര്‍ അത് വാര്‍ത്തയാക്കുകയായിരുന്നുവെന്നും ജാസ്മിന്‍ ഷാ കുറിപ്പില്‍ പറഞ്ഞു.
ഫേസ് ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം
പ്രിയ മന്ത്രി ശ്രീ.മുഹമ്മദ് റിയാസ്,
നിങ്ങള്‍ ആ കൂകി വിളിക്ക് അര്‍ഹനല്ല.
ഇന്ന് ഞങ്ങളുടെ സമരം നടക്കുന്ന കോഴിക്കോട് കളക്ട്രേറ്റിന് മുന്നിലൂടെ താങ്ങളുടെ യാത്ര കടന്നു പോകുമ്പോള്‍ സമരപന്തലിലെ എന്റെ സഹപ്രവര്‍ത്തകര്‍ താങ്ങളെ കൂകി വിളിച്ച വാര്‍ത്ത ചില ചാനലുകളിലൂടെ ഞാന്‍ കണ്ടു. തീര്‍ത്തും ഒഴിവാക്കേണ്ട നടപടിയായിരുന്നുവത്. ഈ വിഷയത്തെ കുറിച്ച് ഞാന്‍ ഓരോ സമര ഭടന്മാരോടും ഞാന്‍ അന്വേഷിച്ചപ്പോള്‍ ആരോ കൂകി അത് മറ്റുള്ളവര്‍ ഏറ്റുപിടിച്ചു എന്നതാണ് മനസിലായത്. ചിലര്‍ അത് വലിയ വാര്‍ത്തയാക്കി.
തിരുവനന്തപുരത്ത് മാര്‍ച്ച് 4 ന് നടക്കാന്‍ പ്ലാന്‍ ചെയ്തിരുന്ന നഴ്‌സുമാരുടെ കണ്‍വെന്‍ഷന് ടൂറിസം വകുപ്പ് നിശാഗന്ധി ഓപ്പണ്‍ ഓഡിറ്റോറിയം അനുവദിച്ചിരുന്നു. എന്നാല്‍ സമരത്തിന്റെ തലേ ദിവസം ടൂറിസം വകുപ്പ് ഞങ്ങള്‍ക്ക് അനുമതി നിഷേധിച്ചു. എന്നാല്‍ നിഷേധിച്ചത് ആരോഗ്യ മന്ത്രിയുടെയും അവരുടെ ഓഫീസിന്റെയും ഇടപെടല്‍ മൂലമാണ് എന്ന് ടൂറിസം വകുപ്പ് ഉദ്യോഗസ്ഥര്‍ ഞങ്ങളെ അറിയിച്ചിരുന്നു. ഇത് പ്രകാരമാണ് സെക്രട്ടേറിയേറ്റ് സമരത്തില്‍ രൂക്ഷമായ പ്രതികരണം ഞങ്ങളുടെ ഭാഗത്ത് നിന്നും ആരോഗ്യ വകുപ്പ് മന്ത്രിക്കെതിരെ ഉണ്ടായത്. ഇക്കാര്യങ്ങള്‍ ഒന്നും അറിയാത്തവരായിരുന്നു പ്രവര്‍ത്തകരില്‍ ഭൂരിഭാഗവും. സൈബര്‍ പോരാളികളായ ചിലര്‍ മാനേജ്‌മെന്റുകളേക്കാള്‍ ശകതമായ രീതിയില്‍ എനിക്കെതിരെയും, യുഎന്‍എക്കെതിരെയും ആക്രമണങ്ങള്‍ നടത്തുന്നത് സംഘടനാ അംഗങ്ങള്‍ക്കുള്ളില്‍ ശകതമായ എതിര്‍പ്പ് ആ പാര്‍ട്ടിക്കെതിരായി ഉണ്ടാകുന്നുണ്ട്. അത് ഒരു പ്രതിഷേധമായി ഭൂരിപക്ഷം വനിതാ പ്രവര്‍ത്തകര്‍ക്കിടയിലേക്കും എത്തിയിട്ടുണ്ട്. അതവരില്‍ ആ പാര്‍ട്ടിയിലെ നേതാക്കളോടുള്ള എതിര്‍പ്പായി മാറുന്നുണ്ട്.
ഇത്തരം കാര്യങ്ങള്‍ ഉണ്ടായ സമയത്താണ് മന്ത്രി റിയാസിന്റ യാത്ര അത് വഴി കടന്നുപോവുകയും ആരോ ഒരാള്‍ ( സംഘടനക്ക് ഉള്ളിലുളള ആളല്ല ) കൂവുകയും അത് ഞങ്ങളുടെ പ്രവര്‍ത്തകര്‍ ഏറ്റ് കൂവുകയും മാധ്യമങ്ങള്‍ ഏറ്റെടുക്കുകയും ചെയ്തത്. ഞാന്‍ കോഴിക്കോട് എത്തിയ സമയത്ത് തന്നെ മാധ്യമ പ്രവര്‍ത്തകര്‍ ഇക്കാര്യം ചോദിക്കുകയും സംഘടനാ നയം വ്യക്തമാക്കുകയും ചെയ്തിരുന്നു. എന്റെ പ്രവര്‍ത്തകരുടെ ഭാഗത്ത് നിന്നും അങ്ങേക്ക് ഉണ്ടായ വൈഷമ്യത്തിന്റെ ധാര്‍മിക ഉത്തരവാദിത്വം ഞാന്‍ ഏറ്റെടുത്ത് അങ്ങയോട് ക്ഷമ ചോദിക്കുന്നു.
സ്‌നേഹത്തോടെ,
Jasminsha Manthadathil