ആനയും കടുവയും പുലിയും മാത്രമല്ല കാട്ടുപോത്തുകളും സജീവം; മൂന്നാറിൽ വന്യമൃഗശല്യം രൂക്ഷം,ഭീതിയിൽ തൊഴിലാളികൾ
മൂന്നാറിൽ വന്യമൃഗശല്യം രൂക്ഷമാകുന്നു. ആനയും കടുവയും പുലിയും മാത്രമല്ല, കാട്ടുപോത്തുകളും തോട്ടം തൊഴിലാളികൾക്ക് വലിയ തോതിൽ ഭീഷണി ഉയർത്തുകയാണ്.വന്യമൃഗങ്ങൾ ജനവാസമേഖലകളിലേക്കും തോട്ടങ്ങളിലേക്കും ഇറങ്ങുന്ന സാഹചര്യം പ്രദേശവാസികളിലും തൊഴിലാളികളിലും വലിയ ആശങ്കയാണ് സൃഷ്ടിക്കുന്നത്.
മൂന്നാർ: മൂന്നാറിൽ വന്യമൃഗശല്യം രൂക്ഷമാകുന്നു. ആനയും കടുവയും പുലിയും മാത്രമല്ല, കാട്ടുപോത്തുകളും തോട്ടം തൊഴിലാളികൾക്ക് വലിയ തോതിൽ ഭീഷണി ഉയർത്തുകയാണ്.വന്യമൃഗങ്ങൾ ജനവാസമേഖലകളിലേക്കും തോട്ടങ്ങളിലേക്കും ഇറങ്ങുന്ന സാഹചര്യം പ്രദേശവാസികളിലും തൊഴിലാളികളിലും വലിയ ആശങ്കയാണ് സൃഷ്ടിക്കുന്നത്. കഴിഞ്ഞ ദിവസം രാവിലെ ദേവികുളം മാനിലാ എസ്റ്റേറ്റിലിറങ്ങിയ കാട്ടുപോത്തുകൾ അരമണിക്കൂറോളമാണ് റോഡിൽ നിലയുറപ്പിച്ചത്. തൊഴിലാളികൾ ശബ്ദമുണ്ടാക്കി ഇവയെ ഓടിക്കാൻ ശ്രമിച്ചെങ്കിലും കാട്ടുപോത്തുകൾ പിൻമാറാൻ തയ്യാറായില്ല. തുടർന്ന് ഭയന്നോടിയാണ് തൊഴിലാളികൾ രക്ഷപ്പെട്ടത്.
തോട്ടങ്ങളിൽ ജോലിക്കിറങ്ങുന്ന തൊഴിലാളികൾക്ക് എപ്പോൾ വേണമെങ്കിലും വന്യമൃഗങ്ങളുടെ മുന്നിൽപ്പെടാമെന്ന ഭീതിയാണുള്ളത്. ഇത്തരം സംഭവങ്ങൾ ആവർത്തിക്കുന്നത് പ്രദേശത്ത് വലിയ അരക്ഷിതാവസ്ഥ സൃഷ്ടിക്കുന്നുണ്ട്. വന്യമൃഗശല്യത്തിന് എത്രയും പെട്ടെന്ന് ശാശ്വത പരിഹാരം കാണണമെന്നാണ് തൊഴിലാളികളുടെയും നാട്ടുകാരുടെയും ശക്തമായ ആവശ്യം.