ആര്യയെക്കുറിച്ച് പരാതി ലഭിച്ചിട്ടില്ല; ഗായത്രി ബാബുവിന്റേത് വ്യക്തിപരമായ അഭിപ്രായം: വി ശിവന്‍കുട്ടി
മണി തൊഴിലാളി നേതാവാണെന്നും അങ്ങനെ പറയാന്‍ പാടില്ലായിരുന്നുവെന്നുമാണ് ശിവന്‍കുട്ടി പറഞ്ഞത്
ഗായത്രിയുടെ പരാമര്‍ശം പാര്‍ട്ടി പരിശോധിക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
തെരഞ്ഞടുപ്പ് ഫലം വന്നതിന് പിന്നാലെ ആര്യ രാജേന്ദ്രനെതിരെ മുന്‍ കൗണ്‍സിലറായ ഗായത്രി ബാബു ഉന്നയിച്ച വിമര്‍ശനങ്ങളെ തള്ളി മന്ത്രി വി ശിവന്‍കുട്ടി. ഗായത്രി ബാബുവിന്റേത് വ്യക്തിപരമായ അഭിപ്രായമാണെന്നും ആര്യയുടെ പ്രവര്‍ത്തനത്തെക്കുറിച്ച് ഒരു പരാതിയും പാര്‍ട്ടിക്ക് ലഭിച്ചിട്ടില്ല എന്നും മന്ത്രി പറഞ്ഞു. ഗായത്രിയുടെ പരാമര്‍ശം പാര്‍ട്ടി പരിശോധിക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
ക്ഷേമപെന്‍ഷന്‍ വര്‍ധനവ് പരാമര്‍ശിച്ച് വോട്ടര്‍മാരെ അപമാനിച്ച എം എം മണിയെയും ശിവന്‍കുട്ടി തള്ളിപ്പറഞ്ഞു. മണി തൊഴിലാളി നേതാവാണെന്നും അങ്ങനെ പറയാന്‍ പാടില്ലായിരുന്നുവെന്നുമാണ് ശിവന്‍കുട്ടി പറഞ്ഞത്. പെന്‍ഷന്‍ കൃത്യമായി വാങ്ങി ശാപ്പാട് കഴിച്ചിട്ട് ജനങ്ങള്‍ നൈമിഷികമായ വികാരത്തിന് വോട്ട് ചെയ്തുവെന്നും നന്ദികേട് കാണിച്ചുവെന്നുമായിരുന്നു എം എം മണിയുടെ വിവാദ പരാമര്‍ശം. ഇതിനെതിരെ വലിയ വിമര്‍ശനമാണ് ഉയര്‍ന്നത്.
തദ്ദേശ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് നേരിടേണ്ടിവന്ന തിരിച്ചടിയിലും മന്ത്രി പ്രതികരിച്ചു. പ്രതീക്ഷിച്ച ഫലമല്ല ഉണ്ടായത്. എല്‍ഡിഎഫ് മികച്ച വിജയം അര്‍ഹിക്കുന്നു എന്നാണ് കരുതുന്നത്. ജനങ്ങളുടെ തീരുമാനത്തെ മാനിക്കുകയാണ്. 2010ല്‍ ഇതിനെക്കാള്‍ വലിയ തിരിച്ചടി നേരിട്ടിട്ടും പാര്‍ട്ടി തിരിച്ചുകയറി. പാര്‍ട്ടിയുടെ അടിത്തറ തകര്‍ന്നിട്ടില്ല. എല്‍ഡിഎഫിന് 1631 വോട്ടുകള്‍ കൂടുതലാണെന്നും മന്ത്രി വ്യക്തമാക്കി.
തലസ്ഥാനത്തെ ഭരണം പിടിച്ച ബിജെപിക്കെതിരെയും മന്ത്രി രംഗത്തുവന്നു. ബിജെപിയുടെ ഭാഗത്ത് നിന്ന് നിയമവിരുദ്ധമായ കാര്യങ്ങള്‍ ഉണ്ടായി. എക്‌സിറ്റ് പോല്‍ ഫലങ്ങള്‍ ബിജെപി പുറത്തുവിട്ടത് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഗൗരവത്തിലെടുക്കാത്തത് എന്തുകൊണ്ടാണെന്ന് അറിയില്ലെന്ന് മന്ത്രി പറഞ്ഞു. നേമത്തെ ബിജെപി വിജയത്തില്‍ മുന്‍പ് ജയിച്ചപ്പോഴും തോറ്റപ്പോഴും സ്ഥിതി ഇത് തന്നെയാണ്. തദ്ദേശ - നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടിംഗ് പാറ്റേണ്‍ മാറുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.