മുസ്ലിം ലീഗ് വര്‍ഗീയ പാര്‍ട്ടിയാണോ എന്നതിന് ആരുടെയും സര്‍ട്ടിഫിക്കറ്റ് ആവശ്യമില്ല ; വെള്ളാപ്പള്ളി നടേശന് മറുപടിയുമായി പി കെ കുഞ്ഞാലിക്കുട്ടി

ചരിത്രമറിയാത്തവരാണ് മുസ്ലിം ലീഗിനെതിരെ വിമര്‍ശനമുന്നയിക്കുന്നതെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു

 

വെള്ളാപ്പള്ളി തന്നെ പലപ്പോഴും മുസ്ലിം ലീഗിന് അനുകൂലമായ നിലപാട് സ്വീകരിച്ചിട്ടുണ്ടെന്നും കുഞ്ഞാലിക്കുട്ടി ചൂണ്ടിക്കാട്ടി.

എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരെ മുസ്ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി. മുസ്ലിം ലീഗ് വര്‍ഗീയ പാര്‍ട്ടിയാണെന്നുള്ള വെള്ളാപ്പള്ളി നടേശന്റെ പ്രതികരണത്തിനെതിരെയാണ് കുഞ്ഞാലിക്കുട്ടി രംഗത്തെത്തിയത്. മുസ്ലിം ലീഗ് വര്‍ഗീയ പാര്‍ട്ടിയാണോ എന്നതിന് ആരുടെയും സര്‍ട്ടിഫിക്കറ്റ് ആവശ്യമില്ലെന്നായിരുന്നു കുഞ്ഞാലിക്കുട്ടിയുടെ പ്രതികരണം.

വെള്ളാപ്പള്ളി തന്നെ പലപ്പോഴും മുസ്ലിം ലീഗിന് അനുകൂലമായ നിലപാട് സ്വീകരിച്ചിട്ടുണ്ടെന്നും കുഞ്ഞാലിക്കുട്ടി ചൂണ്ടിക്കാട്ടി. സംവരണമല്ലാതെ തന്നെ മുസ്ലിം ലീഗ് സ്ഥാനാര്‍ത്ഥികളെ മത്സരിപ്പിച്ചിട്ടുണ്ട്. ചരിത്രമറിയാത്തവരാണ് മുസ്ലിം ലീഗിനെതിരെ വിമര്‍ശനമുന്നയിക്കുന്നതെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

മുസ്ലിം ലീഗ് വര്‍ഗീയ പാര്‍ട്ടിയാണെന്ന ആരോപണവുമായി വെള്ളാപ്പള്ളി നടേശന്‍ രംഗത്തെത്തിയിരുന്നു. മതേതര പാര്‍ട്ടി എന്നാണ് മുസ്ലിം ലീഗ് അവകാശപ്പെടുന്നത്. എന്നാല്‍ തിരഞ്ഞെടുപ്പില്‍ മുസ്ലിം ലീഗ് സ്ഥാനാര്‍ത്ഥിയായി മറ്റ് മതത്തില്‍പ്പെട്ടവരെ ഇതുവരെ മത്സരിപ്പിച്ചിട്ടില്ലെന്നും വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞിരുന്നു. മുസ്ലിം ലീഗ് മതേതര പാര്‍ട്ടിയല്ല. മുസ്ലിം ലീഗ് മതപ്പാര്‍ട്ടിയാണ്. അവരുടെ പേര് തന്നെ മുസ്ലിം കൂട്ടായ്മ എന്നാണ്. അവരുടെ വര്‍ഗത്തെക്കുറിച്ച് അവര്‍ക്ക് നല്ല ധാരണയാണ്. അവരുടെ കാര്യങ്ങള്‍ക്ക് മാത്രമാണ് അവര്‍ പ്രാധാന്യം നല്‍കുന്നതെന്നും വെള്ളാപ്പള്ളി ആരോപിച്ചിരുന്നു.