എൻ.ഐ.ടിയിൽ നിയന്ത്രണം ലംഘിച്ച് ക്ലാസ്;  അന്വേഷിക്കുമെന്ന് മന്ത്രി

 


കോഴിക്കോട്: കോഴിക്കോട് ചാത്തമം​ഗലം എൻ.ഐ.ടിയിൽ നിപ നിയന്ത്രണം ലംഘിച്ച് ക്ലാസ് നടത്തിയത് ജില്ലാ കലക്ടറുടെ ശ്രദ്ധയിൽപ്പെടുത്തുമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. കേന്ദ്ര സർക്കാർ സ്ഥാപനം ആയതിനാൽ സംസ്ഥാനം പ്രഖ്യാപിച്ച അവധി ബാധകമല്ലെന്നാണ് എൻ.ഐ.ടി. അധികൃതരുടെ വാദം.

നിപ നിയന്ത്രണങ്ങൾ ലംഘിച്ച് ക്ലാസുകൾ തുടരുന്നുവെന്ന് വിദ്യാർഥികൾ പരാതി ഉന്നയിച്ചിരുന്നു. ഇക്കാര്യത്തിൽ ആശങ്കയുണ്ടെന്നും അധികൃതർ ഉടൻ നടപടി സ്വീകരിക്കണമെന്നും വിദ്യാർഥികൾ ആവശ്യപ്പെട്ടിരുന്നു. ക്ലാസുകൾ നടത്തിയതിൽ ജില്ലാ മെഡിക്കൽ ഓഫിസർക്കും ആരോഗ്യവകുപ്പ് അധികൃതർക്കും വിദ്യാർഥികൾ പരാതിയും നൽകിയിട്ടുണ്ട്. എന്നാൽ കണ്ടെയ്ൻമെൻറ് സോൺ അല്ലെന്നും കേന്ദ്ര സർക്കാർ സ്ഥാപനം ആയതിനാൽ സംസ്ഥാനം പ്രഖ്യാപിച്ച അവധി ബാധകമല്ലെന്നുമാണ് എൻഐടി അധികൃതരുടെ വാദം.

വിദ്യാർത്ഥികളുടെ പരാതി ജില്ലാ കലക്ടറുടെ ശ്രദ്ധയിൽപ്പെടുത്തുമെന്ന് ആരോ​ഗ്യമന്ത്രി അറിയിച്ചു. നിപ വൈറസ് ബാധയെ തുടർന്ന് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ തിങ്കളാഴ്ച മുതൽ 23 വരെ ക്ലാസുകൾ ഓൺലൈനായി നടത്താനാണ് നിർദേശം. ട്യൂഷൻ സെന്ററുകൾക്കും കോച്ചിങ് സെന്ററുകൾക്കും ഉൾപ്പെടെ നിർദേശം ബാധകമാണ്.