ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ചതുമായി ബന്ധപ്പെട്ട കേസിന്റെ പേരില്‍ നിരപരാധികളുടെ വീടുകളില്‍ രാത്രി പൊലീസ് ഭീകരാന്തരീക്ഷം സൃഷ്ടിക്കുന്നു, ശക്തമായ പ്രതിഷേധം ഉയരുമെന്ന് ഡിവൈഎഫ്‌ഐ

'ഇ ഡിയുടെ ജനാധിപത്യവിരുദ്ധ നീക്കത്തിനെതിരെ പ്രതിഷേധിച്ച യുവജനങ്ങള്‍ ഉള്‍പ്പടെയുള്ളവരെ കള്ളക്കേസില്‍ ചുമത്തി വേട്ടയാടാനുള്ള നീക്കത്തെ ഡി വൈ എഫ് ഐ തിരുവനന്തപുരം ജില്ലാ കമ്മിറ്റി ശക്തമായി അപലപിക്കുന്നു

 

ഇനിയും നിയമവിരുദ്ധമായി ഈ നിലയില്‍ അക്രമം സൃഷ്ടിക്കാന്‍ പോലിസ് തുനിഞ്ഞാല്‍ അതിശക്തമായ പ്രതിഷേധം ഉയര്‍ത്തുമെന്നും ഡി വൈ എഫ് ഐ അഭിപ്രായപ്പെട്ടു.

മുന്‍ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായ പിണറായി വിജയന്റെ വീട്ടില്‍ റെയ്ഡ് നടത്തിയ ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ചതുമായി ബന്ധപ്പെട്ട കേസിന്റെ പേരില്‍ നിരപരാധികളുടെ വീടുകളില്‍ രാത്രി പൊലീസ് ഭീകരാന്തരീക്ഷം സൃഷ്ടിക്കുന്നുവെന്ന് ഡി വൈ എഫ് ഐ. പൊലീസ് അതിരുകടക്കുകയാണെന്നും നിരപരാധികളെ കള്ളക്കേസില്‍ കുടുക്കാന്‍ ശ്രമിക്കുന്നത് അവസാനിപ്പിക്കണെന്നും ഡി വൈ എഫ് ഐ തിരുവനന്തപുരം ജില്ലാ കമ്മിറ്റി വാര്‍ത്താക്കുറിപ്പിലൂടെ ആവശ്യപ്പെട്ടു. കഴിഞ്ഞ മൂന്ന് ദിവസമായി നിരപരാധികളുടെ വീടുകളില്‍ രാത്രിയുടെ മറവില്‍ പോലിസ് ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയാണെന്നും ഇനിയും നിയമവിരുദ്ധമായി ഈ നിലയില്‍ അക്രമം സൃഷ്ടിക്കാന്‍ പോലിസ് തുനിഞ്ഞാല്‍ അതിശക്തമായ പ്രതിഷേധം ഉയര്‍ത്തുമെന്നും ഡി വൈ എഫ് ഐ അഭിപ്രായപ്പെട്ടു.

ഡി വൈ എഫ് ഐയുടെ വാര്‍ത്താക്കുറിപ്പ്
ഇ ഡിയുടെ ജനാധിപത്യവിരുദ്ധ നീക്കത്തിനെതിരെ പ്രതിഷേധിച്ച യുവജനങ്ങള്‍ ഉള്‍പ്പടെയുള്ളവരെ കള്ളക്കേസില്‍ ചുമത്തി വേട്ടയാടാനുള്ള നീക്കത്തെ ഡി വൈ എഫ് ഐ തിരുവനന്തപുരം ജില്ലാ കമ്മിറ്റി ശക്തമായി അപലപിക്കുന്നു. നിയമവിരുദ്ധമായ നടപടികളാണ് പൊലീസിന്റെ ഭാഗത്തു നിന്നുണ്ടാവുന്നത്. ഡി വൈ എഫ് ഐ പ്രവര്‍ത്തകരുടെയും നേതാക്കളുടെയും വീടുകളില്‍ കയറി ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയാണ്. പോലീസ് അതിരു കടക്കുകയാണ്, ഇത് അംഗീകരിക്കാനാവില്ല. ഇത്തരം നീക്കങ്ങള്‍ ഉടന്‍ അവസാനിപ്പിക്കണം. ഡി വൈ എഫ് ഐയുടെ ജില്ല നേതാക്കള്‍, മുന്‍ ഡി വൈ എഫ് ഐ നേതാക്കള്‍ ഉള്‍പ്പടെ 25 പേരെയാണ് പോലീസ് അറസ്റ്റ് ചെയ്ത് ജയിലിലടച്ചത്. കഴിഞ്ഞ മൂന്ന് ദിവസമായി നിരപരാധികളുടെ വീടുകളില്‍ രാത്രിയുടെ മറവില്‍ പോലിസ് ഭീകരാന്തരീക്ഷം സൃഷ്ടിക്കുന്നു. ഡി വൈ എഫ് ഐ നേതാക്കളുടെ വീടുകള്‍ തെരഞ്ഞുപിടിച്ച് കയറിയിറങ്ങുന്നു. വീടുകളിലുള്ള ക്യാന്‍സര്‍ രോഗികള്‍, മറ്റ് രോഗ ബാധിതര്‍, വൃദ്ധര്‍, കുട്ടികള്‍, സ്ത്രീകള്‍ എന്നിവരെയടക്കം ഭീഷണിപ്പെടുത്തുന്നു. കേന്ദ്ര സര്‍ക്കാരിന്റെ വേട്ടനായ്ക്കളെ പോലെ ഇ ഡി, ഇന്ത്യയിലെ പ്രമുഖരായ രാഷ്ട്രീയ നേതാക്കളെ വേട്ടയാടുമ്പോള്‍ - വി ഡി സതീശന്‍, ഇ ഡിയുടെ സ്‌പോക് പേഴ്സണായി ഇത്തരം ഹീനകൃത്യങ്ങളെ ന്യായീകരിക്കുന്നു. ഇ ഡിയ്ക്ക് പാദസേവ ചെയ്ത് മോദിയുടെ പ്രീതി പിടിച്ചുപറ്റാനാണ് നീക്കം. ഡി വൈ എഫ് ഐ പ്രവര്‍ത്തകര്‍ ഉള്‍പ്പടെയുള്ള പൊതുപ്രവര്‍ത്തകരുടെ വീടുകളില്‍ ഇനിയും നിയമവിരുദ്ധമായി കടന്നെത്താനും അക്രമം സൃഷ്ടിക്കാനും പോലിസ് തുനിഞ്ഞാല്‍ അതിശക്തമായ പ്രതിഷേധം ഉയര്‍ത്തും. യുവജനങ്ങളെ അണിനിരത്തി രാഷ്ട്രീയവും നിയമപരവുമായ ചെറുത്തു നില്‍പ്പ് നടത്തും. കേന്ദ്ര അന്വേഷണ എജന്‍സികള്‍ ബി ജെ പിയുടെ രാഷ്ട്രീയ ആയുധമായി മാറുമ്പോള്‍ പ്രതിരോധം തുടരുക തന്നെ ചെയ്യും. കള്ളക്കേസും ജയിലറയും കൊണ്ടൊന്നും ജനാധിപത്യ സമരങ്ങളെ ഇല്ലാതാക്കാനുമാവില്ല.