ഇടുക്കിയിൽ തുലാവർഷം ശക്തം ; കല്ലാർ ഡാമിന്റെ ഷട്ടറുകൾ തുറക്കും 

ഇടുക്കിയിൽ തുലാവർഷം ശക്തമായതോടെ ഹൈറേഞ്ച് മേഖലയിൽ കനത്ത മഴ. ജലനിരപ്പ് ഉയരുന്ന സാഹചര്യത്തിൽ കല്ലാർ ഡാമിന്റെ നാല് ഷട്ടറുകളും തുറക്കാൻ തീരുമാനിച്ചു.
 

 ചെറുതോണി: ഇടുക്കിയിൽ തുലാവർഷം ശക്തമായതോടെ ഹൈറേഞ്ച് മേഖലയിൽ കനത്ത മഴ. ജലനിരപ്പ് ഉയരുന്ന സാഹചര്യത്തിൽ കല്ലാർ ഡാമിന്റെ നാല് ഷട്ടറുകളും തുറക്കാൻ തീരുമാനിച്ചു. രാത്രി എട്ട് മണി മുതൽ ഷട്ടറുകൾ 20 സെന്റിമീറ്റർ വീതം ഉയർത്തും. അതേസമയം, കൊച്ചി–ധനുഷ്കോടി ദേശീയപാത 85-ൽ അടിമാലി–മൂന്നാർ റൂട്ടിലെ രണ്ടാം മൈലിൽ കൂറ്റൻ പാറ റോഡിലേക്ക് പതിച്ചതിനെ തുടർന്ന് ഇതുവഴിയുള്ള വാഹനഗതാഗതം പൂർണമായി നിരോധിച്ചു. സുരക്ഷാ ഭീഷണി ഒഴിവാക്കുന്നതുവരെ നിരോധനം തുടരുമെന്ന് ജില്ലാ കളക്ടർ ഡോ. ദിനേശൻ ചെറുവാട്ട് അറിയിച്ചു.

കല്ലാർ ഡാമിന്റെ വൃഷ്ടിപ്രദേശങ്ങളിൽ തുടർച്ചയായി മഴ പെയ്യുന്നതും ജലനിരപ്പ് റെഡ് അലർട്ട് നിലയിലേക്ക് ഉയരുന്നതുമാണ് ഷട്ടറുകൾ തുറക്കാൻ കാരണം. നിലവിൽ 821 മീറ്ററാണ് ഡാമിലെ ജലനിരപ്പ്. പരമാവധി സംഭരണനിരപ്പ് 824.48 മീറ്ററാണ്. ഷട്ടറുകൾ തുറക്കുന്നതോടെ സെക്കൻഡിൽ 80 ക്യുബിക് മീറ്റർ വരെ വെള്ളം പുറത്തേക്ക് ഒഴുക്കിവിടും. ചിന്നാർ, കല്ലാർ പുഴകളുടെ ഇരുകരകളിലും താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് ജില്ലാ കളക്ടർ നിർദേശിച്ചു. ജില്ലയിൽ ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ കേന്ദ്ര കാലാവസ്ഥാ വകുപ്പും മഞ്ഞ ജാഗ്രതാനിർദേശം നൽകിയിട്ടുണ്ട്.

ദേശീയപാത നിർമാണത്തിനായി മണ്ണ് നീക്കുന്നതിനിടെ കഴിഞ്ഞ രാത്രിയാണ് രണ്ടാം മൈലിൽ കൂറ്റൻ പാറ റോഡിലേക്ക് പതിച്ചത്. ഇതിനു പുറമേ അപകടകരമായി നിൽക്കുന്ന മറ്റ് പാറകളും വൻമരങ്ങളും പ്രദേശത്തുണ്ട്. റോഡിൽ പതിച്ച പാറ പൊട്ടിച്ചുനീക്കുന്നതിനും മറ്റ് തടസ്സങ്ങൾ സുരക്ഷിതമായി മാറ്റുന്നതിനും മൂന്ന് ദിവസം വേണ്ടിവരുമെന്നാണ് വിലയിരുത്തൽ. യാത്രക്കാരുടെ സുരക്ഷ മുൻനിർത്തിയാണ് ഗതാഗതം നിരോധിച്ചത്. തടസ്സങ്ങൾ നീക്കി മൂന്ന് ദിവസത്തിനകം പ്രവൃത്തികൾ പൂർത്തിയാക്കാൻ ദേശീയപാത അതോറിറ്റി ഓഫ് ഇന്ത്യയുടെ പ്രോജക്ട് ഡയറക്ടർക്ക് കളക്ടർ നിർദേശം നൽകിയിട്ടുണ്ട്. വിദഗ്ധ സാങ്കേതിക സമിതി അപകടസാധ്യത പൂർണമായി ഒഴിവാക്കിയെന്ന് ഉറപ്പുവരുത്തിയ ശേഷമേ ഗതാഗതം പുനരാരംഭിക്കൂ.

ഗതാഗതം നിരോധിച്ച സാഹചര്യത്തിൽ മൂന്നാറിൽ നിന്ന് അടിമാലിയിലേക്ക് പോകുന്ന വാഹനങ്ങൾ രണ്ടാം മൈലിൽ നിന്ന് തിരിഞ്ഞ് ആനച്ചാൽ, ഇരുട്ടുകാനം വഴി യാത്ര തുടരണം. അടിമാലിയിൽ നിന്ന് മൂന്നാറിലേക്ക് പോകുന്നവർ ഇരുട്ടുകാനത്തുനിന്ന് ആനച്ചാൽ വഴി രണ്ടാം മൈലിലെത്തി മുന്നോട്ടുപോകണം. മാങ്കുളത്തേക്ക് പോകുന്നവർ ഇരുട്ടുകാനത്തുനിന്ന് കല്ലാർ ജങ്ഷനിലെത്തി തിരിയണം. കല്ലാർ ഡാമിലെ വെള്ളം തുറന്നുവിടുന്ന സാഹചര്യത്തിൽ പുഴയോരത്തുള്ളവരും പാറവീഴ്ചയെത്തുടർന്ന് യാത്ര ചെയ്യുന്നവരും അതീവ ജാഗ്രത പാലിക്കേണ്ടതുണ്ട്. മഴയും റോഡിലെ അപകടസാധ്യതയും കണക്കിലെടുത്ത് അധികൃതർ നൽകുന്ന നിർദേശങ്ങൾ പാലിക്കണമെന്ന് അറിയിച്ചിട്ടുണ്ട്.