നോൺ-ക്രീമിലെയർ വരുമാന പരിധി നിശ്ചയിക്കുമ്പോൾ സ്വകാര്യ മേഖലയിൽ ജോലി ചെയ്യുന്നവരുടെ ശമ്പള വരുമാനം ഒഴിവാക്കാനാവില്ല : ഹൈകോടതി
നോൺ-ക്രീമിലെയർ വരുമാന പരിധി നിശ്ചയിക്കുമ്പോൾ സ്വകാര്യ മേഖലയിൽ ജോലി ചെയ്യുന്നവരുടെ ശമ്പള വരുമാനം ഒഴിവാക്കാനാവില്ലെന്ന് ഹൈകോടതി. ശമ്പള വരുമാനവും കാർഷിക വരുമാനവും കൂട്ടിച്ചേർത്തു പരിഗണിക്കരുതെന്ന സർക്കാർ ഉത്തരവിലൂടെ ലക്ഷ്യമിടുന്നത് രണ്ടുതരം വരുമാനങ്ങളും വെവ്വേറെ കണക്കാക്കണമെന്നാണ്. ശമ്പള വരുമാനം പൂർണമായും ഒഴിവാക്കാനാവില്ലെന്നും ജസ്റ്റിസ് ബെച്ചു കുര്യൻ തോമസിൻറെ ഉത്തരവിൽ പറയുന്നു.
കൊച്ചി: നോൺ-ക്രീമിലെയർ വരുമാന പരിധി നിശ്ചയിക്കുമ്പോൾ സ്വകാര്യ മേഖലയിൽ ജോലി ചെയ്യുന്നവരുടെ ശമ്പള വരുമാനം ഒഴിവാക്കാനാവില്ലെന്ന് ഹൈകോടതി. ശമ്പള വരുമാനവും കാർഷിക വരുമാനവും കൂട്ടിച്ചേർത്തു പരിഗണിക്കരുതെന്ന സർക്കാർ ഉത്തരവിലൂടെ ലക്ഷ്യമിടുന്നത് രണ്ടുതരം വരുമാനങ്ങളും വെവ്വേറെ കണക്കാക്കണമെന്നാണ്. ശമ്പള വരുമാനം പൂർണമായും ഒഴിവാക്കാനാവില്ലെന്നും ജസ്റ്റിസ് ബെച്ചു കുര്യൻ തോമസിൻറെ ഉത്തരവിൽ പറയുന്നു.
പ്രഫഷനൽ കോഴ്സുകളിലെ പ്രവേശനത്തിന് സംവരണത്തിനായി നോൺ -ക്രീമിലെയർ സർട്ടിഫിക്കറ്റ് അനുവദിക്കണമെന്നാവശ്യപ്പെട്ട് സമർപ്പിച്ച രണ്ട് ഹരജികൾ തള്ളിയ ഉത്തരവിലാണ് കോടതിയുടെ നിരീക്ഷണം.
ഹൈദരാബാദിലെ സ്വകാര്യ കമ്പനിയിലെ സീനിയർ വൈസ് പ്രസിഡൻറിൻറെ മകളും യു.കെയിലെ ബാർക്ലേയ്സ് ബാങ്കിൽ ലീഡ് സൊലൂഷൻ ആർക്കിടെക്ടായ പ്രവാസിയുടെ മകനുമാണ് ഹരജിക്കാർ. ശമ്പള വരുമാനം ഒഴിവാക്കി നോൺ -ക്രീമിലെയർ സർട്ടിഫിക്കറ്റ് നൽകണമെന്നാവശ്യപ്പെട്ടായിരുന്നു ഹരജി. ഒന്നാം ഹരജിക്കാരിയുടെ പിതാവിന് പ്രതിവർഷം 1.12 കോടി രൂപയിലധികം ശമ്പള വരുമാനവും ആഡംബര കാറുകളും ഫ്ലാറ്റുകളും സ്വന്തമായുണ്ടെന്നും സർക്കാർ കോടതിയെ അറിയിച്ചു. രണ്ടാമത്തെ ഹരജിക്കാരൻറെ പിതാവിന് 33 ലക്ഷം രൂപയാണ് വാർഷിക ശമ്പളം. ഹരജിക്കാർക്ക് നിലവിലെ മാനദണ്ഡപ്രകാരം നോൺ -ക്രീമിലെയർ സർട്ടിഫിക്കറ്റിന് അർഹതയില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി.
പിന്നാക്ക വിഭാഗങ്ങളിലെ അർഹരായവർക്ക് സംവരണ ആനുകൂല്യം ഉറപ്പാക്കാനാണ് ക്രീമിലെയർ പരിധി നിശ്ചയിച്ചത്. ഉയർന്ന വരുമാനമുള്ളവരെ ഇതിൽ ഉൾപ്പെടുത്തുന്നത് ഭരണഘടനാപരമായ തുല്യനീതിക്ക് വിരുദ്ധമാണ്. സ്വകാര്യ മേഖലയിലെ ഉയർന്ന ഉദ്യോഗസ്ഥരെ ക്രീമിലെയർ പരിധിയിൽനിന്ന് ഒഴിവാക്കുന്നത് അർഹരായ മറ്റ് പിന്നാക്ക വിഭാഗക്കാരുടെ അവസരം നഷ്ടപ്പെടുത്തുമെന്നും ഉത്തരവിൽ പറയുന്നു.