'ഇത്ര ക്രൂരത അരുത്, മന്ത്രി അഭിനയിച്ചു നാടകം കളിച്ചു എന്നെല്ലാമുള്ള പ്രചാരണം മനുഷ്യത്വമില്ലായ്മയാണ്, ഫോട്ടോ എടുത്തത് മന്ത്രിയുടെ വിഷമം മാറ്റാൻ' ; വിശദീകരണവുമായി നഴ്‌സ്
കണ്ണൂർ റെയിൽവേ സ്റ്റേഷനിലെ കെഎസ്‌യു പ്രതിഷേധത്തിനിടെ പരിക്കേറ്റ് കണ്ണൂർ പരിയാരം മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിയുകയായിരുന്ന മന്ത്രി വീണാ ജോർജിനൊപ്പം ഫോട്ടോ എടുത്തതിൽ വിശദീകരണവുമായി നഴ്‌സിന്റെ കുറിപ്പ്.
പരിയാരം മെഡിക്കൽ കോളെജിലെ നഴ്‌സ് പി സി സ്മിതയാണ് ഫേസ്ബുക്ക് കുറിപ്പിലൂടെ സെൽഫി എടുത്തതിന് പിന്നിലെ കാരണം വ്യക്തമാക്കിയത്. കടുത്ത ശരീര വേദനയ്‌ക്കൊപ്പം മന്ത്രിക്ക് മാനസിക വിഷമവും ഉണ്ടായിരുന്നുവെന്നും മന്ത്രി അഭിനയിച്ചുവെന്നും നാടകം കളിച്ചു എന്നെല്ലാമുള്ള പ്രചാരണം മനുഷ്യത്വമില്ലായ്മയാണ്. മന്ത്രിക്കൊപ്പം ഫോട്ടോ എടുത്തതും പോസ്റ്റ് ചെയ്തതും പിന്തുണ അറിയിക്കാനാണെന്നും സ്മിത ഫേസ്ബുക്കിൽ കുറിച്ചു.
കണ്ണൂർ: കണ്ണൂർ റെയിൽവേ സ്റ്റേഷനിലെ കെഎസ്‌യു പ്രതിഷേധത്തിനിടെ പരിക്കേറ്റ് കണ്ണൂർ പരിയാരം മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിയുകയായിരുന്ന മന്ത്രി വീണാ ജോർജിനൊപ്പം ഫോട്ടോ എടുത്തതിൽ വിശദീകരണവുമായി നഴ്‌സിന്റെ കുറിപ്പ്. പരിയാരം മെഡിക്കൽ കോളെജിലെ നഴ്‌സ് പി സി സ്മിതയാണ് ഫേസ്ബുക്ക് കുറിപ്പിലൂടെ സെൽഫി എടുത്തതിന് പിന്നിലെ കാരണം വ്യക്തമാക്കിയത്. കടുത്ത ശരീര വേദനയ്‌ക്കൊപ്പം മന്ത്രിക്ക് മാനസിക വിഷമവും ഉണ്ടായിരുന്നുവെന്നും മന്ത്രി അഭിനയിച്ചുവെന്നും നാടകം കളിച്ചു എന്നെല്ലാമുള്ള പ്രചാരണം മനുഷ്യത്വമില്ലായ്മയാണ്. മന്ത്രിക്കൊപ്പം ഫോട്ടോ എടുത്തതും പോസ്റ്റ് ചെയ്തതും പിന്തുണ അറിയിക്കാനാണെന്നും സ്മിത ഫേസ്ബുക്കിൽ കുറിച്ചു. മന്ത്രിക്ക് എംആർഐ സ്‌കാൻ ചെയ്തിരുന്നു. കടുത്ത കഴുത്തു വേദനയും ഉയർന്ന രക്തസമ്മർദവുമുണ്ടായിരുന്നു. രാത്രിയിൽ മന്ത്രി ഭക്ഷണം കഴിച്ചില്ല. രണ്ടു മണിക്കൂർ മാത്രമാണ് ഉറങ്ങിയത്. കടുത്ത ശരീര വേദനക്കൊപ്പം മന്ത്രി മാനസികമായി ഏറെ വിഷമം അനുഭവിക്കുന്നുവെന്ന് തങ്ങൾക്ക് മനസ്സിലായെന്നും സ്മിത പറയുന്നു.
ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ്ണരൂപം
എത്ര ക്രൂരമാണ് ഈ ലോകം . ഇന്നലെ രാത്രിയാണ് പ്രിയപ്പെട്ട മിനിസ്റ്റർ Veena George വിദഗ്ധ പരിശോധനക്ക് പരിയാരം മെഡിക്കൽ കോളേജിൽ എത്തുന്നത് . MRI സ്കാൻ രാത്രി തന്നെ ചെയ്തു .കടുത്ത കഴുത്തു വേദന , ഉയർന്ന രക്തസമ്മർദം . രാത്രിയിൽ മിനിസ്റ്റർ ഭക്ഷണം കഴിച്ചില്ല . ഉറങ്ങിയത് രണ്ടു മണിക്കൂർ . കടുത്ത ശരീര വേദനക്കൊപ്പം മിനിസ്റ്റർ മാനസികമായി ഏറെ വിഷമം അനുഭവിക്കുന്നു എന്ന് ഞങ്ങൾക്ക് മനസ്സിലായി . രാവിലെയും ഭക്ഷണം വേണ്ട എന്ന് പറഞ്ഞു . ഞങ്ങൾ നിർബന്ധിച്ചു ഒരു ഇഡലി കഴിപ്പിച്ചു .ആഹാരം കൊടുത്തതിനു ശേഷം കിടത്തുന്നതിനു മുൻപ് ഞങ്ങൾ icu വിലെ സിസ്റ്റേഴ്സ് ഒരു ഫോട്ടോ എടുത്തോട്ടെ എന്ന് മിനിസ്റ്ററോട് ചോദിച്ചു.
മിനിസ്റ്റർ ആകട്ടെ എന്ന് പറഞ്ഞു മിനിസ്റ്റർ അനുഭവിക്കുന്ന ശാരീരികവും മാനസികവുമായ വേദന , ശരീരത്തിനേറ്റ ക്ഷതം ഇവയൊക്കെ നേരിൽ കാണുന്ന ഞങ്ങൾ പ്രിയപ്പെട്ട മിനിസ്റ്ററോട് പറഞ്ഞു ഒന്നും വിഷമിക്കേണ്ട ഞങ്ങൾ എല്ലാവരും കൂടെ ഉണ്ട് . മിനിസ്റ്ററെ ചേർത്ത് പിടിച്ചൊരു ഫോട്ടോ അങ്ങനെ എടുത്തതാണ് . എന്റെ ഉൾപ്പടെ പിന്തുണ അറിയിക്കൽ കൂടിയാണത് . മന്ത്രിയെന്നതിനു അപ്പുറം സഹോദരതുല്യം ആണ് ഞങ്ങളോട് ഇടപെട്ടത് . ഞങ്ങൾക്കും കുറഞ്ഞ മണിക്കൂറുകൾക്കുള്ളിൽ മിനിസ്റ്ററോട് അത്രയും അടുപ്പം ഉണ്ടായി . അതുകൊണ്ടാണ് ഈ ഫോട്ടോ എടുത്തത് . മിനിസ്റ്റർ അഭിനയിച്ചു , നാടകം കളിച്ചു എന്ന പ്രചാരണം മനുഷ്യത്വം ഇല്ലായ്മയാണ്.മിനിസ്റ്റർക്കെതിരെയുള്ള വ്യക്തിപരമായ പ്രചരണങ്ങളിലെ അസത്യം ഞങ്ങൾ നേരിട്ട് തിരിച്ചറിയുന്നു . ആക്ഷേപിക്കുന്നവരോട് , മന്ത്രി cannula ഇട്ടിട്ടുണ്ട് . ഭക്ഷണസമയം disconnect ചെയ്തതാണ് .സൂചി ഇട്ടിട്ടുണ്ട് . മുൻപ് ഇട്ടയിടത്തു നിറം മാറ്റം ഉണ്ടായതു കൊണ്ട് കൈത്തണ്ടയുടെ lower ഭാഗത്താണ് ഇട്ടതു .
ഇത്ര ക്രൂരത അരുത്. ദയവായി അല്പം ദയ കാണിക്കുക .
അതേസമയം വീണാ ജോർജ് ഇന്ന് പുലർച്ചെ ആശുപത്രി വിട്ടു. കണ്ണൂരിൽ നിന്ന് ഔദ്യോഗിക വാഹനത്തിൽ റോഡ് മാർഗം മന്ത്രി തലസ്ഥാനത്തേക്ക് തിരിക്കുകയായിരുന്നു. തുടർ ചികിത്സകൾ തിരുവനന്തപുരം മെഡിക്കൽ കോളെജിൽ നടക്കും. ഇന്നലെ രാത്രിയിൽ ഓൺലൈനായി ചേർന്ന ഡോക്ടർമാരുടെ മെഡിക്കൽ ബോർഡ് യോഗത്തിൽ മന്ത്രിയുടെ ആരോഗ്യനില മെച്ചപ്പെട്ടതായി ഡോക്ടർമാർ വിലയിരുത്തിയിരുന്നു. ഇതിന് പിന്നാലെ മന്ത്രിയും ഡിസ്ചാർജ് ആവശ്യപ്പെട്ടിരുന്നു.
ഈ മാസം 25ന് വൈകീട്ടാണ് മന്ത്രിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. വൈകീട്ട് മൂന്നരയോടെയാണ് കണ്ണൂർ റെയിൽവെ സ്റ്റേഷനിൽ വെച്ച് ആരോഗ്യമന്ത്രിക്ക് നേരെ ആക്രമണമുണ്ടായത്. കെഎസ്യു പ്രവർത്തകരുടെ കരിങ്കൊടി പ്രതിഷേധത്തിനിടെ മന്ത്രിയുടെ കഴുത്തിനും കൈക്കും പരിക്കേൽക്കുകയായിരുന്നു. തുടർന്ന് ആദ്യം ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ച മന്ത്രിയെ പിന്നീട് പരിയാരത്തേക്ക് മാറ്റുകയായിരുന്നു.