ദേശീയപാത 544-ലെ സർവീസ് റോഡുകളുടെയും മേൽപ്പാലങ്ങളുടെയും നിർമ്മാണ പ്രവൃത്തികൾ അടിയന്തരമായി പൂർത്തിയാക്കണം ; നിതിൻ ഗഡ്കരിയുമായി കൂടിക്കാഴ്ച നടത്തി കെ. രാധാകൃഷ്ണൻ എം.പി
ദേശീയപാത 544-ലെ സർവീസ് റോഡുകളുടെയും മേൽപ്പാലങ്ങളുടെയും നിർമ്മാണ പ്രവൃത്തികൾ അടിയന്തരമായി പൂർത്തിയാക്കണമെന്ന് ആവശ്യപ്പെട്ട് ആലത്തൂർ എം.പി കെ. രാധാകൃഷ്ണൻ കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിതിൻ ഗഡ്കരിയുമായി കൂടിക്കാഴ്ച നടത്തി. മണ്ഡലത്തിലെ ദേശീയപാത വികസനവുമായി ബന്ധപ്പെട്ട വിവിധ പ്രശ്നങ്ങളും നിർമ്മാണ പുരോഗതിയും കേന്ദ്രമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തിയ എം.പി, ജനങ്ങളുടെ സുരക്ഷ മുൻനിർത്തിയുള്ള നടപടികൾ വേഗത്തിലാക്കണമെന്നും ആവശ്യപ്പെട്ടു. ഓഗസ്റ്റ് ഒന്നിന് പാലക്കാട് കളക്ടറേറ്റിൽ ചേർന്ന ജനപ്രതിനിധികളുടെയും എൻ.എച്ച്.എ.ഐ ഉദ്യോഗസ്ഥരുടെയും യോഗ തീരുമാനങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു ഈ കൂടിക്കാഴ്ച.
ആലത്തൂർ സ്വാതി ജംഗ്ഷൻ, വാണിയമ്പാറ മേൽപ്പാലങ്ങളുടെ നിർമ്മാണം ഡിസംബറിനകം പൂർത്തിയാക്കുക, വടക്കഞ്ചേരി മേൽപ്പാലത്തിന്റെ കേടുപാടുകൾ 15 ദിവസത്തിനകം തീർക്കുക തുടങ്ങിയ പ്രധാന ആവശ്യങ്ങളാണ് എം.പി ഉന്നയിച്ചത്. കൂടാതെ മംഗലം പാലം, പന്നിയങ്കര ടോൾ പ്ലാസ, കുഴൽമന്ദം, തേനിടുക്ക് എന്നിവിടങ്ങളിലെ സർവീസ് റോഡ് നിർമ്മാണം വേഗത്തിലാക്കുക, അപകടമേഖലയായ അഞ്ചുമൂർത്തി മംഗലത്ത് ബസ് ബേ സ്ഥാപിക്കുക, വെള്ളക്കെട്ടുള്ള സ്ഥലങ്ങളിൽ സംയുക്ത പരിശോധന നടത്തുക എന്നീ വിഷയങ്ങളും ചർച്ചയായി.
മംഗലം–കൊല്ലത്തറ ഭാഗത്ത് തെരുവ് വിളക്കുകൾ സ്ഥാപിക്കുന്നതും സ്വാതി ജംഗ്ഷനിലെ സർവേ പിഴവുകൾ തിരുത്തി ഭൂമി ഏറ്റെടുക്കൽ വേഗത്തിലാക്കുന്നതും മന്ത്റിയുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ട്. ദേശീയപാത 544-ലെ നിർമ്മാണ പ്രവൃത്തികൾ വേഗത്തിൽ പൂർത്തിയാക്കാൻ ആവശ്യമായ കർശന നിർദ്ദേശം നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ ഉദ്യോഗസ്ഥർക്ക് നൽകുമെന്ന് കേന്ദ്രമന്ത്രി ഉറപ്പുനൽകിയതായി കെ. രാധാകൃഷ്ണൻ എം.പി വ്യക്തമാക്കി.