കളിയിലൂടെ പഠനം ;  ഭിന്നശേഷിക്കാര്‍ക്ക് പഠനം ലളിതമാക്കാന്‍ ഇനി പുതിയ സോഫ്റ്റ്‌വേര്‍

പൊതുവിദ്യാലയങ്ങളിലെ ഭിന്നശേഷി കുട്ടികളുടെ പഠനം ലളിതമാക്കാന്‍ പുതിയ സോഫ്റ്റ്‌വേര്‍ ഒരുങ്ങുന്നു . ഇതിനായി പ്രശസ്ത സ്വതന്ത്ര സോഫ്റ്റ്‌വേര്‍ സംരംഭമായ ജികോംപ്രിസിന്റെ സഹകരണത്തോടെ പ്രത്യേക ഐടി ഉള്ളടക്കം വികസിപ്പിക്കാന്‍ പൊതുവിദ്യാഭ്യാസ വകുപ്പിനു കീഴിലെ 'കൈറ്റ്' തയ്യാറെടുപ്പ് തുടങ്ങി.
 


പൊതുവിദ്യാലയങ്ങളിലെ ഭിന്നശേഷി കുട്ടികളുടെ പഠനം ലളിതമാക്കാന്‍ പുതിയ സോഫ്റ്റ്‌വേര്‍ ഒരുങ്ങുന്നു . ഇതിനായി പ്രശസ്ത സ്വതന്ത്ര സോഫ്റ്റ്‌വേര്‍ സംരംഭമായ ജികോംപ്രിസിന്റെ സഹകരണത്തോടെ പ്രത്യേക ഐടി ഉള്ളടക്കം വികസിപ്പിക്കാന്‍ പൊതുവിദ്യാഭ്യാസ വകുപ്പിനു കീഴിലെ 'കൈറ്റ്' തയ്യാറെടുപ്പ് തുടങ്ങി.

കാഴ്ച, കേള്‍വി പരിമിതര്‍ക്കുവേണ്ടിയുള്ള ദൃശ്യ-ശ്രവണ പഠനരീതി നിലവിലുണ്ടെങ്കിലും ബൗദ്ധികവെല്ലുവിളി നേരിടുന്നവരെ പഠിപ്പിക്കല്‍ ദുഷ്‌കരമാണ്. ഇതു ലളിതമാക്കാനാണ് ഹൈസ്‌കൂള്‍വരെയുള്ള ക്ലാസുകളിലെ കുട്ടികള്‍ക്ക് കംപ്യൂട്ടര്‍ ഗെയിമുകളിലൂടെ പഠനം സാധ്യമാക്കാനായി സവിശേഷ സോഫ്റ്റ്‌വേര്‍ ഒരുക്കുന്നത്.

സ്വതന്ത്ര സോഫ്റ്റ്‌വേര്‍ രംഗത്തെ പ്രമുഖനായ ഫ്രഞ്ച് ഗ്രാഫിക്‌സ് ആര്‍ട്ടിസ്റ്റ് ടിമോത്തെ ജിയറ്റ് ഈയിടെ കേരളം സന്ദര്‍ശിച്ചിരുന്നു. അപ്പോള്‍ നടത്തിയ കൂടിക്കാഴ്ചയിലാണ് കേരള സിലബസിന് അനുയോജ്യമായ രീതിയില്‍ സോഫ്റ്റ്‌വേര്‍ വികസിപ്പിക്കാന്‍ ജി-കോംപ്രിസിന്റെ സഹകരണം ഉറപ്പായതെന്ന് കൈറ്റ് സിഇഒ കെ. അന്‍വര്‍ സാദത്ത് പറഞ്ഞു.

പ്രൈമറി ക്ലാസുകാര്‍ക്കായി കൈറ്റ് തയ്യാറാക്കിയ 'കളിപ്പെട്ടി'-ഐടി പാഠപുസ്തകത്തില്‍ അവലംബിച്ചിട്ടുള്ളത് ജികോംപ്രിസ് സോഫ്റ്റ്‌വേറാണ്. രണ്ടുമുതല്‍ 10 വരെ പ്രായമുള്ള കുട്ടികള്‍ക്ക് അക്കം, അക്ഷരം, ശാസ്ത്രം, ഭൂമിശാസ്ത്രം, വായന തുടങ്ങിയ വിവിധശേഷികള്‍ കളികളിലൂടെ പഠിപ്പിക്കാന്‍ പര്യാപ്തമാണ് ഇരുനൂറോളം ഗെയിമുകളുള്ള ജികോംപ്രിസ് സോഫ്റ്റ്‌വേര്‍.

ഒന്നുമുതല്‍ 10 വരെ ക്ലാസുകളിലെ പാഠഭാഗങ്ങള്‍ ഓരോ കുട്ടിയുടെയും ശേഷിയനുസരിച്ച് പഠിക്കാന്‍പാകത്തില്‍ വിവിധ കളികളിലൂടെ രൂപകല്പനചെയ്തതാണ് പുതിയ പദ്ധതി. ക്ലാസ് മുറിയില്‍ ഇന്റര്‍നെറ്റ് ആവശ്യമില്ലാതെ പഠിപ്പിക്കാമെന്നതാണ് ഈ സോഫ്റ്റ്‌വേറിന്റെ പ്രത്യേകത.

സവിശേഷതകള്‍

    ചെറിയ അക്കങ്ങള്‍ മാത്രം നല്‍കിയുള്ള ഗണിതഗെയിം വഴി കുട്ടിയുടെ ബുദ്ധിമുട്ട് മനസ്സിലാക്കി പഠനപ്രവര്‍ത്തനങ്ങള്‍ ക്രമീകരിക്കാന്‍ അധ്യാപകരെ സഹായിക്കും
    ബേബി മൗസ് പോലുള്ള ലളിതമായ പ്രവര്‍ത്തനങ്ങള്‍ കൈയും കണ്ണും തമ്മിലുള്ള ഏകോപനം എളുപ്പമാക്കും
    അക്ഷരങ്ങളും അക്കങ്ങളും ടൈപ്പ് ചെയ്യാനുള്ള ഗെയിമുകള്‍
    ഗണിതക്രിയ, ശബ്ദം, ചിത്രം എന്നിവ പൊരുത്തപ്പെടുത്തുന്ന കളികള്‍
    വാക്കുകളെക്കുറിച്ചുള്ള അറിവിന് 'നഷ്ടപ്പെട്ട അക്ഷരം' കണ്ടെത്തുന്ന കളികള്‍
    പല ഭാഷകളിലുള്ള ദൃശ്യ-ശ്രാവ്യ ഉള്ളടക്കം ഉപയോഗിക്കാവുന്ന സാങ്കേതിക പിന്തുണ