നിപയിൽ നിന്ന് പൂർണമുക്തി; മെഡിക്കൽ കോളേജിൽ ചികിത്സയിലിരുന്ന 43കാരൻ വീട്ടിലേക്ക് മടങ്ങി
നിപ രോഗം ബാധിച്ച് കോഴിക്കോട് ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരുന്ന ഫറോക്ക് സ്വദേശിയായ 43കാരനെ ഡിസ്ചാർജ് ചെയ്തു.
കോഴിക്കോട്: നിപ രോഗം ബാധിച്ച് കോഴിക്കോട് ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരുന്ന ഫറോക്ക് സ്വദേശിയായ 43കാരനെ ഡിസ്ചാർജ് ചെയ്തു. ജൂൺ 11ന് പുലർച്ചെ മെഡിക്കൽ കോളേജിലെ ഐസൊലേഷൻ ഐ.സി.യുവിൽ പ്രവേശിപ്പിച്ച് അതീവ ഗുരുതരാവസ്ഥയിൽ കഴിഞ്ഞിരുന്നയാളാണ് പൂർണ രോഗമുക്തനായി വീട്ടിലേക്ക് തിരിച്ചത്. സർക്കാറിന്റെയും ജനപ്രതിനിധികളുടെയും ജില്ലാ ഭരണകൂടത്തിന്റെയും ഭാഗത്തുനിന്ന് മികച്ച പിന്തുണയാണ് ലഭിച്ചതെന്ന് പറഞ്ഞ രോഗിയും കുടുംബവും പിന്തുണ നൽകിയ എല്ലാവർക്കും ഹൃദയം നന്ദി അറിയിച്ചാണ് ആശുപത്രി വിട്ടത്.
നിലവിൽ രോഗി പൂർണ ബോധത്തോടെയാണുള്ളതെന്നും പരസഹായമില്ലാതെ നടക്കാൻ കഴിയുന്നുണ്ടെന്നും മെഡിക്കൽ കോളേജ് അധികൃതർ അറിയിച്ചു. പനി പൂർണമായി ഭേദമാകുകയും ഓർമശക്തി സാധാരണ നിലയിലാവുകയും ചെയ്തിട്ടുണ്ട്. നേരത്തെ തലച്ചോറിൽ ഉണ്ടായിരുന്ന തകരാറുകൾ നല്ല രീതിയിൽ കുറഞ്ഞതായി സ്‌കാനിങ്ങിൽ വ്യക്തമായതായും ഡോക്ടർമാർ അറിയിച്ചു.
കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നതിനിടെ നിപ സംശയത്തെ തുടർന്ന് സാമ്പിളുകൾ കോഴിക്കോട് ഗവ. മെഡിക്കൽ കോളേജിലെ വൈറൽ റിസർച്ച് ആൻഡ് ഡയഗ്‌നോസ്റ്റിക് ലബോറട്ടറിയിലേക്കും പുണെ ഐ.സി.എം.ആറിലേക്കും അയച്ച് 2026 ജൂൺ 10നാണ് രോഗം സ്ഥിരീകരിച്ചത്. തുടർന്ന് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. പ്രിൻസിപ്പലിന്റെയും സൂപ്രണ്ടിന്റെയും നേതൃത്വത്തിൽ ചികിത്സ നിരീക്ഷിക്കുന്നതിനായി ആശുപത്രിയിൽ പ്രത്യേക മെഡിക്കൽ ബോർഡ് രൂപീകരിക്കുകയും വിവിധ വിഭാഗങ്ങളിലെ വിദഗ്ധരുടെ പരിശോധനയും നിർദേശങ്ങളും സ്വീകരിച്ച് ചികിത്സ തുടരുകയും ചെയ്തു. ആരോഗ്യമന്ത്രി നേരിട്ട് ഇടപെട്ടാണ് റെംഡിസിവർ മരുന്ന് ബഹ്‌റൈനിൽനിന്ന് എത്തിച്ചത്. ഒന്നര മാസത്തോളം വെന്റിലേറ്റർ സഹായത്തിൽ തുടർന്ന രോഗിയെ ജൂലൈ നാലിന് ഐസൊലേഷൻ ഐ.സി.യുവിൽനിന്ന് ട്രാൻസിറ്റ് ഐ.സി.യുവിലേക്ക് മാറ്റി. സ്വയം ശ്വസിക്കാൻ തുടങ്ങിയതോടെ വെന്റിലേറ്ററിൽനിന്ന് പൂർണമായി മാറ്റുകയും സ്ഥിതി കൂടുതൽ മെച്ചപ്പെട്ടതോടെ റൂമിലേക്ക് മാറ്റുകയും ചെയ്തിരുന്നു.
പ്രിൻസിപ്പൽ ഡോ. കെ.ജെ സജീത്ത്, സൂപ്രണ്ട് ഡോ. എം പി ശ്രീജയൻ, മെഡിസിൻ വിഭാഗത്തിലെ ഡോ. വി.കെ ഷമീർ, ഡോ. ആർ ഗായത്രി, മൈക്രോബയോളജി വിഭാഗം മേധാവി ഡോ. പി.എം അനിത, പോസ്റ്റ് ഗ്രാജ്വേറ്റ്‌സ് ടീം, ചീഫ് നഴ്‌സിങ് ഓഫീസറുടെ നേതൃത്വത്തിൽ നഴ്‌സിങ് ടീം, മറ്റു വിഭാഗം ഡോക്ടർമാർ എന്നിവരുടെ സംഘമാണ് ചികിത്സ മുന്നോട്ടുപോയത്.