'മാപ്പുമില്ല, ഒരു കോപ്പുമില്ല'; സിസ തോമസിന്റെ വീടിനുമുന്നില്‍ പോസ്റ്റര്‍ പതിച്ച് എസ്എഫ്ഐ

വിദ്യാര്‍ഥികളെ ഉപാധികള്‍ ഇല്ലാതെ തിരിച്ചെടുക്കണമെന്ന് എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി എസ് സഞ്ജീവ് പറഞ്ഞു.

 

മാപ്പെഴുതി നല്‍കിയാല്‍ വിദ്യാര്‍ഥികളെ തിരിച്ചെടുക്കാമെന്ന് സര്‍വകലാശാല നിര്‍ദേശിച്ചതിന് പിന്നാലെയാണ് പോസ്റ്റര്‍

കാലടി സര്‍വകലാശാല വി സി സിസ തോമസിന്റെ വീടിന് മുന്നില്‍ പോസ്റ്റര്‍ പതിച്ച് എസ്എഫ്ഐ. ഇത് ജനാധിപത്യ കേരളമാണെന്നും മാപ്പ് പറയില്ലെന്നും സൂചിപ്പിച്ചുകൊണ്ടാണ് പോസ്റ്റര്‍. മാപ്പുമില്ല കോപ്പുമില്ല എന്നാണ് പോസ്റ്ററില്‍ പറയുന്നത്. മാപ്പെഴുതി നല്‍കിയാല്‍ വിദ്യാര്‍ഥികളെ തിരിച്ചെടുക്കാമെന്ന് സര്‍വകലാശാല നിര്‍ദേശിച്ചതിന് പിന്നാലെയാണ് പോസ്റ്റര്‍

സമരത്തില്‍ പങ്കെടുത്ത 16 വിദ്യാര്‍ഥികളുടെ സസ്പെന്‍ഷന്‍ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് എസ്എഫ്ഐയുടെ അനിശ്ചിതകാല നിരാഹാര സമരം ആരംഭിച്ചു.മൂന്ന് വിദ്യാര്‍ഥികളാണ് ആദ്യഘട്ടത്തില്‍ നിരാഹാരം അനുഷ്ഠിക്കുന്നത്. അശ്വന്ത്, അര്‍ച്ചന, കെ വി അഭിജിത് എന്നിവരാണ് നിരാഹാരം ഇരിക്കുന്നത്. സര്‍വകലാശാലക്ക് മുന്നിലാണ് സമരപ്പന്തല്‍.

അതേസമയം, വിദ്യാര്‍ഥികളെ ഉപാധികള്‍ ഇല്ലാതെ തിരിച്ചെടുക്കണമെന്ന് എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി എസ് സഞ്ജീവ് പറഞ്ഞു. മാപ്പ് എഴുതുന്നവര്‍ ഞങ്ങളുടെ ജനുസ് അല്ല. മാരാര്‍ജി ഭവനില്‍ പോയി രാജീവ് ചന്ദ്രശേഖറിനോടോ ലോക് ഭവനില്‍ പോയി ഓം പ്രകാശ് മാഥുറിനോടോ പറഞ്ഞാല്‍ മതി. അവര്‍ക്കാണ് മാപ്പ് എഴുതി ശീലം. വിദ്യാര്‍ഥികള്‍ക്ക് 60 ദിവസമായി നഷ്ടപ്പെട്ട ഹാജര്‍ നല്‍കണം. അതുവരെ സമരം തുടരുമെന്നും പി എസ് സഞ്ജീവ് വ്യക്തമാക്കി.