മെഡിക്കല്‍ ഷോപ്പുകള്‍ക്ക് മുന്നില്‍ ഡിസ്കൗണ്ട് ബോര്‍ഡുകള്‍ പാടില്ല, വിലക്കിയ സര്‍ക്കുലര്‍ ശരിവെച്ച് ഹൈക്കോടതി
മെഡിക്കല്‍ ഷോപ്പുകള്‍ക്ക് മുന്നില്‍ ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിക്കുന്ന തരത്തില്‍ ഡിസ്കൗണ്ട് ബോർഡുകള്‍ സ്ഥാപിക്കുന്നത് വിലക്കുന്ന ഡ്രഗ്സ് കണ്‍ട്രോളറുടെ സർക്കുലർ ഹൈക്കോടതി ശരിവെച്ചു
ഇത്തരം നിർദേശങ്ങള്‍ ഉള്‍പ്പെടുത്തി സർക്കുലർ പുറപ്പെടുവിക്കാൻ ഡ്രഗ്സ് കണ്‍ട്രോളർക്ക് അധികാരമുണ്ടെന്ന് കോടതി നിരീക്ഷിച്ചു
കൊച്ചി: മെഡിക്കല്‍ ഷോപ്പുകള്‍ക്ക് മുന്നില്‍ ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിക്കുന്ന തരത്തില്‍ ഡിസ്കൗണ്ട് ബോർഡുകള്‍ സ്ഥാപിക്കുന്നത് വിലക്കുന്ന ഡ്രഗ്സ് കണ്‍ട്രോളറുടെ സർക്കുലർ ഹൈക്കോടതി ശരിവെച്ചു.ജസ്റ്റിസ് ബെച്ചു കുര്യൻ തോമസാണ് ഉത്തരവ് പുറപ്പെടുവിച്ചത്.
ഇത്തരം നിർദേശങ്ങള്‍ ഉള്‍പ്പെടുത്തി സർക്കുലർ പുറപ്പെടുവിക്കാൻ ഡ്രഗ്സ് കണ്‍ട്രോളർക്ക് അധികാരമുണ്ടെന്ന് കോടതി നിരീക്ഷിച്ചു. സർക്കുലറിനെ ചോദ്യം ചെയ്ത് മെഡിക്കല്‍ ഷോപ്പ് ഉടമകള്‍ നല്‍കിയ ഹർജികള്‍ കോടതി തള്ളി
ഡിസ്കൗണ്ട് ബോർഡുകള്‍ക്ക് വിലക്കേർപ്പെടുത്തിയെങ്കിലും വിലക്കുറവില്‍ മരുന്നുകള്‍ വില്‍ക്കുന്നതിന് തടസമില്ലെന്ന് കോടതി വ്യക്തമാക്കി. 80 ശതമാനം വരെ ഡിസ്കൗണ്ട് ലഭിക്കുമെന്ന തരത്തില്‍ സ്ഥാപിക്കുന്ന ബോർഡുകള്‍ പൊതുജനങ്ങളില്‍ തെറ്റിദ്ധാരണ സൃഷ്ടിക്കാനിടയാക്കുന്നതാണെന്ന് സർക്കാർ കോടതിയെ അറിയിച്ചു. ഈ വിശദീകരണം കോടതി അംഗീകരിച്ചു.
പുതിയ ലൈസൻസ് നേടുന്നതിനോ നിലവിലെ ലൈസൻസ് പുതുക്കുന്നതിനോ അപേക്ഷിക്കുമ്പോള്‍ തെറ്റിദ്ധരിപ്പിക്കുന്ന ഡിസ്കൗണ്ട് ബോർഡുകള്‍ പ്രദർശിപ്പിക്കില്ലെന്ന സത്യവാങ്മൂലം സമർപ്പിക്കണമെന്ന വ്യവസ്ഥയും സർക്കുലറിലുണ്ട്.
അതേസമയം സർക്കുലർ കർശനമായി നടപ്പാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജി കോടതി അനുവദിക്കുകയും ചെയ്തു. സർക്കാരിന് വേണ്ടി സീനിയർ ഗവണ്‍മെന്റ് പ്ലീഡർ വി എസ് ശ്രീജിത്ത് ഹാജരായി.