പുതുവര്‍ഷാഘോഷം; സുരക്ഷിത യാത്രയ്ക്ക് എല്ലാ സൗകര്യങ്ങളുമൊരുക്കി വാട്ടര്‍ മെട്രോ

പുതുവര്‍ഷാഘോഷത്തിന് ഫോര്‍ട്ട് കൊച്ചി, മട്ടാഞ്ചേരി എന്നിവിടങ്ങളിലേക്ക് എത്തുന്നവര്‍ക്ക് ഏറ്റവും സുരക്ഷിത യാത്രയ്ക്കുള്ള സജ്ജീകരണങ്ങള്‍ വാട്ടര്‍ മെട്രോ ടെര്‍മിനലുകളില്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ജില്ലാ ഭരണകൂടത്തിന്റെ നിര്‍ദേശ പ്രകാരം രാത്രി ഏഴുമണിവരെയാണ് ഫോര്‍ട്ട് കൊച്ചി, മട്ടാഞ്ചേരി, വൈപ്പിന്‍ ഭാഗത്തേക്ക് സര്‍വ്വീസ് അനുവദിച്ചിരിക്കുന്നത്. 
 

കൊച്ചി : പുതുവര്‍ഷാഘോഷത്തിന് ഫോര്‍ട്ട് കൊച്ചി, മട്ടാഞ്ചേരി എന്നിവിടങ്ങളിലേക്ക് എത്തുന്നവര്‍ക്ക് ഏറ്റവും സുരക്ഷിത യാത്രയ്ക്കുള്ള സജ്ജീകരണങ്ങള്‍ വാട്ടര്‍ മെട്രോ ടെര്‍മിനലുകളില്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ജില്ലാ ഭരണകൂടത്തിന്റെ നിര്‍ദേശ പ്രകാരം രാത്രി ഏഴുമണിവരെയാണ് ഫോര്‍ട്ട് കൊച്ചി, മട്ടാഞ്ചേരി, വൈപ്പിന്‍ ഭാഗത്തേക്ക് സര്‍വ്വീസ് അനുവദിച്ചിരിക്കുന്നത്. 

രാത്രി 12 മുതല്‍ പുലര്‍ച്ചെ നാലുവരെ മട്ടാഞ്ചേരി-ഹൈക്കോര്‍ട്ട് റൂട്ടിലും വൈപ്പിന്‍-ഹൈക്കോര്‍ട്ട് റൂട്ടിലും സര്‍വ്വീസ് ഉണ്ടാകും. രാത്രി 12 മണി മുതല്‍ എല്ലാ യാത്രക്കാരെയും ഈ റൂട്ടുകളില്‍ എത്തിക്കാനുള്ള ക്രമീകരണം ചെയ്തിട്ടുണ്ട്. അധിക ടിക്കറ്റ് കൗണ്ടറുകളും സജ്ജമാക്കിയിട്ടുണ്ട്. തിരക്ക് നിയന്ത്രിക്കാനായി സുരക്ഷാ ജീവനക്കാരെയും അധികമായി ടെര്‍മിനലുകളില്‍ നിയോഗിച്ചിട്ടുണ്ട്. പോലീസ് സേവനവും ടെര്‍മിനലുകളില്‍ ഉണ്ടാകും.

പുലർച്ചെ നാല് മണി വരെയാണ് സർവ്വീസ് നിശ്ചയിച്ചിരിക്കുന്നത് എങ്കിലും അവസാനത്തെ യാത്രക്കാരനെ വരെ ഹൈകോർട്ട് ജംക്ഷൻ ടെർമിനൽ എത്തിക്കുന്നതുവരെ സർവീസ് തുടരുമെന്ന് കൊച്ചി വാട്ടർ മെട്രോ അറിയിച്ചു. അതുകൊണ്ട് യാത്രക്കാർ തിരക്കുകൂട്ടാതെ അച്ചടക്കത്തോടെ ക്യൂ പാലിക്കുകയും സുരക്ഷാ ഉദ്യോഗസ്ഥരുടെ നിർദേശങ്ങൾ പാലിക്കുകയും ചെയ്യണമെന്ന് കൊച്ചി വാട്ടർ മെട്രോ അഭ്യർത്ഥിച്ചു.