നിപ : സമ്പർക്കപ്പട്ടികയിലുള്ള കൂടുതൽ പേരുടെ പരിശോധനാഫലം ഇന്ന് പുറത്തുവരും
മലപ്പുറം: നിപ ബാധിതന്‍റെ സമ്പർക്കപ്പട്ടികയിലുള്ള കൂടുതൽ പേരുടെ പരിശോധനാഫലം ഇന്ന് പുറത്തുവരും. ഇന്നലെ 11 പേരുടെ ഫലം ലഭിച്ചത് നെഗറ്റീവായിരുന്നു. പുണെയിൽനിന്ന് കോഴിക്കോട് എത്തിച്ച മൊബൈൽ ലാബിന്റെ പ്രവർത്തനവും ഇന്ന് തുടങ്ങും. ഇനി കോഴിക്കോട് മെഡിക്കൽ കോളജിൽ നിന്ന് തന്നെ സാംപിൾ പരിശോധിച്ച് സ്ഥിരീകരണം നടത്താം. മലപ്പുറത്ത് കേന്ദ്ര സംഘം ശാസ്ത്രീയ പഠനവും നടത്തും.
രോഗം ബാധിച്ച് മരിച്ച കുട്ടിയുടെ മാതാപിതാക്കളുടെയും ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും ഉൾപ്പെടെ പരിശോധന ഫലമാണ് ഇന്നലെ വന്നത്. നിലവില്‍ 406 പേരാണ് സമ്പര്‍ക്കപ്പട്ടികയിലുള്ളത്. ഇതില്‍ 194 പേര് ഹൈറിസ്ക് കാറ്റഗറിയിലാണ്.
ഇവരില്‍ 139 പേര് ആരോഗ്യപ്രവര്‍ത്തകരാണ്. സമ്പര്‍ക്കപ്പട്ടികയിലുള്‍പ്പെട്ട 15 പേരാണ് വിവിധ ആശുപത്രികളിൽ ചികിത്സ തേടിയത്.
14കാരൻ മരിച്ച പാണ്ടിക്കാട്ടും കുട്ടിയുടെ സ്കൂൾ പ്രവർത്തിക്കുന്ന ആനക്കയം പഞ്ചായത്തിലും നിയന്ത്രണങ്ങൾ തുടരുകയാണ്. വ്യാപാര സ്ഥാപനങ്ങൾക്ക് രാവിലെ ഏഴുമുതൽ വൈകീട്ട് അഞ്ചുവരെ പ്രവർത്തിക്കാം.