കോട്ടയം മറിയപ്പള്ളിയിൽ നിർമ്മാണ ജോലിക്കിടെ മണ്ണിടിഞ്ഞ് വീണ് അപകടത്തിൽപ്പെട്ട ഇതര സംസ്ഥാന തൊഴിലാളിയെ രക്ഷപ്പെടുത്തി 

 

കോട്ടയം: കോട്ടയം മറിയപ്പള്ളിയിൽ നിർമ്മാണ ജോലിക്കിടെ മണ്ണിടിഞ്ഞ് വീണ് അപകടത്തിൽ പെട്ട ഇതര സംസ്ഥാന തൊഴിലാളിയെ രക്ഷിച്ചു. ബംഗാൾ സ്വദേശി സുശാന്താണ് ജോലിക്കിടെ മണ്ണിടിഞ്ഞ് വീണ് അപകടത്തിൽ പെട്ടത്. രാവിലെ 9.30ഓടെയായിരുന്നു സംഭവം. ഒരു വീടിന്‍റെ നിർമാണ പ്രവ‍ർത്തനം നടക്കുന്നതിനിടെയാണ് അപകടം ഉണ്ടായത്. രക്ഷപ്പെടുത്താനുള്ള ശ്രമത്തിനിടെ വീണ്ടും മണ്ണിടിഞ്ഞ് വീണ് നിഷാന്ത് കൂടുതൽ ആഴത്തിലേക്ക് പോകുകയായിരുന്നു. ഫയർഫോഴ്സിന്‍റേയും പൊലിസിന്‍റേയും ശ്രമകരമായ പ്രവർത്തനത്തിനൊടുവിലാണ് വലിയ പരിക്കുകൾ ഇല്ലാതെ സുശാന്തിനെ പുറത്തെടുത്തത് .

10മണിയോടെ തുടങ്ങിയ രക്ഷാ പ്രവർത്തനം 11.30ഓടെയാണ് അവസാനിച്ചത്. സുശാന്തും മറ്റ് മൂന്നുപേരും നി‍ർമാണ ജോലികൾ ചെയ്യുന്നതിനിടെ മണ്ണിടിഞ്ഞ് വീഴുകയായിരുന്നു. ബാക്കി മൂന്നുപേരും ഓടി രക്ഷപ്പെട്ടു. മണ്ണിനടിയിൽ പെട്ടുപോയ സുശാന്തിനെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ വീണ്ടും മണ്ണിടിഞ്ഞ് പൂ‍ർണമായും ശരീരം മൂടിയത് വലിയ വെല്ലുവിളിയായി. 

മണ്ണ് മാന്തി യന്ത്രം കൊണ്ടുവന്നശേഷം അതീവ ശ്രദ്ധയോടെ സമയമെടുത്ത് നടത്തിയ രക്ഷാ പ്രവ‍ർത്തനത്തിൽ ശരീരം മുഴുവൻ മൂടിയ മണ്ണ് മാറ്റി. അരയ്ക്ക് മുകളിലേക്കുള്ള ഭാഗം ആദ്യം പുറത്ത് കണ്ടു. മണ്ണിനടിയിൽ പെട്ടുപോയ സുശാന്തിന് ഓക്സിജൻ നൽകിയാണ് ജീവൻ നിലനിർത്താനുള്ള ശ്രമം നടത്തിയത്. കൂടുതൽ പരിക്കുകൾ ഏൽപ്പിക്കാതെ നടത്തിയ അതി തീവ്ര ശ്രമത്തിനൊടുവിൽ സുശാന്തിനെ പൂ‍ർണമായും പുറത്തെടുത്തു.മണിക്കൂറുകൾ മണ്ണിനടിയിൽ പെട്ട സുശാന്തിന് പ്രാഥമിക ചികിൽസ നൽകിയ ശേഷം ആശുപത്രിയിലേക്ക് മാറ്റി.