കാണേണ്ടത് പോലെ  കണ്ടില്ലെങ്കിൽ ഒരു കാര്യവും നടക്കില്ല; കൈക്കൂലി വാങ്ങവെ വിജിലൻസിന്റെ പിടിയിലായ മിനറൽ റവന്യൂ ഇൻസ്പെക്ടർ പി.പി ശ്രീധരൻ ഒരു ചെറിയ മീനല്ല 

പൂഴി മണ്ണ് ശേഖരിച്ച് വിൽപ്പന നടത്തുന്നതിനുള്ള അനുമതിക്കായി 15,000 രൂപ കൈക്കൂലി വാങ്ങവെ വിജിലൻസിന്റെ പിടിയിലായ ജില്ലാ മൈനിംഗ് ആൻ്റ് ജിയോളജി ഓഫീസിലെ മിനറൽ റവന്യൂ ഇൻസ്പെക്ടർ കുറ്റേരി കണ്ണൻചിറ സ്വദേശി പി.പി ശ്രീധരൻ (49) ചെറിയ മീനല്ല. തന്നെ കാണേണ്ടതുപോ ലെ കണ്ടില്ലെങ്കിൽ ഒരു കാര്യവും നടക്കില്ലെന്നാണ് ഇയാൾ ഇടപാടുകാരോട് നിരന്തരമായി പറയാറുള്ളതത്രെ. മിനിമം കൈക്കൂലി 30,000രൂപയാണ്.

 

 

 

കണ്ണൂർ : പൂഴി മണ്ണ് ശേഖരിച്ച് വിൽപ്പന നടത്തുന്നതിനുള്ള അനുമതിക്കായി 15,000 രൂപ കൈക്കൂലി വാങ്ങവെ വിജിലൻസിന്റെ പിടിയിലായ ജില്ലാ മൈനിംഗ് ആൻ്റ് ജിയോളജി ഓഫീസിലെ മിനറൽ റവന്യൂ ഇൻസ്പെക്ടർ കുറ്റേരി കണ്ണൻചിറ സ്വദേശി പി.പി ശ്രീധരൻ (49) ചെറിയ മീനല്ല. തന്നെ കാണേണ്ടതുപോ ലെ കണ്ടില്ലെങ്കിൽ ഒരു കാര്യവും നടക്കില്ലെന്നാണ് ഇയാൾ ഇടപാടുകാരോട് നിരന്തരമായി പറയാറുള്ളതത്രെ. മിനിമം കൈക്കൂലി 30,000രൂപയാണ്. അത്യാവശ്യത്തിനനുസരിച്ച് കൈക്കൂലിയുടെ തോതും കൂടും രണ്ട് ഘട്ടങ്ങളിലായാണ് കൈക്കൂലി തുക കൈപ്പറ്റുക. സൈറ്റ് സന്ദർശിക്കുമ്പോൾ അഡ്വാൻസായി ഒരു തുക നൽകണം. പിന്നീട് അനുമതി നൽകുമ്പോൾ ബാക്കി തുകയും നൽകണം.ഗൂഗിൾ പേ വഴിയോ, കയ്യിൽ നേരിട്ടോ കൈക്കൂലിപ്പണം ശ്രീധരൻ സ്വീകരിക്കാറില്ലത്രെ. പകരം ഇയാളുടെ കൈവശമുള്ള ഒരു പുസ്ത‌കത്തിലോ അല്ലെങ്കിൽ ഒരു ഫയലിലോ പണം വെക്കാനാണ് ആവശ്യപ്പെടുക. ഇന്നലെ ചെറുകുന്ന് സ്വദേശിയിൽ നിന്ന് പണം വാങ്ങവെയാണ് ശ്രീധരൻ കുടുങ്ങിയത്.

ഇന്നലെ തന്നെ മൊത്തം 60,000 രൂപ കൈക്കൂലിയായി ഇയാൾ സമാഹരിച്ചിരുന്നതായി സൂചന ലഭിച്ചിട്ടുണ്ട്. ചെറുകുന്ന് സ്വദേശിയെ  കൂടാതെ മറ്റ് ചിലരിൽ നിന്നു കൂടി ഇയാൾ കൈക്കൂലി ഇന്നലെ കൈപ്പറ്റിയിട്ടുണ്ടത്രെ, എന്നാൽ ചെറുകുന്ന്  സ്വദേശി ഒഴികെ മറ്റാരും പരാതി നൽകിയിട്ടില്ല.  ശ്രീധരന്റെ കൈക്കൂലി സംബന്ധിച്ച് വിജിലൻസിന് നേരത്തെ നിരവധി പേർ വിവരം നൽകിയിരുന്നു. ഇതേത്തുടർന്ന് കുറച്ചുകാലമായി ഇയാൾ വിജിലൻസിന്റെ നിരീക്ഷണത്തിലായിരുന്നു. എന്നാൽ മണൽ ശേഖരിക്കുന്നവരിൽ പലരും വഴിവിട്ടനിലയിലാണ് അനുമതി നേടിയെടുക്കാറുള്ളത് എന്നതിനാൽ പലരും പരാതി നൽകാൻ മടിക്കുകയായിരുന്നു. എന്നാൽ ചെറുകുന്ന് സ്വദേശി നേരായ' മാർഗത്തിലൂടെ അനുമതിക്കായി സമീപിക്കുകയായിരുന്നു. അതിനാലാണ് പരാതി നൽകാൻ തയ്യാറായത്.

2025 ജൂൺ മാസത്തിൽ കണ്ണൂർ മൈനിംഗ് ആന്റ് ജിയോളജി ഓഫീസിൽ അനുമതിക്കായി അപേക്ഷ നൽകിയിരുന്നു. എന്നാൽ കാലതാമസം നേരിട്ടതോടെ പരാതിക്കാരൻ ഹൈക്കോടതിയെ സമീപിച്ച് അനുകൂല വിധി നേടി. ഇതിനെത്തുടർന്ന് കഴിഞ്ഞ എട്ടാം തീയതി ജിയോളജി ഓഫീസിൽ നിന്ന് പരാതിക്കാരനെ ബന്ധപ്പെട്ട് രേഖകൾ ഹാജരാക്കാൻ ആവശ്യപ്പെട്ടു. രേഖകളുമായി പി.പി ശ്രീധരനെ സമീപിച്ചപ്പോൾ ഇൻസ്പെക്ഷൻ നടത്തുന്നതിനായി പിന്നീട് എത്താമെന്നു പറഞ്ഞ് തിരിച്ചയക്കുകയായിരുന്നു. 

എന്നാൽ ഇൻസ്പെക്ഷന് ശ്രീധരൻ എത്തിയില്ല. ഇതേത്തുടർന്ന് ശ്രീധരനെ നേരിൽ കണ്ട പ്പോൾ തന്നെ വേണ്ട രീതിയിൽ കാണണമെന്നും അല്ലെങ്കിൽ ഫയൽ മുന്നോട്ടുപോകില്ലെന്നും പറഞ്ഞ് 30,000രൂപ ആവശ്യപ്പെടുകയായിരുന്നു. 16-ന് സൈറ്റ് ഇൻസ്പെക്ഷൻ നടത്താൻ എത്തുമ്പോൾ 15,000രൂപ നൽകണമെന്നും പറഞ്ഞുവത്രെ. ഇതേത്തുടർന്നാണ് കണ്ണൂർ വിജിലൻസ് യൂണിറ്റ് ഡപ്യൂട്ടി പോലീസ് സൂപ്രണ്ടിനെ പരാതിക്കാരൻ സമീപിച്ചത്. ഇതോടെ വിജിലൻസ് സംഘം കെണിയൊരുക്കുകയും ഇന്നലെ വൈകുന്നേരം 4.30 ഓടെ ഇരിണാവ് ജംഗ്ഷനിൽ വെച്ച് 15,000രൂപ കൈമാറു മ്പോൾ പിടികൂടുകയുമായിരുന്നു.തുടർന്ന് രാത്രിയിൽ വിജിലൻസ് സംഘം ശ്രീധരന്റെ  വീട്ടിൽ റെയ്ഡ് നടത്തി. വീട് പൂട്ടിയിട്ട നിലയിലായിരുന്നു. കഴിഞ്ഞമാസം ശ്രീധരൻ ഭാര്യയെ ആക്രമിച്ചിരുന്നുവത്രെ. ഭാര്യ തളിപ്പറമ്പ് പോലീസിൽ പരാതി നൽകുകയും വീട്ടിൽ നിന്ന് അകന്നുകഴിയുകയുമായിരുന്നു. മക്കളും അമ്മക്കൊപ്പമാണ്. 

പരിസരവാസികളുടെ സഹായത്തോടെ വീട് തുറന്ന് നടത്തിയ പരിശോധനയിൽ ഓഹരി വിപണിയിൽ പണം നിക്ഷേപിച്ചതിൻ്റെ രേഖകളും മൂന്ന് ബാങ്ക് അക്കൗണ്ട് പാസ്ബുക്കുകളും സ്വകാര്യ സൊസൈറ്റികളിൽ നിക്ഷേപം നടത്തിയതിൻ്റെ രേഖകളും പിടിച്ചെടുത്തു. ഓഫീസിലെ രേഖകൾ ഇയാൾ ബാഗിലാക്കി വീട്ടിൽ കൊണ്ടുവരികയാണത്രെ പതിവ്. അത്തരം രേഖകളും പിടിച്ചെടുത്തവയിൽ ഉൾപ്പെടും. വിജിലൻസ് ഡിവൈ.എസ്.പി: ബാബു പെരിങ്ങേത്ത്, ഇൻസ്പെക്ടർമാരായ വിനുമോഹൻ, സുനിൽകുമാർ, എസ്. ഐമാരായ നികേഷ്, രാധാകൃഷ്ണൻ, പ്രവീൺ രാമകൃഷ്‌ണൻ, ഗ്രേഡ് എ.എസ്.ഐമാരായ രാജേഷ്, സജിത്ത്, സീനിയർ സി.പി.ഒമാരായ സുരേഷ്, ഹൈറേഷ്, അജേഷ്, സജിത്ത്, ഷിജിത്ത്, മുകേഷ്, സൂകേഷ്‌കുമാർ, വിജിൻ എന്നി വർ ഉൾപ്പെട്ട സംഘമാണ് കൈക്കൂലിക്കാരനെ കുടുക്കിയത്.