മഞ്ഞുരുക്കലിന് വഴിതുറന്ന് എൻഎസ്എസ്; മന്നം ജയന്തി ഉദ്ഘാടനത്തിന് മുഖ്യമന്ത്രി വി.ഡി. സതീശൻ പെരുന്നയിലേക്ക്

മുഖ്യമന്ത്രി വി.ഡി. സതീശനുമായുണ്ടായിരുന്ന അഭിപ്രായവ്യത്യാസങ്ങളെല്ലാം പറഞ്ഞ് അവസാനിപ്പിച്ചതായി എൻഎസ്എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർ വ്യക്തമാക്കി. പഴയ പരാമർശങ്ങളെല്ലാം മറന്ന് ഇരുവരും സൗഹൃദത്തിലായെന്നും ജനുവരി രണ്ടിന് പെരുന്നയിൽ നടക്കുന്ന മന്നം ജയന്തി ആഘോഷങ്ങൾ ഉദ്ഘാടനം ചെയ്യാൻ മുഖ്യമന്ത്രിയെ ക്ഷണിച്ചതായും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

 

കോട്ടയം: മുഖ്യമന്ത്രി വി.ഡി. സതീശനുമായുണ്ടായിരുന്ന അഭിപ്രായവ്യത്യാസങ്ങളെല്ലാം പറഞ്ഞ് അവസാനിപ്പിച്ചതായി എൻഎസ്എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർ വ്യക്തമാക്കി. പഴയ പരാമർശങ്ങളെല്ലാം മറന്ന് ഇരുവരും സൗഹൃദത്തിലായെന്നും ജനുവരി രണ്ടിന് പെരുന്നയിൽ നടക്കുന്ന മന്നം ജയന്തി ആഘോഷങ്ങൾ ഉദ്ഘാടനം ചെയ്യാൻ മുഖ്യമന്ത്രിയെ ക്ഷണിച്ചതായും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. ഫോണിലൂടെയും കത്ത് മുഖേനയുമാണ് മുഖ്യമന്ത്രിയെ പരിപാടിയിലേക്ക് ക്ഷണിച്ചത്. ക്ഷണം സ്വീകരിച്ച മുഖ്യമന്ത്രി പരിപാടിയിൽ പങ്കെടുക്കാമെന്ന് അറിയിച്ചിട്ടുണ്ട്. അഞ്ച് വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് വി.ഡി. സതീശൻ എൻഎസ്എസ് ആസ്ഥാനമായ പെരുന്നയിലേക്ക് എത്തുന്നത്. മുഖ്യമന്ത്രിക്കൊപ്പം മന്ത്രി കെ. മുരളീധരനും ജയന്തി ദിന സമ്മേളനത്തിൽ പങ്കെടുക്കും.

മുൻകാല പരാമർശങ്ങളുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുമായി സംസാരിച്ചിരുന്നുവെന്നും അന്നത്തെ പ്രത്യേക സാഹചര്യത്തിൽ പറഞ്ഞ കാര്യങ്ങളാണെന്ന് അദ്ദേഹം വ്യക്തമാക്കിയതോടെ താനത് മറന്നുവെന്നും സുകുമാരൻ നായർ പറഞ്ഞു. മുഖ്യമന്ത്രി മന്നം സമാധി സന്ദർശിക്കുമോ എന്ന കാര്യത്തിൽ നിലവിൽ വ്യക്തതയില്ല. എന്നാൽ സമാധി സന്ദർശിക്കാൻ അദ്ദേഹം താല്പര്യം പ്രകടിപ്പിച്ചാൽ അതിനുള്ള സൗകര്യമൊരുക്കും.

എൻഎസ്എസ് കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്ക് മുന്നിൽ നിലവിൽ ആവശ്യങ്ങളൊന്നും സമർപ്പിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. മുന്നാക്ക-പിന്നാക്ക ഭേദമന്യേ എല്ലാ വിഭാഗങ്ങളിലെയും പാവപ്പെട്ടവർക്ക് സാമ്പത്തിക അടിസ്ഥാനത്തിൽ സംവരണം നൽകണമെന്നാണ് സംഘടനയുടെ നിലപാട്. ഇക്കാര്യം മുഖ്യമന്ത്രിയുമായി സംസാരിച്ചിട്ടില്ലെന്നും ഔദ്യോഗികമായി അറിയിക്കേണ്ട സമയത്ത് സർക്കാരിനെ അറിയിക്കുമെന്നും സുകുമാരൻ നായർ പറഞ്ഞു. നിയമസഭാ തിരഞ്ഞെടുപ്പിന് മുമ്പും ശേഷവും വി.ഡി. സതീശനെതിരെ ജി. സുകുമാരൻ നായർ രൂക്ഷമായ വിമർശനങ്ങൾ ഉന്നയിച്ചിരുന്നു. ഇരുവരും തമ്മിലുള്ള ഭിന്നതകൾക്ക് വിരാമമിട്ടുകൊണ്ടാണ് പുതിയ നീക്കം.