നിർമല സീതാരാമന്റെ വ്യാജ എഐ വിഡിയോ പ്രചരിപ്പിച്ച് വനിതാ ഡോക്ടറിൽ നിന്ന് തട്ടിയത് 67 ലക്ഷം ; രണ്ട് പേർ പിടിയിൽ
കേന്ദ്ര ധനമന്ത്രി നിർമല സീതാരാമന്റെ വ്യാജ എഐ (AI) വിഡിയോ പ്രചരിപ്പിച്ച് ഒരു വനിതാ ഡോക്ടറിൽ നിന്നും തട്ടിയെടുത്തത് 67 ലക്ഷം രൂപ. കൊച്ചി കുമ്പളം സ്വദേശിയായ ഡോക്ടറെ വിശ്വസിപ്പിച്ച് പണം കവർന്ന കേസിൽ കണ്ണൂർ സ്വദേശികളായ രണ്ട് യുവാക്കളെ പനങ്ങാട് പൊലീസ് പിടികൂടിയിരിക്കുകയാണ്.
കേന്ദ്ര ധനമന്ത്രി നിർമല സീതാരാമന്റെ വ്യാജ എഐ (AI) വിഡിയോ പ്രചരിപ്പിച്ച് ഒരു വനിതാ ഡോക്ടറിൽ നിന്നും തട്ടിയെടുത്തത് 67 ലക്ഷം രൂപ. കൊച്ചി കുമ്പളം സ്വദേശിയായ ഡോക്ടറെ വിശ്വസിപ്പിച്ച് പണം കവർന്ന കേസിൽ കണ്ണൂർ സ്വദേശികളായ രണ്ട് യുവാക്കളെ പനങ്ങാട് പൊലീസ് പിടികൂടിയിരിക്കുകയാണ്.
ഫേസ്‌ബുക്കിൽ കണ്ട ഒരു പരസ്യമാണ് ഡോക്ടറെ ചതിക്കുഴിയിലേക്ക് നയിച്ചത്. നിക്ഷേപിക്കുന്ന തുക മൂന്നു മാസം കൊണ്ട് മൂന്നിരട്ടിയാക്കാം എന്ന വാഗ്ദാനം വിശ്വസിച്ച് ഡോക്ടർ അതിലെ ലിങ്കിൽ പ്രവേശിച്ചു. ‘ക്ലയിന്റ് 9 Pro’ എന്ന കമ്പനിയുടെ വെബ്‌സൈറ്റിലെത്തി, അവർ ആവശ്യപ്പെട്ട പ്രകാരം ട്രേഡിംഗിനായി പലതവണയായി പണമയച്ചു നൽകി. മാത്രമല്ല, കണ്ണൂർ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ‘ഡിജിറ്റ് കോം ഐടി സൊല്യൂഷൻസ്’ എന്ന കമ്പനിയുടെ അക്കൗണ്ടിലേക്കും ഇവർ പണം അയച്ചു. ജനുവരി മുതൽ മാർച്ച് വരെ നീണ്ട ഈ കാലയളവിൽ ഏകദേശം 67 ലക്ഷം രൂപയാണ് ഡോക്ടറുടെ അക്കൗണ്ടുകളിൽ നിന്നും അപ്രത്യക്ഷമായത്. വാഗ്ദാനം ചെയ്ത ലാഭമോ മുടക്കിയ മുതലോ തിരികെ ലഭിക്കാതെ വന്നപ്പോഴാണ് താൻ വഞ്ചിക്കപ്പെട്ടെന്ന് ഡോക്ടർ തിരിച്ചറിയുന്നത്.
ഡോക്ടറുടെ പരാതിയുടെ അടിസ്ഥാനത്തിൽ പനങ്ങാട് പൊലീസ് നടത്തിയ അന്വേഷണത്തിൽ കണ്ണൂർ കൂത്തുപ്പറമ്പ് സ്വദേശികളായ അബ്ദുൽ റഹ്മാൻ (35), അർഷാദ് (38) എന്നിവർ പിടിയിലായി. തട്ടിപ്പ് കമ്പനിയായ ഡിജിറ്റ് കോം ഐടി സൊല്യൂഷൻസിന്റെ ഉടമകളാണ് ഇവർ. കേരളത്തിന് പുറമേ കർണാടക, മിസോറാം തുടങ്ങിയ സംസ്ഥാനങ്ങളിലും ഇവർക്കെതിരെ സമാനമായ തട്ടിപ്പ് കേസുകളുണ്ടെന്ന് മരട് ഇൻസ്‌പെക്ടർ അബ്ദുൽ മനാഫ് വ്യക്തമാക്കി. ഈ സംഘത്തിലെ ഉത്തരേന്ത്യക്കാരായ മൂന്നുപേർ ഇതിനകം തന്നെ ഹരിയാന, തീഹാർ ജയിലുകളിൽ റിമാൻഡിലാണെന്നും പൊലീസ് അറിയിച്ചു.