കാർഷിക സംസ്കാരം അടുത്തറിയാൻ പുതിയ വേദി !! കരിമ്പം ഫാമിൽ വരൂ, കണ്ടറിയാം കൃഷിയുടെ പാഠങ്ങൾ ,  ഫാം ടൂറിസം  ഉദ്ഘാടനം ചെയ്ത് എം വി ഗോവിന്ദൻ എംഎൽഎ

ഒരുകോടി രൂപ ചെലവഴിച്ച്‌ കരിമ്പം ജില്ലാ കൃഷിത്തോട്ടത്തിൽ നടപ്പാക്കിയ കരിമ്പം ഫാം ടൂറിസം പദ്ധതി  എം വി ഗോവിന്ദൻ എംഎൽഎ ഉദ്‌ഘാടനംചെയ്‌തു. കാർഷിക സംസ്കൃതിയെ അറിയാനും പഠിക്കാനുമുള്ള പദ്ധതിയാണിതെന്ന് എംഎൽഎ പറഞ്ഞു.

 

 തളിപ്പറമ്പ് :  ഒരുകോടി രൂപ ചെലവഴിച്ച്‌ കരിമ്പം ജില്ലാ കൃഷിത്തോട്ടത്തിൽ നടപ്പാക്കിയ കരിമ്പം ഫാം ടൂറിസം പദ്ധതി  എം വി ഗോവിന്ദൻ എംഎൽഎ ഉദ്‌ഘാടനംചെയ്‌തു. കാർഷിക സംസ്കൃതിയെ അറിയാനും പഠിക്കാനുമുള്ള പദ്ധതിയാണിതെന്ന് എംഎൽഎ പറഞ്ഞു. ഫാമിന്റെ ഭൂപ്രകൃതി പരമാവധി പ്രയോജനപ്പെടുത്തിയുള്ള പദ്ധതിയിൽ ഫാം നടന്നു കാണാൻ കൈവരികളോടുകൂടിയ, കല്ലുപാകിയ നടപ്പാതയും ഇരിപ്പിടങ്ങളുമുണ്ട്‌.  ഡോർമിറ്ററി, ശുചിമുറി എന്നിവ അനുബന്ധമായുണ്ട്‌. നിലവിലെ പ്രവേശനകവാടം ആകർഷകമാക്കിയതിനൊപ്പം ഓപ്പൺ എയർ ഓഡിറ്റോറിയവും നിർമിച്ചു. 

ഭാവിയിൽ ഇവിടെ ഫാമിനെ അറിയാനും കാർഷിക പരീക്ഷണങ്ങൾക്കും അവയുടെ പ്രദർശനത്തിനും ഡിജിറ്റൽ സാങ്കേതിക മികവോടെ യുള്ള പ്രദർശനവുമൊരുക്കാനാകും. സഹവാസക്യാമ്പുകളുൾപ്പെടെ നടത്താനാകുംവിധമാണ്‌ രൂപകൽപ്പന.  പദ്ധതിയുടെ ഭാഗമായി നിർമിച്ച ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ കരിമ്പം ഫാമിൽ തയ്യാറാക്കിയ കുത്തരി ‘കരിമ്പം റൈസ്’ ലോഞ്ചിങ് എം എൽഎ നിർവഹിച്ചു.  ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്‌ ബിനോയ് കുര്യൻ അധ്യക്ഷനായി.  ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ എ പ്രദീപൻ, രജനി മോഹൻ, ബ്ലോക്ക്‌ പഞ്ചായത്തംഗങ്ങളായ പി കെ കുഞ്ഞിരാമൻ, പി മാധവൻ, പഞ്ചായത്തംഗങ്ങളായ പി അശോകൻ, വി വി ചന്ദ്രമതി, പി വി രാജൻ,  പൊതുമരാമത്ത് അസി. എൻജിനീയർ  കെ ആശിഷ്‌കുമാർ , ഐ വി നാരായണൻ, വേലിക്കാത്ത്‌ രാഘവൻ, എം വി പ്രേമരാജൻ, പി എ ഇസ്‌മയിൽ എന്നിവർ സംസാരിച്ചു. കുറുമാത്തൂർ പഞ്ചായത്ത് പ്രസിഡന്റ്‌   എസ് പി രമേശൻ സ്വാഗതവും ഫാം സൂപ്രണ്ട്‌ കെ പി രസ്‌ന നന്ദിയും പറഞ്ഞു.