'ചോദ്യം ചെയ്യാനുള്ള ആര്‍ജവം ആര്‍ക്കും പണയംവെച്ചിട്ടില്ല'; കോണ്‍ഗ്രസ് നേതൃത്വത്തിന് മുന്നറിയിപ്പുമായി എം പി പ്രവീണ്‍
'ചോദ്യം ചെയ്യാനുള്ള ആര്‍ജവം ആര്‍ക്കും പണയംവെച്ചിട്ടില്ല'; കോണ്‍ഗ്രസ് നേതൃത്വത്തിന് മുന്നറിയിപ്പുമായി എം പി പ്രവീണ്‍
അപമാനിക്കാന്‍ തുനിഞ്ഞാല്‍ ഭരണ വിലാസം സംഘടനയായി ഒതുങ്ങി നില്‍ക്കാന്‍ യൂത്ത് കോണ്‍ഗ്രസ് തയ്യാറായെന്ന് വരില്ല
ഭരണമാറ്റം ഉണ്ടായ ശേഷം പല സ്ഥാപനങ്ങളിലും നടത്തുന്ന താല്‍ക്കാലിക നിയമനങ്ങളില്‍ സുതാര്യത വേണം.
കോണ്‍ഗ്രസ് നേതൃത്വത്തിന് മുന്നറിയിപ്പുമായി യൂത്ത് കോണ്‍ഗ്രസ് ആലപ്പുഴ ജില്ലാ പ്രസിഡന്റ് എം പി പ്രവീണ്‍. ചോദ്യം ചെയ്യേണ്ടവ ചോദ്യം ചെയ്യാനുള്ള ആര്‍ജവം ആര്‍ക്കും പണയംവെച്ചിട്ടില്ലെന്ന് പ്രവീണ്‍ ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ പറഞ്ഞു. സംഘടനക്ക് വേണ്ടി വേണ്ടി അടി കൊള്ളാനും സമരം ചെയ്യാനും നടന്നവരെയും അപമാനിക്കാന്‍ തുനിഞ്ഞാല്‍ ഭരണ വിലാസം സംഘടനയായി ഒതുങ്ങി നില്‍ക്കാന്‍ യൂത്ത് കോണ്‍ഗ്രസ് തയ്യാറായെന്ന് വരില്ല. ഭരണമാറ്റം ഉണ്ടായ ശേഷം പല സ്ഥാപനങ്ങളിലും നടത്തുന്ന താല്‍ക്കാലിക നിയമനങ്ങളില്‍ സുതാര്യത വേണം. പരാതികളില്‍ മറുപടിയും നടപടിയും തൃപ്തികരമല്ലെങ്കില്‍ പരസ്യമായി പ്രതികരിക്കാന്‍ തയ്യാറാവുമെന്നും പ്രവീണ്‍ പറഞ്ഞു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം
ഭരണമാറ്റം ഉണ്ടായ ശേഷം പല സ്ഥാപനങ്ങളിലും നടത്തുന്ന താല്‍കാലിക നിയമനങ്ങളില്‍ സുതാര്യത വേണമെന്ന് ആലപ്പുഴ ജില്ലയിലെ പല ബ്ലോക്കുകളിലും ബ്ലോക്ക് പ്രസിഡന്റുമാര്‍ അടക്കമുള്ള നേതൃത്വത്തോട് അഭിപ്രായം പറയുമ്പോള്‍ കേള്‍ക്കാന്‍ തയ്യാറാവാതെ യൂത്ത് കോണ്‍ഗ്രസ്സ് നേതാക്കളെയും സംഘടനക്ക് വേണ്ടി അടി കൊള്ളാനും സമരം ചെയ്യാനും നടന്നവരെയും അപമാനിക്കാന്‍ തുനിഞ്ഞാല്‍ ഭരണ വിലാസം സംഘടനയായി ഒതുങ്ങി നില്‍ക്കാന്‍ യൂത്ത് കോണ്‍ഗ്രസ് തയ്യാറായെന്ന് വരില്ല. ചോദ്യം ചെയ്യേണ്ടവ ചോദ്യം ചെയ്യാനുള്ള ആര്‍ജവം ആര്‍ക്കും പണയം വച്ചിട്ടില്ല. ഉത്തരവാദിത്തപ്പെട്ട നേതാക്കളോട് പാര്‍ട്ടി ഫോറം വഴി അഭിപ്രായവും പരാതിയും പറഞ്ഞിട്ടുണ്ട്. മറുപടിയും നടപടിയും തൃപ്തികരമല്ലെങ്കില്‍ വരും ദിവസങ്ങളില്‍ പരസ്യമായി പ്രതികരിക്കാന്‍ തയ്യാറാവും. കൂടെ നിന്ന് യൗവനം കളഞ്ഞ് പണിയെടുത്ത ചെറുപ്പക്കാരെ അധികാരവും നിയമനങ്ങളും വരുമ്പോള്‍ കാണാതെ പോകാന്‍ യൂത്ത് കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് എന്ന നിലയില്‍ സാധിക്കില്ല. ജില്ലയിലെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ സംരക്ഷിക്കാന്‍ പാര്‍ട്ടിയുടെ നേതാക്കള്‍ക്ക് ബാധ്യതയുണ്ട്. ചെയ്തു കൊടുത്തില്ലെങ്കില്‍ അവര്‍ക്ക് വേണ്ടി ചോദിക്കാന്‍ എനിക്കും ഉത്തരവാദിത്തമുണ്ട്.