ദന്തൽ കോളേജ് വിദ്യാർത്ഥി നിതിൻ രാജിന്റെ മരണം ; ഡോ. റാമിന്റെ മുൻകൂർ ജാമ്യാപേക്ഷയിൽ ഹൈക്കോടതി പൊലീസിന്റെ നിലപാട് തേടി
അഞ്ചരക്കണ്ടി ദന്തൽ കോളേജ് വിദ്യാർത്ഥി നിതിൻ രാജിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട കേസിൽ പ്രതിയായ ഡോ. എം.കെ. റാമിന്റെ മുൻകൂർ ജാമ്യാപേക്ഷയിൽ ഹൈക്കോടതി പൊലീസിന്റെ നിലപാട് തേടി.
കണ്ണൂർ : അഞ്ചരക്കണ്ടി ദന്തൽ കോളേജ് വിദ്യാർത്ഥി നിതിൻ രാജിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട കേസിൽ പ്രതിയായ ഡോ. എം.കെ. റാമിന്റെ മുൻകൂർ ജാമ്യാപേക്ഷയിൽ ഹൈക്കോടതി പൊലീസിന്റെ നിലപാട് തേടി. ഈ സംഭവത്തിൽ തനിക്ക് യാതൊരു പങ്കുമില്ലെന്നും തന്നെ കേസിൽ മനഃപൂർവ്വം കുടുക്കിയതാണെന്നുമാണ് ഡോ. റാം ജാമ്യാപേക്ഷയിൽ വാദിക്കുന്നത്. വിഷയത്തിൽ മെയ് 15-നകം മറുപടി നൽകാൻ ഹൈക്കോടതി പൊലീസിന് നിർദ്ദേശം നൽകിയിട്ടുണ്ട്. നേരത്തെ ഇയാളുടെ മുൻകൂർ ജാമ്യാപേക്ഷ സെഷൻസ് കോടതി തള്ളിയിരുന്നു.
കഴിഞ്ഞ ഏപ്രിൽ 10-നാണ് തിരുവനന്തപുരം സ്വദേശിയായ നിതിൻ രാജ് കോളേജ് കെട്ടിടത്തിൽ നിന്ന് ചാടി ആത്മഹത്യ ചെയ്തത്. മരണത്തിന് പിന്നാലെ എം.കെ. റാമിനെ അഞ്ചരക്കണ്ടി കോളേജിൽ നിന്ന് സസ്പെൻഡ് ചെയ്തിരുന്നു. അധ്യാപകരുടെ ഭാഗത്തുനിന്നുണ്ടായ പീഡനമാണ് നിതിന്റെ മരണത്തിന് കാരണമെന്നും ഇവർക്കെതിരെ ആത്മഹത്യാ പ്രേരണാക്കുറ്റം ചുമത്തണമെന്നും ആവശ്യപ്പെട്ട് നിതിന്റെ ബന്ധുക്കൾ പരാതി നൽകിയിട്ടുണ്ട്.
സംഭവം നടന്ന് ആഴ്ചകൾ പിന്നിട്ടിട്ടും ഒളിവിലുള്ള ഡോ. റാമിനെ കണ്ടെത്താൻ പൊലീസിന് ഇതുവരെ സാധിച്ചിട്ടില്ല. അതിനാൽ തന്നെ ഹൈക്കോടതിയിൽ ഇയാളുടെ ജാമ്യാപേക്ഷയെ പൊലീസ് ശക്തമായി എതിർക്കാനാണ് സാധ്യത. പ്രതിഭാഗത്തിന് വേണ്ടി അഡ്വ. എസ്. രാജീവാണ് കോടതിയിൽ ഹാജരാകുന്നത്.