കെ സുധാകരന്റെ കൂറും വിശ്വാസ്യതയും ആര്‍ക്കും ചോദ്യം ചെയ്യാനാകില്ല ; വൈകാരിക കുറിപ്പുമായി കെ സി വേണുഗോപാല്‍

പലവിധ താത്പര്യങ്ങള്‍ക്ക് വിധേയപ്പെട്ട് സുധാകരനുമായി ബന്ധപ്പെട്ട അനാരോഗ്യകരമായ ചര്‍ച്ചകള്‍ ഉയര്‍ത്തിയവര്‍ക്ക് ഉള്ള മറുപടിയായിരുന്നു അദ്ദേഹത്തിന്റെ ഇന്നത്തെ സന്ദര്‍ശനം.

 

എന്നും അടിയുറച്ച കോണ്‍ഗ്രസുകാരനാണ് കെ സുധാകരന്‍.

മുന്‍ കെപിസിസി പ്രസിഡന്റും കണ്ണൂര്‍ എംപിയുമായ കെ സുധാകരന്‍ ദില്ലിയിലെത്തി കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയെയും പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയെയും നേരില്‍ കണ്ട് മടങ്ങിയതിന് പിന്നാലെ വൈകാരിക കുറിപ്പുമായി എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍

പോസ്റ്റിങ്ങനെ


കെ സുധാകരന്‍ ഇന്ന് ഡല്‍ഹിയിലെത്തി കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയെയും രാഹുല്‍ഗാന്ധിയെയും നേരില്‍ കണ്ടു. അദ്ദേഹം തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതുമായി ബന്ധപ്പെട്ട് ഉയര്‍ന്ന അനാവശ്യ ചര്‍ച്ചകള്‍ക്കും അഭ്യൂഹങ്ങള്‍ക്കും വിരാമമിട്ട് യു.ഡി.എഫ് സ്ഥാനാര്‍ഥികളുടെ വിജയത്തിനായി പ്രവര്‍ത്തിക്കുന്നതിനിടയിലാണ് ഇന്നത്തെ കൂടിക്കാഴ്ച.
എന്നും അടിയുറച്ച കോണ്‍ഗ്രസുകാരനാണ് കെ സുധാകരന്‍. അദ്ദേഹത്തിന്റെ പാര്‍ട്ടിയോടുള്ള അചഞ്ചലമായ കൂറും വിശ്വാസ്യതയും ആര്‍ക്കും ചോദ്യം ചെയ്യാവുന്നതിന് അപ്പുറമാണ്. പലവിധ താത്പര്യങ്ങള്‍ക്ക് വിധേയപ്പെട്ട് സുധാകരനുമായി ബന്ധപ്പെട്ട അനാരോഗ്യകരമായ ചര്‍ച്ചകള്‍ ഉയര്‍ത്തിയവര്‍ക്ക് ഉള്ള മറുപടിയായിരുന്നു അദ്ദേഹത്തിന്റെ ഇന്നത്തെ സന്ദര്‍ശനം.

ഈ ദിവസങ്ങളില്‍ സുധാകരനോട് സംസാരിച്ചപ്പോള്‍ ഞാന്‍ തൊട്ടറിഞ്ഞതാണ് വാര്‍ത്തകള്‍ പൊള്ളിച്ച ആ നെഞ്ചിലെ ചൂട്. മുന്‍പെന്നെത്തേയുമെന്ന പോലെ പാര്‍ട്ടി അദ്ദേഹത്തിന്റെ സേവനങ്ങളെ മുതല്‍കൂട്ടായാണ് കാണുന്നത്. നേതൃത്വം തന്നില്‍ അര്‍പ്പിച്ച വിശ്വാസത്തിനും കരുതലിനും ഖാര്‍ഗേജിയെയും രാഹുല്‍ജിയെയും നന്ദി അറിയിച്ചാണ് അദ്ദേഹം മടങ്ങിയത്. മരണം വരെ കെ സുധാകരന്‍ അടിമുടി കോണ്‍ഗ്രസായിരിക്കും. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് എന്ന രാഷ്ട്രീയ പ്രസ്ഥാനം അതിന്റെ ഹൃദയത്തോട് എക്കാലവും ചേര്‍ത്തുപിടിക്കുന്ന പേരുകളില്‍ ഒന്ന് കൂടിയാണ് കെ സുധാകരന്‍.