കേരളത്തിൽ തുലാവർഷ മഴ മുന്നറിയിപ്പ്
തെക്കുപടിഞ്ഞാറൻ കാലവർഷം ഗണ്യമായി കുറഞ്ഞതിന് പിന്നാലെ, വരാനിരിക്കുന്ന തുലാവർഷത്തിൽ സംസ്ഥാനത്ത് മഴലഭ്യതയിൽ പ്രാദേശികമായി വലിയ വ്യത്യാസമുണ്ടാകുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം.
തെക്കുപടിഞ്ഞാറൻ കാലവർഷം ഗണ്യമായി കുറഞ്ഞതിന് പിന്നാലെ, വരാനിരിക്കുന്ന തുലാവർഷത്തിൽ സംസ്ഥാനത്ത് മഴലഭ്യതയിൽ പ്രാദേശികമായി വലിയ വ്യത്യാസമുണ്ടാകുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം. തെക്കൻ ജില്ലകളിൽ കൂടുതൽ മഴ ലഭിക്കാൻ സാധ്യതയുണ്ടെങ്കിലും വടക്കൻ കേരളത്തിൽ സാധാരണയിൽ കുറഞ്ഞ മഴയേ ലഭിക്കൂ. ഇതിന്റെ ഭാഗമായി പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, പാലക്കാട്, മലപ്പുറം ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കൂടാതെ ഒക്ടോബർ 2 ന് ഇടുക്കിയിലും ഒക്ടോബർ 4 ന് പത്തനംതിട്ട, ഇടുക്കി ജില്ലകളിലും പ്രത്യേക മഴ മുന്നറിയിപ്പും നൽകിയിട്ടുണ്ട്.
ഒക്ടോബർ മുതൽ ഡിസംബർ വരെയുള്ള കാലയളവിൽ ഇന്ത്യൻ ഉപദ്വീപിൽ പൊതുവെ സാധാരണ മഴ ലഭിക്കുമെന്നാണ് പ്രവചനമെങ്കിലും, കേരളത്തിൽ ഇത് ഒരേപോലെ ആയിരിക്കില്ല. മൺസൂണിനെ അപേക്ഷിച്ച് തുലാവർഷത്തിന്റെ സ്വഭാവം കൂടുതൽ പ്രവചനാതീതമാണ്. ബംഗാൾ ഉൾക്കടലിൽ രൂപപ്പെടുന്ന ന്യൂനമർദ്ദങ്ങളുടെയും ചുഴലിക്കാറ്റുകളുടെയും സഞ്ചാരപഥത്തെ ആശ്രയിച്ചായിരിക്കും കേരളത്തിലെ തുലാവർഷ ലഭ്യത. അനുകൂലമായ ഒന്നോ രണ്ടോ ചുഴലിക്കാറ്റുകൾ രൂപപ്പെട്ടാൽ പോലും മഴയുടെ അളവിൽ വലിയ മാറ്റങ്ങളുണ്ടായേക്കാം.
കഴിഞ്ഞ ജൂൺ 1 മുതൽ സെപ്റ്റംബർ 30 വരെയുള്ള കാലയളവിൽ 1,446.5 മില്ലീമീറ്റർ മഴ മാത്രമാണ് സംസ്ഥാനത്ത് ലഭിച്ചത്. 1901ന് ശേഷമുള്ള ഏറ്റവും കുറഞ്ഞ ഏഴാമത്തെയും 2001ന് ശേഷമുള്ള നാലാമത്തെയും കുറഞ്ഞ കാലവർഷമായിരുന്നു ഇത്. അതിനാൽ തുലാവർഷത്തിലെ മഴ പ്രതീക്ഷ വലിയ ആശ്വാസമാണ് നൽകുന്നത്. അതേസമയം, തുലാവർഷത്തിലും പകൽ സമയത്തെ താപനില സാധാരണ നിലയേക്കാൾ ഉയർന്നുനിൽക്കാൻ സാധ്യതയുണ്ട്. സാധാരണയായി ഉച്ചയ്ക്ക് ശേഷമോ രാത്രിയിലോ ആയിരിക്കും ഈ കാലയളവിൽ ഇടിമിന്നലോടു കൂടിയ മഴ ഉണ്ടാകുക.