നിതിന്‍ രാജിന്റെ മരണം; കുറ്റക്കാര്‍ക്കെതിരെ പഴുതടച്ച അന്വേഷണം വേണമെന്ന് എസ്എഫ്ഐയും കെഎസ്യുവും

മകനെ കൊന്നുകളഞ്ഞതാണ് എന്ന് ഒരു പിതാവിന് കണ്ണീരോടെ പറയേണ്ടി വന്ന അവസ്ഥ സൃഷ്ടിച്ചവര്‍ക്കെതിരെ കേരളം ഒറ്റക്കെട്ടായി പ്രതികരിക്കും

 

വിഷയത്തിന്റെ ഗൗരവം ഉള്‍ക്കൊണ്ട് പഴുതടച്ചുളള ഉന്നത തല അന്വേഷണം നടത്തണമെന്നും കെഎസ്യു സംസ്ഥാന അധ്യക്ഷന്‍ അലോഷ്യസ് സേവ്യര്‍ പറഞ്ഞു.

അഞ്ചരക്കണ്ടി ഡെന്റല്‍ കോളേജ് വിദ്യാര്‍ത്ഥി നിതിന്‍ രാജിന്റെ മരണത്തില്‍ പഴുതടച്ച സമഗ്രമായ അന്വേഷണം ആവശ്യപ്പെട്ട് വിദ്യാര്‍ത്ഥി സംഘടനകളായ കെഎസ്യുവും എസ്എഫ്ഐയും. നിതിന്‍ രാജിന്റെ മരണം അതീവ ദുഃഖകരമാണെന്നും വിഷയത്തിന്റെ ഗൗരവം ഉള്‍ക്കൊണ്ട് പഴുതടച്ചുളള ഉന്നത തല അന്വേഷണം നടത്തണമെന്നും കെഎസ്യു സംസ്ഥാന അധ്യക്ഷന്‍ അലോഷ്യസ് സേവ്യര്‍ പറഞ്ഞു. സംസ്ഥാന പൊലീസ് മേധാവിക്കും പട്ടികജാതി- പട്ടികവര്‍ഗ കമ്മീഷനും പരാതി നല്‍കുമെന്നും അലോഷ്യസ് സേവ്യര്‍ വ്യക്തമാക്കി. നിതിന്‍ രാജിന്റെ മരണത്തിന് പിന്നില്‍ സഹപാഠികളുടെ റാഗിങ്ങും വകുപ്പ് മേധാവിയുടെ ജാതി അധിക്ഷേപവും മാനസിക പീഡനവുമാണെന്ന കുടുംബത്തിന്റെ ആരോപണം ഗൗരവമേറിയതാണെന്നും ക്യാമ്പസുകളില്‍ വിദ്യാര്‍ത്ഥികള്‍ക്ക് തണലാവേണ്ട അധ്യാപകര്‍ തന്നെ ജാതി വിവേചനത്തിന് നേതൃത്വം നല്‍കുന്നു എന്നത് സാംസ്‌കാരിക കേരളത്തിന് അപമാനമാണെന്നും എസ്എഫ്ഐ സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയിലൂടെ പറഞ്ഞു.

'ആരോഗ്യവകുപ്പ് നാഥനില്ലാ കളരിയായി മാറി എന്നതിന്റെ ഉദാഹരണമാണ് ഇത്തരം ദൗര്‍ഭാഗ്യകരമായ സംഭവങ്ങള്‍. മകനെ കൊന്നുകളഞ്ഞതാണ് എന്ന് ഒരു പിതാവിന് കണ്ണീരോടെ പറയേണ്ടി വന്ന അവസ്ഥ സൃഷ്ടിച്ചവര്‍ക്കെതിരെ കേരളം ഒറ്റക്കെട്ടായി പ്രതികരിക്കും. സംഭവത്തില്‍ അനാട്ടമി വിഭാഗം മേധാവി ഡോ. എം കെ റാം, കെ ടി സംഗീത നമ്പ്യാര്‍ എന്നിവരെ സസ്പെന്‍ഡ് ചെയ്തതുകൊണ്ട് മാത്രം വിഷയത്തിന്റെ തീവ്രത അവസാനിക്കുന്നില്ല. നിതിന്‍ രാജിന് നേരെ മറ്റ് വിദ്യാര്‍ത്ഥികള്‍ക്ക് മുന്നില്‍ പരസ്യമായി ജാതി അധിക്ഷേപം നടത്തിയെന്നും നിറത്തിന്റെ പേരിലും അച്ഛന്റെ തൊഴിലിന്റെ പേരിലും സ്ഥിരമായി അധിക്ഷേപിച്ചിരുന്നു എന്നതുള്‍പ്പെടെ സംഭവങ്ങള്‍ സാംസ്‌കാരിക കേരളത്തിന് അപമാനമാണ്. വര്‍ത്തമാന കാലത്തും ഇത്തരം സംഭവങ്ങളുണ്ടാകുന്നു എന്നത് ലജ്ജാകരമാണ്. മകന്‍ ജീവനൊടുക്കില്ലെന്നും സംഭവ ദിവസം രാവിലെയും സംസാരിച്ചിരുന്നതായും നിതിന്റെ അച്ഛന്‍ പറയുന്നു. അതിനാല്‍ വിഷയത്തിന്റെ ഗൗരവം ഉള്‍ക്കൊണ്ട് പഴുതടച്ച അന്വേഷണം നടത്തണം': അലോഷ്യസ് സേവ്യര്‍ പറഞ്ഞു.

പഠനത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കേണ്ട വിദ്യാര്‍ത്ഥിയെ മാനസികമായി തകര്‍ത്ത് ആത്മഹത്യയിലേക്ക് തളളിവിട്ട സാഹചര്യം ഒരുതരത്തിലും അംഗീകരിക്കാനാവുന്നതല്ല. വിഷയത്തില്‍ ആരോപണം നേരിടുന്നവരെ പുറത്താക്കി, സമഗ്രമായ അന്വേഷണം നടത്തി കുറ്റക്കാര്‍ക്കെതിരെ കര്‍ശന നിയമനടപടികള്‍ സ്വീകരിക്കണമെന്നും എസ്എഫ്ഐ പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടിട്ടുണ്ട്

ഏപ്രില്‍ പത്തിനാണ് നിതിന്‍ രാജ് കോളേജ് കെട്ടിടത്തില്‍ നിന്നും ചാടി ജീവനൊടുക്കിയതായി കുടുംബം അറിയുന്നത്. വകുപ്പ് മേധാവി റാം മാനസികമായി പീഡിപ്പിക്കുന്നുണ്ടെന്ന് നിതിന്‍ നേരത്തെ തന്നെ കുടുംബത്തെ അറിയിച്ചിരുന്നു. നിറത്തിന്റെയും ജാതിയുടെയും പേരിലായിരുന്നു അധിക്ഷേപം. ഇന്റേണല്‍ മാര്‍ക്കുമായി ബന്ധപ്പെട്ട തര്‍ക്കങ്ങളുണ്ടായിരുന്നു.