'കന്യാസ്ത്രീകള്‍ നിരപരാധികള്‍'; മോചിപ്പിക്കാന്‍ സഹായിക്കാമെന്ന് അമിത് ഷാ ഉറപ്പുനല്‍കിയെന്ന് രാജീവ് ചന്ദ്രശേഖര്‍

അനൂപ് ആന്റണി പ്രധാനമന്ത്രിയെ കണ്ട് കാര്യങ്ങള്‍ ധരിപ്പിച്ചു

 

ചിലര്‍ രാഷ്ട്രീയ നാടകം കളിച്ചതിന്റെ ഫലമാണ് കോടതിയില്‍ നിന്നുണ്ടായ തിരിച്ചടിയെന്നും രാജീവ് ചന്ദ്രശേഖര്‍ ആരോപിച്ചു.

ഛത്തീസ്ഗഡില്‍ അറസ്റ്റിലായ കന്യാസ്ത്രീകള്‍ നിരപരാധികളാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍. അവരുടെ മോചനത്തിനായി സഹായിക്കാമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ഉറപ്പുനല്‍കിയതായും രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു. കന്യാസ്ത്രീകളുടെ ജാമ്യാപേക്ഷയെ എതിര്‍ക്കില്ലെന്ന് ഛത്തീസ്ഗഡ് സര്‍ക്കാര്‍ അറിയിച്ചിട്ടുണ്ടെന്നും രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു. സിറോ മലബാര്‍ സഭാ ആസ്ഥാനത്ത് എത്തി മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു രാജീവ് ചന്ദ്രശേഖര്‍.

മൂന്ന് ദിവസം മുന്‍പാണ് സഭാ നേതൃത്വം പാര്‍ട്ടിയുടെ സഹായം തേടി ബന്ധപ്പെട്ടത്. ഷോണ്‍ ജോര്‍ജിനെ അയയ്ക്കാനായിരുന്നു പ്ലാന്‍. പിന്നീട് അനൂപ് ആന്റണിയെ അയച്ചു. ഛത്തീസ്ഗഡിലെ മന്ത്രിമാരോട് അന്ന് തന്നെ കാര്യങ്ങള്‍ സംസാരിച്ചു. മനുഷ്യക്കടത്തിന് ഛത്തീസ്ഗഡില്‍ പ്രത്യേക നിയമമുണ്ട്. അതനുസരിച്ചാണ് അവര്‍ക്കതിരെ കേസെടുത്തത്. കന്യാസ്ത്രീകള്‍ക്കുണ്ടായത് നടപടിക്രമങ്ങളിലെ വീഴ്ചയാകാമെന്നും അവര്‍ നിരപരാധികളാണെന്നും താന്‍ അവരോട് പറഞ്ഞുവെന്നും രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു. കേരളത്തില്‍ നിന്ന് പോയ അനൂപ് ആന്റണി പ്രധാനമന്ത്രിയെ കണ്ട് കാര്യങ്ങള്‍ ധരിപ്പിച്ചു. ഉടന്‍ തന്നെ അദ്ദേഹം വിഷയത്തില്‍ ഇടപെടണമെന്നാവശ്യപ്പെട്ട് കേന്ദ്ര ആഭ്യന്തരമന്ത്രിക്ക് നിര്‍ദേശം നല്‍കി. ഇതിന് ശേഷമാണ് കന്യാസ്ത്രീകളുടെ മോചനം സാധ്യമാക്കുമെന്ന് അമിത് ഷാ ഉറപ്പ് നല്‍കിയതെന്നും രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു.

ചിലര്‍ രാഷ്ട്രീയ നാടകം കളിച്ചതിന്റെ ഫലമാണ് കോടതിയില്‍ നിന്നുണ്ടായ തിരിച്ചടിയെന്നും രാജീവ് ചന്ദ്രശേഖര്‍ ആരോപിച്ചു. ഒന്നോ രണ്ടോ ദിവസത്തിനകം ജാമ്യം കിട്ടുമെന്നാണ് പ്രതീക്ഷിക്കുന്നത്. മലയാളികള്‍ എവിടെ പ്രശ്നത്തില്‍പ്പെട്ടാലും അവരെ സഹായിക്കാന്‍ തങ്ങള്‍ ഇറങ്ങും. വോട്ട് ബാങ്കായി വിഷയത്തെ കാണാന്‍ കഴിയില്ലെന്നും രാജീവ് ചന്ദ്രശേഖര്‍ കൂട്ടിച്ചേര്‍ത്തു.