മന്നം സമാധിയില്‍ പുഷ്പാര്‍ച്ചന നടത്തുന്നതില്‍ ആര്‍ക്കും വിലക്കില്ല; ഡോഗ് സ്‌ക്വാഡിനെ ഉപയോഗിച്ചുള്ള പരിശോധന അംഗീകരിക്കാനാവില്ലെന്ന് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍

മന്നം സമാധിയില്‍ പുഷ്പാര്‍ച്ചന നടത്തുന്നതില്‍ ആര്‍ക്കും വിലക്കില്ലെന്നും പ്രോട്ടോകോള്‍ പാലിക്കണമെന്നുള്ളതാണ് പ്രധാന പ്രശ്‌നമെന്നും എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍. ഡോഗ് സ്‌ക്വാഡിനെ ഉപയോഗിച്ചുള്ള പരിശോധന അംഗീകരിക്കാനാവില്ല. എന്‍എസ്എസ് ക്ഷേത്രം പോലെ കാണുന്ന സ്ഥലമാണ് മന്നം സമാധി.

 

കോട്ടയം: മന്നം സമാധിയില്‍ പുഷ്പാര്‍ച്ചന നടത്തുന്നതില്‍ ആര്‍ക്കും വിലക്കില്ലെന്നും പ്രോട്ടോകോള്‍ പാലിക്കണമെന്നുള്ളതാണ് പ്രധാന പ്രശ്‌നമെന്നും എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍. ഡോഗ് സ്‌ക്വാഡിനെ ഉപയോഗിച്ചുള്ള പരിശോധന അംഗീകരിക്കാനാവില്ല. എന്‍എസ്എസ് ക്ഷേത്രം പോലെ കാണുന്ന സ്ഥലമാണ് മന്നം സമാധി. ഈ കാരണം കൊണ്ടാണ് അന്ന് സന്ദര്‍ശനത്തിന് അനുമതി നിഷേധിച്ചതെന്നും അദ്ദേഹം വിശദീകരിച്ചു.

സുരേഷ് ഗോപിയെ വിലക്കിയത് ബജറ്റ് യോഗത്തില്‍ പ്രവേശിക്കുന്നതിലാണ്. വിഷയത്തില്‍ നേരത്തെ തന്നെ നിലപാട് വ്യക്തമാക്കിയതാണെന്നും ജി സുകുമാരന്‍ നായര്‍ പറഞ്ഞു. ഡല്‍ഹിയില്‍ എന്‍എസ്എസ് പരിപാടിക്കിടയിലുണ്ടായ വിമര്‍ശനത്തില്‍ ഉപരാഷ്ട്രപതിയും സുരേഷ് ഗോപിയും മറുപടി അര്‍ഹിക്കുന്നില്ലെന്ന് സുകുമാരന്‍ നായര്‍ പറഞ്ഞു. ഇക്കാര്യത്തില്‍ പരസ്യ പ്രതികരണത്തിന് ഇല്ലെന്നും അദ്ദേഹം വ്യക്തമാക്കി. പ്രസ്താവനകള്‍ക്ക് പിന്നില്‍ രാഷ്ട്രീയ ഗൂഢലക്ഷ്യങ്ങളുണ്ടെന്നും അദ്ദേഹം ആരോപിച്ചു.

കേരള സന്ദര്‍ശനത്തിനിടെ മന്നം സമാധിയില്‍ പുഷ്പാര്‍ച്ചന നടത്താന്‍ അനുവദിച്ചില്ലെന്ന ആരോപണത്തിലായിരുന്നു ഉപ രാഷ്ട്രപതി സി പി രാധാകൃഷ്ണന്‍ ഇന്നലെ സുകുമാരന്‍ നായര്‍ക്കെതിരെ രംഗത്ത് വന്നത്. നിങ്ങളാണ് എല്ലാമെന്ന് കരുതരുതെന്നായിരുന്നു ഡല്‍ഹിയിലെ മന്നം സ്മൃതി മണ്ഡപത്തിന്റെ അനാച്ഛാദന പരിപാടിക്കിടയിലെ അദ്ദേഹത്തിന്റെ വിമര്‍ശനം. എല്ലാം മന്നത്ത് പത്മനാഭന്റെ സംഭാവനയാണ്. താനാണ് ജനറല്‍ സെക്രട്ടറി, ഇന്നയാള്‍ വരരുത് എന്ന് പറയരുതെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കിയിരുന്നു. എല്ലാവര്‍ക്കും വരാനാകണം എന്ന നയമാണ് സ്വീകരിക്കേണ്ടതെന്നും സി പി രാധാകൃഷ്ണന്‍ ചൂണ്ടിക്കാട്ടിയിരുന്നു.