നാഷണൽ ഓവർസീസ് സ്കോളർഷിപ്പ്: സീറ്റുകളുടെ എണ്ണം ഉയർത്തും

പട്ടികജാതി, പട്ടികവർഗ വിഭാഗങ്ങളിൽപ്പെട്ട വിദ്യാർത്ഥികൾക്കായുള്ള നാഷണൽ ഓവർസീസ് സ്കോളർഷിപ്പ് പദ്ധതിയിൽ മാറ്റങ്ങൾ . 2026-27 അധ്യായന വർഷം മുതൽ സ്കോളർഷിപ്പ് സീറ്റുകളുടെ എണ്ണം ഗണ്യമായി വർദ്ധിപ്പിക്കാൻ കേന്ദ്ര സർക്കാർ തീരുമാനിച്ചു
 


ന്യൂഡൽഹി: പട്ടികജാതി, പട്ടികവർഗ വിഭാഗങ്ങളിൽപ്പെട്ട വിദ്യാർത്ഥികൾക്കായുള്ള നാഷണൽ ഓവർസീസ് സ്കോളർഷിപ്പ് പദ്ധതിയിൽ മാറ്റങ്ങൾ . 2026-27 അധ്യായന വർഷം മുതൽ സ്കോളർഷിപ്പ് സീറ്റുകളുടെ എണ്ണം ഗണ്യമായി വർദ്ധിപ്പിക്കാൻ കേന്ദ്ര സർക്കാർ തീരുമാനിച്ചു. സീറ്റുകൾ വർദ്ധിപ്പിക്കുമ്പോഴും അനുവദിച്ച തുകയിൽ കുറവ് രേഖപ്പെടുത്തിയത് പാർലമെന്ററി സമിതിയുടെ വിമർശനത്തിന് ഇടയാക്കിയിട്ടുണ്ട്


പ്രധാന മാറ്റങ്ങൾ:

    സീറ്റുകളുടെ വർദ്ധനവ്: പട്ടികജാതി വിദ്യാർത്ഥികൾക്കുള്ള സീറ്റുകൾ 125-ൽ നിന്ന് 250 ആയി ഉയർത്തും. പട്ടികവർഗ വിഭാഗത്തിന്റേത് 20-ൽ നിന്ന് 50 ആയും വർദ്ധിപ്പിക്കും.

    അലവൻസ് വർദ്ധനവ്: എസ്ടി വിദ്യാർത്ഥികൾക്കുള്ള വാർഷിക മെയിന്റനൻസ് അലവൻസ് 15,400 ഡോളറിൽ നിന്ന് 19,250 ഡോളറായി വർദ്ധിപ്പിക്കാൻ നിർദ്ദേശമുണ്ട്.

    വരുമാന പരിധി: എസ്ടി വിദ്യാർത്ഥികളുടെ കുടുംബ വാർഷിക വരുമാന പരിധി ആറ് ലക്ഷത്തിൽ നിന്ന് എട്ട് ലക്ഷമായി ഉയർത്തുന്നതും പരിഗണനയിലുണ്ട്. ഇതോടെ എസ്‌സി വിഭാഗത്തിന് തുല്യമായ യോഗ്യതാ മാനദണ്ഡം ഇവർക്കും ലഭിക്കും.

ബിജെപി എംപി പി.സി. മോഹൻ അധ്യക്ഷനായ സമിതി ചില പോരായ്മകളും ചൂണ്ടിക്കാട്ടി.

    ഫണ്ടിലെ അപര്യാപ്തത: എസ്‌സി വിഭാഗത്തിനുള്ള സ്കോളർഷിപ്പ് സീറ്റുകൾ ഇരട്ടിയാക്കുമ്പോഴും ബജറ്റ് വിഹിതം കഴിഞ്ഞ വർഷത്തെ 130 കോടിയിൽ നിന്ന് 125 കോടിയായി കുറഞ്ഞു. 125 പേർക്ക് നൽകിയിരുന്ന തുക കൊണ്ട് എങ്ങനെ 250 പേർക്ക് സ്കോളർഷിപ്പ് നൽകുമെന്ന് സമിതി ചോദ്യമുന്നയിച്ചു.

    തുക വിനിയോഗിക്കുന്നതിലെ കുറവ്: അനുവദിച്ച തുക പൂർണ്ണമായി ചിലവഴിക്കാൻ മന്ത്രാലയങ്ങൾക്ക് സാധിക്കുന്നില്ലെന്ന് സമിതി നിരീക്ഷിച്ചു. 2025-26 വർഷത്തിൽ അനുവദിച്ച തുകയുടെ 19%-ത്തിൽ കുറവ് മാത്രമാണ് ഫെബ്രുവരി വരെ ചിലവഴിച്ചത്.

പോസ്റ്റ് മെട്രിക് സ്കോളർഷിപ്പിലെ ഇടിവ്

എസ്‌സി വിദ്യാർത്ഥികൾക്കുള്ള പോസ്റ്റ് മെട്രിക് സ്കോളർഷിപ്പ് ഗുണഭോക്താക്കളുടെ എണ്ണം കുറയുന്നതിലും സമിതി ആശങ്ക രേഖപ്പെടുത്തി.

    76.55 ലക്ഷം പേരെ ലക്ഷ്യമിട്ട സ്ഥാനത്ത് 36.07 ലക്ഷം പേർക്ക് (ഏകദേശം 50% മാത്രം) മാത്രമാണ് 2025-26 ൽ ആനുകൂല്യം ലഭിച്ചത്.

    ഇതിന് പരിഹാരമായി കുടുംബ വരുമാന പരിധി 2.5 ലക്ഷത്തിൽ നിന്ന് 4.5 ലക്ഷമായി ഉയർത്താനും പ്രതിമാസ സ്റ്റൈപ്പൻഡ് 4,000 രൂപയിൽ നിന്ന് 8,000 രൂപയായി വർദ്ധിപ്പിക്കാനും മന്ത്രാലയം നിർദ്ദേശിച്ചിട്ടുണ്ട്.