നിജി ജസ്റ്റിൻ മേയർ ആയത് കെ സി വേണുഗോപാൽ ഗ്രൂപ്പ് നേതാക്കൾക്ക് പണം നൽകിയെന്ന് അഭ്യൂഹം ഉണ്ട്; ആരോപണവുമായി ലാലി
തൃശ്ശൂർ: മേയർ സ്ഥാനാർത്ഥിയായി ഡോ. നിജി ജസ്റ്റിനെ തെരഞ്ഞെടുത്തതുമായി ബന്ധപ്പെട്ട് ഗുരുതര ആരോപണങ്ങളുമായി കോൺഗ്രസ് നേതാവ് ലാലി ജെയിംസ്. നിജി ജസ്റ്റിൻ മേയർ ആയത് പണം നൽകിയാണ് എന്ന അഭ്യൂഹം ഉണ്ടെന്ന ഗുരുതര വെളിപ്പെടുത്തലാണ് ലാലി ജെയിംസ് നടത്തിയത്. കെ സി വേണുഗോപാലിൻ്റെ ഗ്രൂപ്പിൽപ്പെട്ട തൃശ്ശൂർ ജില്ലയിലെ നേതാക്കൾക്കാണ് പണം നൽകിയതെന്നാണ് അഭ്യൂഹമെന്നും ലാലി ജെയിംസ് വെളിപ്പെടുത്തി. മൂന്ന് ദിവസം മുമ്പ് നിജി ജസ്റ്റിനും ഭർത്താവും പെട്ടിയുമായി പോകുന്നത് കണ്ടതായും ആരോപണമുണ്ടെന്ന് ലാലി ജെയിംസ് കൂട്ടിച്ചേർത്തു. മേയർ ആകുന്നതിന് തനിക്ക് തടസ്സമായത് പണം ഇല്ലായ്മ ആണെന്നും ലാലി ജെയിംസ് ആരോപിച്ചു.
വൈറ്റ് കോളറായി കടന്ന് വന്നുവെന്നല്ലാതെ പാർട്ടിയുടെ ഏതെങ്കിലും സമരമുഖങ്ങളിൽ നിജി ജസ്റ്റിൻ ഉണ്ടായിരുന്നോ എന്നും ലാലി ജെയിംസ് റിപ്പോർട്ടറിനോട് പ്രതികരിച്ചു. പാർട്ടി തന്നെ തഴഞ്ഞതിൽ കടുത്ത വേദനയുണ്ടെന്നും ലാലി ജെയിംസ് പ്രതികരിച്ചു. പാർട്ടിയ്ക്ക് വേണ്ടി പതിറ്റാണ്ടുകളായി താൻ സമരമുഖത്ത് സജീവമാണ്. ആദ്യ ടേമിലെങ്കിലും മേയറാകണമെന്ന് ആഗ്രഹം പറഞ്ഞെങ്കിലും പാർട്ടി അത് നിഷേധിച്ചുവെന്നും ലാലി വ്യക്തമാക്കി. പാർട്ടിക്ക് ദോഷമുണ്ടാക്കുന്ന ഒന്നും തൻ്റെ ഭാഗത്ത് നിന്നും ഉണ്ടാകില്ലെന്നും സത്യപ്രതിജ്ഞ ചടങ്ങിൽ പങ്കെടുക്കുമെന്നും ലാലി പറഞ്ഞു. മേയർ തെരഞ്ഞെടുപ്പിനുള്ള പാർട്ടി വിപ്പ് ഇതുവരെ കൈപ്പറ്റിയിട്ടില്ലെന്നും ലാലി കൂട്ടിച്ചേർത്തു.
'മാത്യു കുഴൽനാടൻ എംഎൽഎ നിജി ജസ്റ്റിന് വേണ്ടി സംസാരിച്ചു എന്ന് പറയുന്നു. അവർ യൂത്ത് കോൺഗ്രസിൽ ഒരുമിച്ച് പ്രവർത്തിച്ചു'വെന്നും പറയുന്നു എന്നും ലാലി പ്രതികരിച്ചു. ദീപാ ദാസ് മുൻഷി നിജി ജസ്റ്റിനായി പറഞ്ഞു എന്ന് പറയുമ്പോൾ ഇവിടെ നിന്നാണ് അങ്ങോട്ട് വഴിവെട്ടി കൊടുത്തതെന്നാണ് താൻ മനസ്സിലാക്കുന്നതെന്നും ലാലി വ്യക്തമാക്കി. കെ സി വേണുഗോപാൽ ഗ്രൂപ്പിൻ്റെ ഗ്രൂപ്പ് യോഗം നടക്കുന്നത് നിജിയുടെ വീട്ടിലാണെന്ന് കേട്ടിട്ടുണ്ടെന്നും ലാലി വെളിപ്പെടുത്തി.
നാല് തവണ കൗൺസിലറായി വിജയിച്ച ലാലി ജെയിംസിൻ്റെ പേര് കൗൺസിലർ സ്ഥാനത്തേയ്ക്ക് നേരത്തെ ഉയർന്ന് കേട്ടിരുന്നു. എന്നാൽ ഡോ. നിജി ജസ്റ്റിനെയാണ് കോൺഗ്രസ് മേയർ സ്ഥാനത്തേയ്ക്ക് പരിഗണിച്ചത്. ഇതിന് പിന്നാലെയാണ് ഗുരുതര ആരോപണവുമായി ലാലി ജെയിംസ് രംഗത്തെത്തിയിരിക്കുന്നത്.