'ഒരു രാഷ്ട്രീയക്കാരനും ക്രിസ്ത്യാനിയെ ചുമക്കേണ്ട, ബിഷപ്പുമാര്‍ അടിമകളല്ല'; എഫ്സിആര്‍എയില്‍ പി സി ജോര്‍ജിനെതിരെ കെസിബിസി
രണ്ടരശതമാനം വരുന്ന ക്രിസ്ത്യാനികളാണ് ഈ രാജ്യത്ത് ആതുരാലയങ്ങളും വിദ്യാകേന്ദ്രങ്ങളും നിര്‍മ്മിച്ച് ആരോഗ്യരംഗത്തും വിദ്യാഭ്യാസ രംഗത്തും വിപ്ലവം സൃഷ്ടിച്ചതെന്ന കാര്യം രാഷ്ട്രീയ നേതാക്കള്‍ വിസ്മരിക്കരുത്,
വിരട്ടിയാല്‍ വിരളുന്നവരല്ല സഭാനേതൃത്വം. രാഷ്ട്രീയപാര്‍ട്ടികളുടെ ചരടില്‍ സമുദായങ്ങളെ കെട്ടിയിടാമെന്ന് ആരും വ്യാമോഹിക്കേണ്ട. ആരും തലമറന്ന് എണ്ണ തേക്കരുത്.
വിദേശസംഭാവന നിയന്ത്രണ നിയമത്തിലെ (എഫ്‌സിആര്‍എ) ഭേദഗതിയെ വിമര്‍ശിച്ച ക്രൈസ്തവ സഭാ നേതൃത്വത്തെ അധിക്ഷേപിച്ച പി സി ജോര്‍ജിനെതിരെ കടുത്ത വിമര്‍ശനവുമായി കെസിബിസി. എഫ്‌സിആര്‍എ ഭേദഗതി ബില്ലിലെ വിവാദ വ്യവസ്ഥകള്‍ പിന്‍വലിക്കണമെന്ന ക്രൈസ്തവസഭാ മേലദ്ധ്യക്ഷന്‍മാരുടെ പ്രതികരണങ്ങള്‍ക്കെതിരെ ചില രാഷ്ട്രീയ നേതാക്കളില്‍ നിന്നുയരുന്ന അപസ്വരങ്ങള്‍ അപക്വവും നീതിക്ക് നിരക്കാത്തതുമാണെന്ന് കെസിബിസി മദ്യവിരുദ്ധ സമിതി വക്താവും സംസ്ഥാന സെക്രട്ടറിയുമായ പ്രസാദ് കുരുവിള പറഞ്ഞു.
'ക്രിസ്ത്യാനിയുടെ 'പേറ്റന്റ്' (കുത്തകാവകാശം) ഒരു രാഷ്ട്രീയ പാര്‍ട്ടിയും ഏറ്റെടുക്കണ്ട. സഭാപിതാക്കന്‍മാരുടെ ആശങ്കകള്‍ക്കെതിരെ വെല്ലുവിളിച്ച് പ്രതികരിക്കുന്ന രാഷ്ട്രീയ പാര്‍ട്ടി നേതാക്കള്‍ ഒരു കാര്യം ഓര്‍മ്മിക്കുന്നത് ഉചിതമായിരിക്കും സമുദായ നേതാക്കളോ, ബിഷപ്പുമാരോ നിങ്ങളുടെ ആരുടെയും അടിമകളല്ലെന്നുള്ളത്. തെരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ അരമനകള്‍ കയറിയിറങ്ങുകയും, തെരഞ്ഞെടുപ്പ് കഴിയുമ്പോള്‍ 'പാലം കടക്കുവോളം നാരായണ പാലം കടന്നുകഴിഞ്ഞാല്‍ കൂരായണ' പ്രതിഭാസം ഇവിടെ വിലപ്പോവില്ല. വിരട്ടിയാല്‍ വിരളുന്നവരല്ല സഭാനേതൃത്വം. രാഷ്ട്രീയപാര്‍ട്ടികളുടെ ചരടില്‍ സമുദായങ്ങളെ കെട്ടിയിടാമെന്ന് ആരും വ്യാമോഹിക്കേണ്ട. ആരും തലമറന്ന് എണ്ണ തേക്കരുത്.
ഒരു രാഷ്ട്രീയക്കാരനും ക്രിസ്ത്യാനിയെ ചുമക്കണ്ട. രണ്ടരശതമാനം വരുന്ന ക്രിസ്ത്യാനികളാണ് ഈ രാജ്യത്ത് ആതുരാലയങ്ങളും വിദ്യാകേന്ദ്രങ്ങളും നിര്‍മ്മിച്ച് ആരോഗ്യരംഗത്തും വിദ്യാഭ്യാസ രംഗത്തും വിപ്ലവം സൃഷ്ടിച്ചതെന്ന കാര്യം രാഷ്ട്രീയ നേതാക്കള്‍ വിസ്മരിക്കരുത്,' പ്രസാദ് കുരുവിള പറഞ്ഞു. ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ ക്രൈസ്തവ സഭകളുടെ മുഖമുദ്രയാണെന്നും എഫ്‌സിആര്‍എ വിഷയത്തില്‍ ബിഷപ്പുമാരുടെ ആശങ്കയില്‍ സഭാമക്കളുടെ സമ്പൂര്‍ണ്ണ പിന്തുണ അറിയിക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.
എഫ്‌സിആര്‍എ ഭേദഗതി സംബന്ധിച്ച ചോദ്യത്തില്‍ ബിഷപ്പുമാരെ രൂക്ഷമായ ഭാഷയിലാണ് പൂഞ്ഞാറിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയും ബിജെപി ദേശീയ നിര്‍വാഹകസമിതി അംഗവുമായ പി സി ജോര്‍ജ് അധിക്ഷേപിച്ചത്. രാജ്യത്ത് രണ്ടേകാല്‍ ശതമാനം മാത്രമാണ് ക്രിസ്ത്യാനികളെന്നും ബിജെപിയുടെ മാന്യതകൊണ്ടാണ് ക്രിസ്ത്യാനികളെ ചുമന്നുകൊണ്ട് നടക്കുന്നതെന്നും പി സി ജോര്‍ജ് പറഞ്ഞു. ക്രിസ്ത്യാനികളെ ഇത്രയും കൂടുതല്‍ അംഗീകരിച്ച രാഷ്ട്രീയ പാര്‍ട്ടി വറെയില്ലെന്നും പിസി ജോര്‍ജ് അവകാശപ്പെട്ടു. കോണ്‍ഗ്രസ് ഭരിച്ചപ്പോള്‍ പോലും ഇത്രയും ക്രിസ്ത്യന്‍ മുഖ്യമന്ത്രിമാര്‍ ഉണ്ടായിട്ടില്ല. ഇതൊക്കെ മറച്ചുവെച്ച് ബിഷപ്പുമാര്‍ ഊളത്തരം പറയാന്‍ പാടില്ലെന്നും ജോര്‍ജ് പറഞ്ഞു.
'കുറച്ച് പിതാക്കന്മാര്‍ കോണ്‍ഗ്രസ് വരണമെന്ന അബദ്ധവിചാരവുമായി നടക്കുകയാണ്. താന്‍ ഇതും പരിഗണിക്കുന്നില്ല, ക്രിസ്ത്യാനികളും പരിഗണിക്കില്ല. കുറച്ച് പിതാക്കന്മാര്‍ ഊളത്തരം പറഞ്ഞു നടക്കുകയാണ്. ബിജെപി എന്നു പറഞ്ഞാല്‍ ഹാലിളകുന്നു. അവര്‍ക്ക് തലയ്ക്ക് സ്ഥിരതയില്ല,' എന്നും പി സി ജോര്‍ജ് അധിക്ഷേപിച്ച് സംസാരിച്ചിരുന്നു.